-->
ഭാര്യ നമ്രത ശിരോദ്കറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ മഹേഷ് ബാബു. നമ്രതയുടെ ചിതം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു നടന്റെ ആശംസ. ‘ജന്മദിനാശംസകള്‍ എന്‍എസ്ജി, എല്ലാം ഇത്രയധികം കൃപയോടും സ്നേഹത്തോടും കൂടി ഒരുമിച്ച് നിര്‍ത്തിയതിന് നന്ദി, ഇതില്‍ കൂടുതല്‍ ഒന്നും ചോദിക്കാന്‍ കഴിയില്ല’ എന്നാണ് മഹേഷ് ബാബു കുറിച്ചത്.
പ്രിയതമന്റെ ആശംസകയ്ക്ക് കമന്റുമായി നമ്രതയും എത്തിയിരുന്നു. ‘എന്റെ ജീവിതം ഇത്രമനോഹരമാക്കിയതിന് നിങ്ങളോട് സ്‌നേഹം കൂടുതല്‍ സ്‌നേഹം’ എന്നായിരുന്നു നമ്രത കുറിച്ചത്. ആരാധകരും നമ്രതയ്ക്ക് ആശംസകള്‍ അറിയിച്ചെത്തുന്നുണ്ട്.
നമ്രതയുടെ 54 ാം ജന്മദിനമായിരുന്നു ഇന്നലെ. നടിയും പ്രമുഖ മോഡലുമായിരുന്ന നമ്രത 1993 ലെ മിസ് ഇന്ത്യ പട്ടം നേടിയിരുന്നു. ഹിന്ദി, തെലുങ്ക്, കന്നട ചിത്രങ്ങളിലാണ് താരം കൂടുതല്‍ തിളങ്ങിയത്.
മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം എഴുപുന്ന തരകന്‍ എന്ന ചിത്രത്തിലും നമ്രത അഭിനയിച്ചിട്ടുണ്ട്. 2000ല്‍ വംശി എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് മഹേഷ് ബാബുവും നമ്രത കണ്ടുമുട്ടുന്നത്.
നീണ്ട അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരായി. വിവാഹത്തിന് ശേഷം സിനിമ കരിയര്‍ ഉപേക്ഷിച്ച താരം പിന്നീട് മഹേഷ് ബാബുവിനൊപ്പം പൊതുവേദികള്‍ എത്താറുണ്ട്. ഗൗതം, സിതാര എന്നിങ്ങനെ രണ്ടു മക്കളാണ് ഇവര്‍ക്കുളളത്.
അതേസമയം ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്ടുകളില്‍ ഒന്നായ എസ്.എസ് രാജമൗലിയുടെ വാരണാസിയാണ് മഹേഷ് ബാബുവിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ പ്രിയങ്ക ചോപ്രയും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.