-->
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. പുത്തൂര്‍ പള്ളിക്കല്‍ സ്വദേശി വി ശിവദാസന്‍റെ മകന്‍ ആദര്‍ശ് (17) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 27-ന് കൊണ്ടോട്ടി - കൊളപ്പുറം റോഡിലെ കുന്നുംപുറം മുല്ലപ്പടിയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുമായി ദീര്‍ഘകാലം ചികിത്സയിലായിരുന്നു ആദർശ്. തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. ആദര്‍ശിന്റെ വിയോഗത്തോടെ മുല്ലപ്പടി അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.
അപകടത്തില്‍ തകര്‍ന്നുപോയ ജീപ്പ് വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ വിദ്യാര്‍ത്ഥികളെ പുറത്തെടുത്തത്. കൂടെയുണ്ടായിരുന്ന ഹാഷിം, ഷമീം, ഫഹദ് എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ആദര്‍ശിന് തലയ്ക്കും ശരീരത്തിനും ഗുരുതരമായ പരിക്കുകള്‍ ഏറ്റിരുന്നു. മൂന്ന് മാസത്തോളം നീണ്ട ചികിത്സയ്ക്ക് ശേഷം ആദര്‍ശും മരണത്തിന് കീഴടങ്ങുകയായിരുന്നു.