-->
അങ്ങനെ വീണ്ടും ഒരു ഇടവേളയ്‌ക്കുശേഷം ഐക്യപ്പെടാന്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിക്കും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിക്കും ഉണ്ടായ അതിയായ ആഗ്രഹം സഫലമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിക്കല്‍നിന്നുള്ള ഇവരുടെ കെട്ടിപ്പിടിത്തത്തിന് സംവരണം, സാമൂഹിക നീതി തുടങ്ങി ഇരു സമുദായങ്ങളെയും ഒരുപോലെ ബാധിക്കുന്ന എന്തെങ്കിലും ഗൗരവമുള്ള വിഷയങ്ങള്‍ ഒന്നും ഇല്ലെന്ന് സാമാന്യ വിവരമുള്ള മലയാളികള്‍ക്ക് എല്ലാം മനസിലായിട്ടുണ്ട്.
പിന്നെന്തേ പെട്ടെന്ന് ഈ ഉള്‍വിളി എന്നു ചോദിച്ചാല്‍ തങ്ങളെ വ്യക്‌തിപരമായും കുടുംബപരമായും ബാധിക്കുന്ന ചില ഗുരുതര വിഷയങ്ങളില്‍ സംരക്ഷിച്ചു നിര്‍ത്തുന്ന പിണറായി വിജയന്‍ ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രിയായി ഭരണത്തില്‍ തുടരണം. അതിന് ഹൈന്ദവരുടെ മുഴുവന്‍ പിന്തുണ സമാഹരിച്ചു നല്‍കണം. സാധാരണഗതിയില്‍ ഈ സമുദായ നേതാക്കള്‍ പറയുന്നിടത്തോ ഇവരുടെ താത്‌പര്യമനുസരിച്ചോ വോട്ടു കുത്തുന്നവരല്ല ഇരു സമുദായങ്ങളിലെയും പ്രബുദ്ധരായ ജനവിഭാഗം എന്ന് എത്രയോ തവണ തെളിഞ്ഞിട്ടുള്ളതാണ്. അതവര്‍ക്കും അറിയാം.
അതുകൊണ്ടുതന്നെയാണ് നരേന്ദ്രമോദിയും സംഘപരിവാറും തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തില്‍ പരീക്ഷിച്ചു വിജയിക്കുന്ന മുസ്ലിം വിദ്വേഷ കാര്‍ഡ് പിണറായി വിജയന്റെ ഭരണത്തുടര്‍ച്ചയ്‌ക്കായി വെള്ളാപ്പള്ളി നടേശനും ജി. സുകുമാരന്‍ നായരും പരീക്ഷിച്ചു നോക്കുന്നത്. ഇപ്പോഴത്തെ നായാടി മുതല്‍ നസ്രാണിവരെയുള്ള ഐക്യംകൊണ്ട് ഇവര്‍ ഉദ്ദേശിക്കുന്നത് മുസ്ലിം സമുദായത്തിനെതിരേ മറ്റെല്ലാ മത സാമുദായിക വിഭാഗങ്ങളും ഒരുമിച്ചു നില്‍ക്കണം എന്നതാണ്.
ഇതിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും പിണറായി വിജയനും ചുറ്റും നില്‍ക്കുന്നവരുമാണെന്ന് രാഷ്‌ട്രീയത്തിന്റെ എ,ബി, സി,ഡി അറിയാത്തവര്‍ക്കുപോലും മനസിലാകുന്നുണ്ട് എന്നത് സി.പി.എമ്മിന് ജാള്യത ഉണ്ടാകുന്നില്ല എന്നതാണ് അത്ഭുതം. ഇപ്പോള്‍ സി.പി.എം. എന്നാല്‍ പിണറായി ആണ്. പിണറായി വിജയന്റെ വികാരവിചാരങ്ങള്‍ക്ക് അപ്പുറം അഭിപ്രായം പ്രകടിപ്പിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. അതുകൊണ്ടാണ് പാര്‍ട്ടി സെക്രട്ടറി പരിഹാസ്യ കഥാപാത്രമാകുന്നതും വിജയരാഘവനെയും എ.കെ. ബാലനെയും സജി ചെറിയാനെയും പോലുള്ളവര്‍ മുഖ്യമന്ത്രി ആഗ്രഹിക്കുന്ന വിദ്വേഷ പ്രതികരണങ്ങള്‍ നടത്തുന്നതും.
എന്‍.എസ്.എസ്. നേതൃത്വവുമായി ആദ്യവട്ട ചര്‍ച്ചയ്‌ക്കു എസ്.എന്‍.ഡി.പി. നേതൃത്വം ചുമതലപ്പെടുത്തിയിരിക്കുന്നത് തുഷാര്‍ വെള്ളാപ്പള്ളിയേയാണ്. തുഷാറിനെ മകനെപ്പോലെ, സഹോദരനെപ്പോലെ സ്വീകരിക്കുമെന്നാണ് സുകുമാരന്‍നായര്‍ പറഞ്ഞത്. തുഷാര്‍ കേരളത്തിലെ എന്‍.ഡി.എ. മുന്നണിയുടെ കണ്‍വീനര്‍കൂടിയാണല്ലോ.
ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ മന്ത്രി വീണാ ജോര്‍ജിന്റെ പ്ര?ഫൈല്‍ ചിത്രം ഇട്ടിരിക്കുന്ന ഒരു പാര്‍ട്ടി കേഡര്‍ ആശ നീഗിയുടെ എഫ്.ബി. കുറിപ്പ് കാണാനിടയായി. അതില്‍ പറയുന്നു: വി.ഡി. സതീശനെതിരേ ഹൈന്ദവ ഐക്യം രൂപപ്പെടണം..... കോണ്‍ഗ്രസിലെ ഈഴവര്‍ പുനര്‍ വിചിന്തനം ചെയ്യണം. യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ മുസ്ലിം തീവ്രവാദികളുടെ സര്‍വാധിപത്യമായിരിക്കും കേരളത്തില്‍.... സമാന കുറിപ്പുകള്‍ സി.പി.എം. സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ പ്രചരിപ്പിക്കുന്നത് സംഘപരിവാര്‍ നേതാവ് ടി.പി. സെന്‍കുമാറില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ടിട്ടാണോ എന്നറിയില്ല.
മുസ്ലീങ്ങള്‍ നാടുഭരിക്കാന്‍ പോവുകയാണ്, നമ്മളെല്ലാം അപകടത്തിലാകും എന്ന മതഭീതിയുടെ രാഷ്‌ട്രീയ പ്രചാരണം സംഘപരിവാറിനൊപ്പമോ ഒരുപടി മുന്നിലോ കേരളത്തില്‍ ഇപ്പോള്‍ നടത്തുന്നതു സി.പി.എം. നയിക്കുന്ന മുന്നണികൂടിയാണെന്നതു കേരളത്തെ ബഹുദൂരം പിന്നാക്കം കൊണ്ടുപോകുന്നു എന്നത് മതേതര മനസുകളെയാകെ ആകുലപ്പെടുത്തുന്നതാണ്.
നായാടി മുതല്‍ നസ്രാണി വരെയെന്നു ഐക്യഫോര്‍മുല മാറ്റിയിരിക്കുന്നത് നസ്രാണികളിലുള്ള മുസ്ലിം വിരോധം അസ്‌ഥിക്കുപിടിച്ച ക്രിസംഘികളായ ചില സുറിയാനി ക്രിസ്‌ത്യാനികളെക്കൂടി കൂടെക്കൂട്ടുന്നതിനാണ്. ക്രിസ്‌ത്യാനികള്‍ക്കുകൂടി അവകാശപ്പെട്ട ന്യൂനപക്ഷ അവകാശങ്ങള്‍ മുസ്ലീങ്ങള്‍ തട്ടിക്കൊണ്ടുപോകുകയാണെന്നും മറ്റും പ്രചരിപ്പിച്ച് ക്രിസ്‌ത്യാനികളില്‍ മുസ്ലിം വിദ്വേഷം നട്ടുപിടിപ്പിച്ചത്, 2019ലെ ലോക്‌സഭാ ഇലക്ഷനു ശേഷമുള്ള സോഷ്യല്‍ എന്‍ജിനീയറിങ്ങിന്റെ ഭാഗമായ അടവുനയമായിരുന്നു. രണ്ടു കൂട്ടരുടെയും വോട്ട് ഒരുമിച്ച് ഒരുപെട്ടിയില്‍ വീഴാതിരിക്കാനായിരുന്നു ഈ അടവുനയം. അതിന്റെ ഫലം പക്ഷേ ജോസ് കെ. മാണിയുടെ ഇഫക്‌ടാണെന്നു പലരും 2021ല്‍ തെറ്റിദ്ധരിച്ചു.
എന്നാല്‍ 2024ലെ ലോക്‌സഭാ ഇലക്ഷന്‍ പ്രചാരണകാലത്തെ അടവുനയം മുസ്ലിം വോട്ടുകള്‍ ലക്ഷ്യമിട്ടായിരുന്നു. ഏക സിവില്‍കോഡ് സെമിനാര്‍, പാലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലി, മുസ്ലിം സമുദായ സ്വാധീനമുള്ള ജില്ലകളില്‍ പൗരത്വഭേദഗതി നിയമത്തിനെതിരായ റാലികള്‍, പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ആദ്യം സ്‌ഥാനാര്‍ഥിയായി നിശ്‌ചയിച്ച പാര്‍ട്ടി സഖാവിനെ മാറ്റി സമസ്‌ത നേതാക്കള്‍ നിര്‍ദേശിച്ച മുസ്ലിംലീഗ് വിമതനെ സ്‌ഥാനാര്‍ഥിയാക്കിയത്, ഒന്നും ആരും മറക്കാന്‍ കാലമായിട്ടില്ല. എന്നാല്‍ റിസള്‍ട്ട് വന്നപ്പോള്‍ ആ അടവുനയം ഫലിച്ചില്ലെന്നു കണ്ടതു മുതലാണ് മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണയ്‌ക്കുന്നവരും മലപ്പുറത്തിനെതിരേ, മുസ്ലിംലീഗിനെതിരേ, ജമാ അത്തെ ഇസ്ലാമിക്കെതിരേയൊക്കെ വിദ്വേഷ പരാമര്‍ശങ്ങള്‍ പറഞ്ഞുകൊണ്ട് ആഞ്ഞടിച്ചു തുടങ്ങിയത്.
2024ലെ ലോക്‌സഭാ ഇലക്ഷനിലും 2025ലെ തദ്ദേശ ഇലക്ഷനിലും കണ്ടത് മുസ്ലിം-ക്രിസ്‌ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ യു.ഡി.എഫ്. പക്ഷത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. സി.പി.എമ്മിന്റെ പരമ്പരാഗത ശക്‌തികേന്ദ്രങ്ങളിലടക്കം നായര്‍, ഈഴവ സമുദായങ്ങളിലെ വോട്ടുകള്‍ വലിയതോതില്‍ ബി.ജെ.പി. പിടിച്ചു എന്നത് സി.പി.എമ്മിനെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഈ സാമൂഹിക പശ്‌ചാത്തലത്തില്‍ സി.പി.എമ്മില്‍നിന്നു നായര്‍ ഈഴവ വോട്ടുകള്‍ ചോരുന്നതു തടയാന്‍ സി.പി.എം. പരസ്യമായ മുസ്ലിം വിദ്വേഷ കാമ്പയിനിലേക്കു അടവുനയം മാറ്റിയെന്നതിന് വേണ്ടുവോളം ഉദാഹരണങ്ങള്‍ 2024ലെ ലോക്‌സഭാ ഇലക്ഷനുശേഷമുണ്ട്.
വെള്ളാപ്പള്ളി നടേശന്‍ സ്‌ഥിരമായി മുഖ്യമന്ത്രിയുടെ ഒരു ജിഹ്വ എന്നപോലെ കൂറുതെളിയിച്ചെങ്കിലും ഇടതു സര്‍ക്കാരിനോട് എക്കാലവും അകലം പാലിച്ചിട്ടുള്ള എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പരസ്യമായി പിണറായി സര്‍ക്കാരിനോട് കൂറു പ്രകടിപ്പിക്കുന്നത് സര്‍ക്കാരിന്റെ ആഗോള അയ്യപ്പസംഗമത്തോടുകൂടിയാണ്. എന്നാല്‍ അതിനു മുമ്പുതന്നെ പിണറായി സര്‍ക്കാരിനു മുന്നില്‍ സറണ്ടര്‍ ചെയ്യാന്‍ വെള്ളാപ്പള്ളിയെപ്പോലെ ജി. സുകുമാരന്‍നായരും നിര്‍ബന്ധിതനായി എന്നാണ് അണിയറ വിവരങ്ങള്‍. വി.എസിന്റെ പരാതിയിലുത്ഭവിച്ച മൈക്രോ ഫിനാന്‍സ് കേസും ചേര്‍ത്തല യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ. മഹേഷിന്റെ അസ്വാഭാവിക മരണ കേസും പൂട്ടിക്കെട്ടാമെങ്കില്‍ പിന്നെ വെള്ളാപ്പള്ളിക്ക് എന്തു പറയുന്നതിന് ആരെ ഭയപ്പെടാനാ.
ക്രിമിനല്‍ കേസ് എടുക്കേണ്ട എത്രയെത്ര പ്രസ്‌താവനകള്‍ വെള്ളാപ്പള്ളി നടത്തിക്കഴിഞ്ഞു. പുനലൂരില്‍ നടന്ന ശാഖാ നേതൃസംഗമത്തില്‍ അധ്യക്ഷതവഹിച്ചുകൊണ്ട് വെള്ളാപ്പള്ളി പ്രസംഗിച്ചത് "വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡാണ് മുസ്ലിംലീഗെന്നാണ്. ലീഗ് ഒന്നാംതരം വര്‍ഗീയ പാര്‍ട്ടിയാണ്. അവരുടെ ഭരണംവന്നാല്‍ നമ്മള്‍ ആത്മഹത്യ ചെയ്യേണ്ടിവരും" എന്നാണ്. മുസ്ലിംലീഗ് സംസ്‌ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ജമാ അത്തെ ഇസ്ലാമിയുടെ അനുയായിയെപ്പോലെയാണ് പെരുമാറുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചതിനു പിന്നാലെയായിരുന്നു വെള്ളാപ്പള്ളി ലീഗിനെതിരായി വിദ്വേഷ പരാമര്‍ശങ്ങള്‍ നിരന്തരം നടത്തിയത്. പി. ജയരാജന്റെ പുസ്‌തകം പ്രകാശനം ചെയ്‌തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് കമ്യൂണിസത്തെ എതിര്‍ക്കാന്‍ മുസ്ലിംലീഗ് വര്‍ഗീയ ഭീകര പ്രസ്‌ഥാനങ്ങളെ കൂട്ടുപിടിക്കുന്നു എന്നായിരുന്നു. പി.ആര്‍. ഏജന്‍സി ഹിന്ദു പത്രത്തില്‍ ഒരുക്കിയ മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ മലപ്പുറത്തെക്കുറിച്ചു വന്ന വിവാദ പരാമര്‍ശം യാദൃച്‌ഛികമായിരുന്നുവെന്ന് ആരും കരുതിയിട്ടുണ്ടാവില്ല.
എസ്.എന്‍.ഡി.പി. യോഗം നിലമ്പൂര്‍ ശ്രീനാരായണ കണ്‍വന്‍ഷന്‍ ചുങ്കത്തറയില്‍ ഉദ്‌ഘാടനം ചെയ്‌തപ്പോഴാണ് വെള്ളാപ്പള്ളി മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്, പ്രത്യേക രാജ്യത്ത് ഭയന്നു ജീവിക്കുന്ന ആളുകളാണ് ഇവിടത്തെ പിന്നാക്കക്കാര്‍ എന്നു പ്രസംഗിച്ചത്. സ്വതന്ത്രമായ വായു ശ്വസിച്ചോ സ്വതന്ത്രമായ ഒരഭിപ്രായം പറഞ്ഞോ പിന്നാക്കക്കാര്‍ക്ക് മലപ്പുറത്ത് ജീവിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ലെന്നും പറഞ്ഞ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി ഒരിക്കല്‍പ്പോലും തിരുത്തിയില്ല എന്നു മാത്രമല്ല ആ പ്രസംഗം നിലവിലുള്ള യാഥാര്‍ഥ്യംവച്ച് വെള്ളാപ്പള്ളി പറഞ്ഞതാണ് എന്നു ന്യായീകരിക്കാനാണ് മുഖ്യമന്ത്രി തയാറായത്. കഴിഞ്ഞവര്‍ഷം സെപ്‌റ്റംബര്‍ മൂന്നിന് പെരിങ്ങം ശ്രീനാരായണീയം കണ്‍വന്‍ഷന്‍ സെന്ററിന്റെ ഉദ്‌ഘാടനം നടത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ഗുരുവിനെ പകര്‍ത്തിയ നേതാവാണ് വെള്ളാപ്പള്ളിയെന്നാണ്. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ വെള്ളാപ്പള്ളി പകര്‍ത്തിയെന്നും വെള്ളാപ്പള്ളിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതത്തിനു മുകളില്‍ മനുഷ്യന് സ്‌ഥാനം നല്‍കിയതുകൊണ്ടാണ് 'മതമേതായായും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന് ശ്രീനാരായണഗുരു പറഞ്ഞത്. അതറിയാത്തയാളല്ല മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാലിപ്പോള്‍ വോട്ടാണ് പ്രശ്‌നം, അധികാരത്തുടര്‍ച്ചയാണ് പ്രശ്‌നം. ഭൂരിപക്ഷ ഹിന്ദുവോട്ടുകള്‍ കൈക്കലാക്കാന്‍ ഹിന്ദുത്വ ഫാഷിസ്‌റ്റ് അജന്‍ഡകള്‍ക്ക് പരവതാനി വിരിക്കുകയാണ് എന്നതാണ് സത്യം. ഇതെല്ലാം പയറ്റിയിട്ട് പൊതുവേദികളില്‍ വന്ന് മതനിരപേക്ഷതയെക്കുറിച്ചുള്ള രാഷ്‌ട്രീയ ധാര്‍മിക പ്രഭാഷണം ഉണ്ടല്ലോ. ആ കാപട്യം അസഹനീയമാണ്. അതുകൊണ്ടാണ് ആ കാപട്യത്തെ കണക്കറ്റു വിമര്‍ശിച്ച വി.ഡി. സതീശന് ഇത്രമേല്‍ താരപ്രഭ ലഭിച്ചത്.