-->
മലയാളസിനിമാപ്രേക്ഷകരുടെ മനസ്സിലെ എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രമാണ് 1998ല്‍ പുറത്തിറങ്ങിയ ‘സമ്മർ ഇൻ ബത്‌ലഹേം’. സിബി മലയില്‍ - രഞ്ജിത്ത് കൂട്ടുകെട്ടിലെ ചിത്രം ഇന്നും പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. ഒരിക്കല്‍ പ്രേക്ഷകരുടെ മനസ്സില്‍ കുടിയേറിയ ബത്‌ലഹേമും അവിടേക്കെത്തിയ ആമിയും, രവിശങ്കറും, ടെന്നീസും, മോനായിയും ക്ലൈമാക്സില്‍ എത്തിയ നിരഞ്ജനുമൊക്കെ നൊസ്റ്റാള്‍ജിയയെ തൊട്ടുണർത്തുന്ന പേരുകളാണ്. ചിത്രം റീറിലീസായി അടുത്തിടെ വീണ്ടും തിയേറ്ററുകളിലെത്തിയിരുന്നു.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സമ്മർ ഇൻ ബത്‌ലഹേമും അവിടെയുള്ള കഥാപാത്രങ്ങളും എങ്ങനെയാണെന്ന് കാണിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ട ഒരു എഐ വീഡിയോ. ബത്ലഹേമില്‍ തുടങ്ങി പിന്നീട് രവിശങ്കറിനെയും ഡെന്നീസിനെയും ആമിയെയും രവിശങ്കര്‍ കാത്തിരിക്കുന്ന കാമുകിയെയുമൊക്കെ എഐ സൃഷ്ടിച്ചിട്ടുണ്ട്. ജയറാമും സുരേഷ്ഗോപിയും മഞ്ജുവാര്യരും സംഗീതയുമൊക്കെ ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മോനായിയെ അവതരിപ്പിച്ച് കൈയടി നേടിയ കലാഭവന്‍ മണിയുടെയും രവിശങ്കറിന്റെ മുത്തശ്ശിയായി എത്തിയ സുകുമാരിയെയും ചിത്രങ്ങളിലൂടെയാണ് കാണിച്ചിരിക്കുന്നത്.
‘‘വർഷങ്ങൾക്ക് ശേഷം മലയാളികൾക്ക് ഒത്തിരി ഓർമകൾ സമ്മാനിച്ച ബെത്ലഹേമിലേക്ക്...ചിരി പടർത്തിയ കുറെ ഏറെ രംഗങ്ങൾ സമ്മാനിച്ച സിനിമ...’’ എന്ന ക്യാപ്ഷന്‍ നല്‍കി സിഗ്നേച്ചര്‍ ബൈ ആനന്ദ് എന്ന അക്കൗണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ എഐ വീഡിയോ പങ്കിട്ടിരിക്കുന്നത്.
നിമിഷനേരം കൊണ്ട് പ്രേക്ഷകര്‍ ഏറ്റെടുത്ത ഈ വീഡിയോയ്ക്ക് താഴെ രസകരമായ ധാരാളം കമന്റുകളും നിറയുന്നുണ്ട്. ‘മോനായി ഇല്ലാത്ത ബത്‌ലഹേം ഓർക്കാൻ വയ്യ, ശരിക്കും അവർ എല്ലാം യഥാർത്ഥത്തിൽ വീണ്ടും ഒരുമിച്ചു വന്ന് അഭിനയിച്ചത് പോലെ തന്നെയുണ്ട്...പെര്‍ഫക്ട്, ഈ പെണ്ണിനെ തന്നെയാ പൂച്ച അയക്കുമ്പോൾ എല്ലാരും കരുതിയത്, മണിച്ചേട്ടന്‍...’ എന്നതടക്കമാണ് കമന്റുകള്‍.
കലാഭവൻ മണിയായിരുന്നു സമ്മർ ഇൻ ബത്‌ലഹേമില്‍ മോനായി ആയി എത്തിയത്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് രഞ്ജിത്ത് ആണ്. സിയാദ് കോക്കർ ആണ് ചിത്രത്തിന്റെ നിർമാണ്. സഞ്ജീവ് ശങ്കർ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റർ എല്‍. ഭൂമിനാഥൻ ആണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് വിദ്യാസാഗർ സംഗീതം ഒരുക്കിയിരിക്കുന്നു. ഇതിലെ പാട്ടുകളും സംഭാഷണങ്ങളുമെല്ലാം രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഇന്നും പ്രേക്ഷകര്‍ക്ക് മനസ്സില്‍ സൂക്ഷിക്കുന്നതാണ്.