-->
കൊച്ചി: ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്‌ഠയുമായി ബന്ധപ്പെട്ടു പുതിയ എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.). ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ അനുമതി തേടും. പഴയ കൊടിമരം മാറ്റി പുതിയതു സ്‌ഥാപിച്ചതിലും അഴിമതി നടന്നെന്ന വിവരത്തേതുടര്‍ന്നാണിത്.
വാജിവാഹനം വിഷയത്തില്‍ എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനൊപ്പമാകും കൊടിമരകേസിലും അന്വേഷണം. രണ്ടാഴ്‌ചകൂടി കഴിഞ്ഞാല്‍, റിമാന്‍ഡില്‍ 90 ദിവസം പൂര്‍ത്തിയാക്കുന്ന പ്രതികള്‍ക്കു സ്വാഭാവിക ജാമ്യം ലഭിക്കുന്നതിനു തടയിടാനുമാകും.
2014 ജൂണ്‍ 18 നാണു ദേവപ്രശ്‌നത്തിലൂടെ കൊടിമരം പുനഃപ്രതിഷ്‌ഠിക്കാന്‍ തീരുമാനിച്ചത്. 1970 കളില്‍ സ്‌ഥാപിക്കുന്ന സമയത്തു സ്വര്‍ണം പൊതിഞ്ഞ പില്ലറുകള്‍ പൂര്‍ണമായും പുതിയ സ്വര്‍ണത്തിലേക്കു മാറ്റുകയും ചെയ്‌തു. കൊടിമരത്തിനായി 3.2 രണ്ടുകോടി രൂപ ഫിനിക്‌സ് ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്‌തിരുന്നു. എന്നാല്‍ അതുകൂടാതെ സ്വര്‍ണപ്പിരിവും പണപ്പിരിവും നടത്തി. എന്നാല്‍ ഈ പിരിവുകളുടെ കണക്കുകളും രേഖകളും ലഭ്യമല്ല. കൊടിമര പുനഃപ്രതിഷ്‌ഠയുമായി ബന്ധപ്പെട്ട അന്നത്തെ രേഖകളും ഫയലുകളും എസ്.ഐ.ടി. വിശദമായി പരിശോധിച്ചുവരികയാണ്. കൊടിമരം മാറ്റുന്ന സമയത്ത് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്‌ഥരെ അന്വേഷണ സംഘം വീണ്ടും ചോദ്യംചെയ്യും.
പ്രമുഖ സിനിമാതാരങ്ങളില്‍ നിന്നടക്കം കോടിക്കണക്കിനു രൂപ കൊടിമരത്തിനായി പിരിച്ചുവെന്നു നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്‌പോണ്‍സര്‍ ചെയ്‌തത് മറച്ചുവച്ചിട്ടാണു അന്നത്തെ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്‌ണനും ബോര്‍ഡംഗം അജയ് തറയിലും ഭരണസമിതി തലപ്പത്തുണ്ടായ കാലത്ത് പണപ്പിരിവ് നടത്തിയതെന്നാണു ആരോപണം.
'കൊടിമരത്തിനുമേല്‍ അനര്‍ഹമായ വിധത്തില്‍ ലേപനക്രിയ ചെയ്‌തിരിക്കുന്നതു ദോഷമാണ്, ജീര്‍ണതാ ലക്ഷണവുമുണ്ട്. ആകയാല്‍ പൂര്‍ണമായും ഉത്തമമായ തടികൊണ്ടുള്ള നൂതനധ്വജം പ്രതിഷ്‌ഠിക്കേണ്ടതാണ്' എന്നായിരുന്നു ദേവപ്രശ്‌നത്തില്‍ പറഞ്ഞത്. എന്നാല്‍ കൊടിമരം പൊളിച്ചു മാറ്റുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ ഒന്നും കണ്ടിരുന്നില്ല. പിന്നാലെ അമൂല്യമായ വാജിവാഹനവും അഷ്‌ടദിക്‌പാലകരെയും പഴയതതില്‍ നിന്നു മാറ്റി. എസ്.ഐ.ടി. പരിശോധനയിലാണു പെയിന്റ് അടിച്ച രൂപത്തില്‍ പൊതിഞ്ഞ രീതിയിലുള്ള അഷ്‌ടദിക് പാലകരെ സ്‌ട്രോങ് റൂമില്‍ നിന്നു കിട്ടുന്നത്.
അതേസമയം, ക്ഷേത്രങ്ങളിലെ പഴയ വസ്‌തുക്കള്‍ ദേവസ്വം സ്വത്തായി സൂക്ഷിക്കണമെന്നും ആര്‍ക്കും കൊണ്ടുപോകാന്‍ അവകാശമില്ലെന്നും 2012 സെപ്‌തംബര്‍ 17 നു ദേവസ്വം കമ്മിഷണര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇതു മറികടന്നാണു 2017 ല്‍ ബോര്‍ഡ് പ്രസിഡന്റായിരുന്ന പ്രയാര്‍ ഗോപാലകൃഷ്‌ണനും അംഗമായിരുന്ന അജയ് തറയിലും ചേര്‍ന്നു വാജിവാഹനം തന്ത്രിക്കു നല്‍കിയത്.
പഞ്ചലോഹത്തില്‍ നിര്‍മിച്ചു തങ്കം പൊതിഞ്ഞ 11 കിലോ ഭാരമുള്ള വാജിവാഹനം തന്ത്രി കണ്‌ഠര് രാജീവരുടെ വീട്ടിലെ റെയ്‌ഡില്‍ പിടിച്ചെടുത്തിരുന്നു. ഹൈദരാബാദിലെ വ്യവസായിയുടെ കൈവശമായിരുന്ന വാജിവാഹനം വിവാദമായതോടെ തന്ത്രി തിരിച്ചു വാങ്ങുകയായിരുന്നു.
ജെബി പോള്‍