Thursday, March 12, 2026 Last Updated 34 Min 16 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Friday 23 Jan 2026 11.33 PM

പാര്‍ട്ടി പരിപാടിയില്‍ പേരുപോലും പരാമര്‍ശിക്കാതെ രാഹുല്‍; അവഗണിച്ചതില്‍ അസ്വസ്‌ഥന്‍; തെരഞ്ഞെടുപ്പ്‌ തന്ത്രം ചര്‍ച്ചചെയ്യാനുള്ള യോഗത്തില്‍നിന്ന്‌ വിട്ടുനിന്ന്‌ തരൂര്‍

uploads/news/2026/01/822272/in1.jpg

ന്യൂഡല്‍ഹി: സംസ്‌ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വം വിളിച്ച യോഗത്തില്‍നിന്ന്‌ വിട്ടുനിന്ന്‌ ശശി തരൂര്‍ എം.പി. മുമ്പു നടന്ന പാര്‍ട്ടി പരിപാടിയില്‍ രാഹുല്‍ ഗാന്ധി അവഗണിച്ചതില്‍ അസ്വസ്‌ഥനാണെന്ന വാര്‍ത്ത അന്തരീക്ഷത്തിലുള്ളപ്പോഴാണ്‌ അദ്ദേഹത്തിന്റെ ഒഴിവാകല്‍. കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെ യോഗം പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണു വിളിച്ചുചേര്‍ത്തത്‌.

രാഹുല്‍ ഗാന്ധിയും കെ.സി. വേണുഗോപാലും പങ്കെടുത്ത യോഗത്തിലേക്ക്‌ കെ.പി.സി.സി. പ്രസിഡന്റ്‌ സണ്ണി ജോസഫ്‌, പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്‍, കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതി അംഗങ്ങള്‍, മുന്‍ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല, ശശി തരൂര്‍ എന്നിവര്‍ക്കായിരുന്നു ക്ഷണം. അതേസമയം കോഴിക്കോട്‌ സാഹിത്യോത്സവത്തില്‍ തരൂരിന്റെ രണ്ടു പുസ്‌തകങ്ങള്‍ പ്രകാശനം ചെയ്യുന്നതിനാലാണ്‌ അദ്ദേഹം യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പുസ്‌തകമുള്‍പ്പെടെ പ്രകാശനം ചെയ്യുന്നതിനാല്‍ വരാനാവില്ലെന്നു തരൂര്‍ തന്നെ അറിയിച്ചതായും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെ അനുമോദിക്കാന്‍ 19 ന്‌ കൊച്ചിയില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ രാഹുല്‍ ഗാന്ധി അവഗണിച്ചത്‌ തരൂരിനെ അസ്വസ്‌ഥതപ്പെടുത്തിയതായി അദ്ദേഹത്തോട്‌ അടുത്ത വൃത്തങ്ങള്‍ പറയുന്നു. പരിപാടിയില്‍ തരൂരിന്റെ പേര്‌ പരാമര്‍ശിക്കാന്‍പോലും രാഹുല്‍ തയാറായിരുന്നില്ല.
കോണ്‍ഗ്രസ്‌ യോഗത്തില്‍നിന്നു വിട്ടുനിന്നെങ്കിലും കോഴിക്കോട്‌ നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ ശശി തരൂര്‍ പങ്കെടുത്തു. പ്രശസ്‌ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്‌ദി അദ്ദേഹവുമായും മാനസി സുബ്രഹ്‌മണ്യവുമായും സംസാരിക്കുന്ന പരിപാടി സാഹിത്യോത്സവത്തിന്റെ ഭാഗമായിരുന്നു. ഇന്നും ഈ പരിപാടിയില്‍ അദ്ദേഹത്തിനു രണ്ട്‌ സെഷനുകളുണ്ട്‌.
വയനാട്ടില്‍ നടന്ന സമ്മേളനത്തെത്തുടര്‍ന്ന്‌ തെരഞ്ഞെടുപ്പുകളെ ഐക്യത്തോടെ നേരിടാന്‍ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ യോഗത്തില്‍ മുതിര്‍ന്ന പാര്‍ട്ടിനേതാക്കള്‍ തരൂരുമായി ചര്‍ച്ച നടത്തിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ്‌ ഇതേത്തുടര്‍ന്ന്‌ അദ്ദേഹം വ്യക്‌തമാക്കിയത്‌. എന്നാല്‍ നാലു തവണ എം.പിയായ അദ്ദേഹത്തിന്‌ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയാകാന്‍ അഭിലാഷമുണ്ടെന്നു വിശ്വസിക്കുന്നവര്‍ ഏറെയാണ്‌.
കോണ്‍ഗ്രസ്‌ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന തരൂരിന്റെ വിവിധ വിഷയങ്ങളിലുള്ള അഭിപ്രായങ്ങളും നിലപാടുകളും പാര്‍ട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്‌. പഹല്‍ഗാം ഭീകരാക്രമണത്തിലും ഓപ്പറേഷന്‍ സിന്ദൂറിലും മോദി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചുകൊണ്ട്‌ അദ്ദേഹം പാര്‍ട്ടി നിലപാട്‌ ലംഘിച്ചത്‌ ഏറെ ചര്‍ച്ചയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW