-->
റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്ന നാട്ടില്‍ അതു നിയന്ത്രിക്കാനുള്ള എല്ലാ ശ്രമങ്ങളും സ്വാഗതാര്‍ഹമാണ്. ഗതാഗത സുരക്ഷ വര്‍ധിപ്പിക്കാനും നിയമലംഘനങ്ങള്‍ കുറയ്‌ക്കാനും ലക്ഷ്യമിട്ടാണ് മോട്ടോര്‍ വാഹന നിയമത്തില്‍ കേന്ദ്രം ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ചോ അതിലധികമോ ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയാല്‍ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമഭേദഗതി നാടിന്റെ ഗതാഗത സംസ്‌കാരത്തിനു മാറ്റമുണ്ടാക്കുമെന്നാണു പ്രതീക്ഷ.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏകദേശം 4.88 ലക്ഷം റോഡ് അപകടങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ഒന്നേമുക്കാല്‍ ലക്ഷം ആളുകളുടെ ജീവന്‍ നിരത്തില്‍ പൊലിഞ്ഞു. അഞ്ചുലക്ഷത്തോളം ആളുകള്‍ക്കു പരുക്കേറ്റു. കേരളത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം 49,801 റോഡപകടങ്ങളുണ്ടായെന്നാണ് കണക്ക്. 3,725 പേര്‍ മരിക്കുകയും ചെയ്‌തു. അമിത വേഗത, വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധക്കുറവ്, മദ്യപിച്ചശേഷമുള്ള ഡ്രൈവിങ്, മോശം റോഡുകള്‍ എന്നിവയാണ് പലപ്പോഴും അപകടത്തിനു പ്രധാന കാരണമാകുന്നത്. ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയും നിയമം കൂടുതല്‍ കര്‍ശനമാക്കിയും റോഡ് അപകടങ്ങള്‍ കുറയ്‌ക്കാനുള്ള ശ്രമം കേന്ദ്രനീക്കത്തിലുണ്ട്.
വാഹനമോടിക്കുന്നവര്‍ അതീവജാഗ്രത പാലിക്കേണ്ടതു സ്വന്തം കാര്യത്തിനു മാത്രമല്ല. നിയമങ്ങള്‍ പാലിച്ച് റോഡിലൂടെ സഞ്ചരിക്കുന്നവരേയും കുഴപ്പത്തിലാക്കാന്‍ ഇവരുടെ പിഴവുകള്‍ കാരണമാകാം. അതീവ ഗുരുതരമായ നിയമലംഘനങ്ങള്‍ക്കു മാത്രമായിരുന്നു ഇതുവരെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കിയിരുന്നത്. പുതിയ നിയമഭേദഗതി അനുസരിച്ച് ചെറിയ നിയമലംഘനങ്ങള്‍ പോലും ആവര്‍ത്തിക്കപ്പെട്ടാല്‍ കര്‍ശന നടപടി നേരിടേണ്ടിവരും. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അഞ്ചുതവണ പിഴ അടയ്‌ക്കേണ്ടിവരുന്ന നിയമലംഘനം നടത്തുകയാണെങ്കില്‍ അയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെടാം. ഒരുപക്ഷേ ലൈസന്‍സ് പൂര്‍ണമായും റദ്ദാക്കുന്നതിലേക്കു കാര്യങ്ങള്‍ എത്തിക്കുകയും ചെയ്യാം. ആവര്‍ത്തിക്കുന്ന നിയമലംഘനങ്ങള്‍ തടയുകയും റോഡ് സുരക്ഷ വര്‍ധിപ്പിക്കുകയുമാണു മുഖ്യലക്ഷ്യം. വേഗപരിധിക്കുള്ളില്‍ വാഹനമോടിക്കുന്നതില്‍ ഡ്രൈവര്‍മാര്‍ നല്‍കുന്ന ശ്രദ്ധ, നിരത്തുകള്‍ അപകടരഹിതമാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുക തന്നെ ചെയ്യും. അതുപോലെതന്നെ, മദ്യം ഉള്‍പ്പെടെ ലഹരിവസ്‌തുക്കള്‍ ഉപയോഗിച്ചശേഷമുള്ള ഡ്രൈവിങ്ങിനു പിടിവീഴുകതന്നെ വേണം.
ടോള്‍ പിരിവ് ചട്ടങ്ങളും കേന്ദ്രം കര്‍ശനമാക്കിയിരിക്കുന്നു. ടോള്‍ കുടിശികയുള്ള വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഉടമസ്‌ഥാവകാശ കൈമാറ്റം, നാഷണല്‍ പെര്‍മിറ്റ് തുടങ്ങിയ പ്രധാന സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കില്ലെന്നാണു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പുതിയ ഭേദഗതി. ഇതിനായി കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ മാറ്റം വരുത്തി 'സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സ് 2026' വിജ്‌ഞാപനം ചെയ്യുകയും ചെയ്‌തു. ഫാസ്‌ടാഗ് വഴിയുള്ള ടോള്‍ പിരിവ് കൂടുതല്‍ കാര്യക്ഷമമാക്കാനും കുടിശിക വരുത്തി ടോള്‍ പ്ലാസകള്‍ വെട്ടിച്ചു പോകുന്ന പ്രവണത തടയുകയുമാണു ലക്ഷ്യം. വാഹന കൈമാറ്റത്തിന് അപേക്ഷിക്കുന്നവര്‍ കുടിശികയില്ലെന്നു കാണിക്കുന്ന സത്യവാങ്‌മൂലം സമര്‍പ്പിക്കേണ്ടിവരുന്നതും ടോള്‍ പിരിവ് വര്‍ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടല്‍.
നിയമങ്ങള്‍ പാലിക്കാത്തതുകൊണ്ടാണ് ഇന്ത്യയില്‍ ഇത്രയധികം അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നു പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുള്ള കാര്യമാണ്. റോഡ് അപകടങ്ങളില്‍ അമ്പത് ശതമാനത്തോളമെങ്കിലും കുറവ് ലക്ഷ്യമിട്ടാണു ഗതാഗത മന്ത്രാലയത്തിന്റെ നീക്കങ്ങളത്രയും. കൂടാതെ, നിയമങ്ങള്‍ പാലിക്കപ്പെടുന്നതോടെ അപകടങ്ങള്‍ കുറയ്‌ക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കഴിയുമെന്നും പ്രതീക്ഷിക്കുന്നു. ഡ്രൈവര്‍മാര്‍ക്ക് അച്ചടക്കവും ഉത്തരവാദിത്തവും ഉണ്ടാകണമെങ്കില്‍ പിഴകളും പരിശോധനകളും കൂടുതല്‍ കര്‍ശനമാക്കണമെന്ന വിലയിരുത്തലാണുള്ളത്.