-->
കേരളത്തിലെ സൗഹൃദാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടികളുടെ സംഭാവന വിലപ്പെട്ടതാണ്. ജാതി, മത ചന്താഗതികള്‍ക്കെതിരേ പോരാടിയാണ് വിപ്ലവപ്പാര്‍ട്ടികള്‍ സംസ്‌ഥാനത്തെ പുരോഗതിയിലേക്കു നയിച്ചത്. നാട്ടില്‍ മറ്റൊരു തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയര്‍ന്നു. സാധാരണ ഗതിയില്‍ വികസന നേട്ടങ്ങളും മറ്റും ചര്‍ച്ചയാവേണ്ടതിനു പകരം സാമുദായിക വിഷയങ്ങളാണ് അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്.
ന്യൂനപക്ഷ വിഭാഗം കൂടുതലുള്ള ജില്ലയെ അധിക്ഷേപിച്ച പ്രസ്‌താവനയുമായാണു തുടക്കം. ഡല്‍ഹിയിലെ പി.ആര്‍. ഏജന്‍സി വഴി പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ അച്ചടിച്ചുവന്ന ലേഖനമുണ്ടാക്കിയ പ്രശ്‌നത്തിന്റെ പ്രകമ്പനം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അതുകഴിഞ്ഞ് അടുത്ത യു.ഡി.എഫ്. മന്ത്രിസഭയില്‍ പോലീസ് വകുപ്പ് ആര് കൈകാര്യം ചെയ്ുമെന്ന പ്രഖ്യാപനവുമായി മുന്‍ മന്ത്രിയായ മുതിര്‍ന്ന കമ്യൂണിസ്‌റ്റ് നേതാവ് രംഗത്തെത്തി. തൊട്ടടുത്ത ദിവസം വിശുദ്ധ ഖുര്‍ആന്‍ പ്രതിയുമായി നേതാവ് വിശദീകരിക്കാനെത്തി. ഇതിലെല്ലാം കടുപ്പത്തിലായിരുന്നു കഴിഞ്ഞദിവസത്തെ മന്ത്രി സജി ചെറിയാന്റെ പ്രസ്‌താവന. മലപ്പുറത്തും കാസര്‍ഗോട്ടും ജയിച്ചവരുടെ പേര് നോക്കിയാല്‍ മുസ്ലിം ലീഗിന്റെ വര്‍ഗീയത മനസിലാകുമെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. കേരളത്തിന്റെ സാംസ്‌കാരിക മന്ത്രിയാണ് ഇതു പറയുന്നത്.
ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ നാട് കുട്ടിച്ചോറാക്കുന്ന സാഹചര്യമുണ്ടാക്കണോ എന്ന കാര്യം ചിന്തിക്കേണ്ടതാണ്. താരതമ്യേന സമാധാനവും ശാന്തതയും പുലരുന്ന കേരളത്തില്‍ ജനങ്ങള്‍ എക്കാലവും സൈ്വരജീവിതം ആഗ്രഹിക്കുന്നവരാണ്. അതു തകര്‍ക്കാന്‍ ശ്രമിക്കുന്ന ഏതു ശക്‌തികളെയും അകറ്റിനിര്‍ത്തുക എന്നതാണ് ഇവിടെ ജനങ്ങളുടെ പൊതുസമീപനം. മലയാളനാടിന്റെ പ്രകൃതിപോലെ സുന്ദരമാണ് ഇവിടത്തെ ജീവിതരീതിയും. ഒറ്റപ്പെട്ട രാഷ്‌ട്രീയ സംഘട്ടനങ്ങള്‍ ഉത്തരകേരളത്തിലെ ഗ്രാമങ്ങളില്‍ നടക്കുമ്പോഴും സമാധാനത്തിന്റെ തുരുത്തെന്ന സല്‍പ്പേര് നിലനിര്‍ത്താന്‍ കേരളത്തിനായിട്ടുണ്ട്. പെട്ടെന്ന് ഇവയെല്ലാം ഇല്ലാതാക്കാന്‍ ആരെങ്കിലും തുനിയുന്നെങ്കില്‍ അത് ആത്മഹത്യാപരമാണ്.
കേരളത്തിന്റെ മതസൗഹാര്‍ദമെന്നത് വെറും ഭംഗിവാക്കല്ല. നൂറ്റാണ്ടുകളിലൂടെ നമ്മള്‍ ആര്‍ജിച്ചെടുത്തതാണിത്. മതങ്ങളുടെയത്രയും പഴക്കം ഈ ബന്ധത്തിനുണ്ടെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ആര്യ-ദ്രാവിഡ സംസ്‌കാരങ്ങളുടെ സംഗമഭൂമിയായി കേരളത്തെ വാഴ്‌ത്തിയ ചരിത്രകാരന്മാര്‍ സംസ്‌കൃതവും തമിഴും ചെലുത്തിയ സ്വാധീനത്തെയാണ് ഇതിനുദാഹരണമായി എടുത്തുകാട്ടുന്നത്. വിദേശരാജ്യങ്ങളുമായിപ്പോലും സൗഹൃദത്തിലധിഷ്‌ഠിതമായ കച്ചവടബന്ധമാണ് പണ്ടുമുതലേ ഇവിടെ ഉണ്ടായിരുന്നത്. അറബികളും ചൈനക്കാരും പോര്‍ച്ചുഗീസുകാരും എത്തിയപ്പോള്‍ ഇരു കൈകളും നീട്ടി അവരെ സ്വീകരിച്ച പൈതൃകമാണു നമുക്കുള്ളത്. ഇന്ത്യയിലെ ആദ്യ ൈക്രസ്‌തവ ദേവാലയമായ സെന്റ് തോമസ് ചര്‍ച്ച് കേരളത്തിലെ തൃശൂര്‍ ജില്ലയിലാണ്. അതേപോലെ ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി സ്‌ഥാപിതമായത് കേരളത്തിലെ കൊടുങ്ങല്ലൂരിലാണ്. മതം മാറി മക്കയില്‍ പോയ അവസാനത്തെ ചേരമാന്‍ പെരുമാളിന്റെ കഥ നമുക്കറിയാം. അക്രമത്തിലൂടെയോ സംഘട്ടനത്തിലൂടെയോ അല്ല വിവിധ വിശ്വാസപ്രമാണങ്ങള്‍ മലയാളക്കരയില്‍ പ്രചരിച്ചത്. നൂറ്റാണ്ടുകളിലൂടെ അരക്കിട്ടുറപ്പിച്ചതാണ് മലയാളിയുടെ മതസാഹോദര്യം.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ രഥയാത്രകള്‍ സംഘടിപ്പിച്ചത് പലയിടത്തും കുഴപ്പത്തിനു വഴിയൊരുക്കിയിരുന്നു. മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനിയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍നിന്നാരംഭിച്ച രഥം പാലക്കാട് വഴി കോയമ്പത്തൂരിലേക്കു പോവുകയാണുണ്ടായത്. രഥയാത്ര പാലക്കാട്ടെത്തിയപ്പോള്‍ ഉടലെടുത്ത സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ വെടിവയ്‌പ്പില്‍ ഒരു ബാലിക മരിച്ചിരുന്നു. അന്നത്തെ നേതാക്കളുടെ കാര്യക്ഷമമായ ഇടപെടല്‍ നിമിത്തം പാലക്കാട്ടെ സംഘര്‍ഷം പെട്ടെന്ന് ഒതുക്കാനും കുഴപ്പങ്ങള്‍ വ്യാപിക്കുന്നതു തടയാനും കഴിഞ്ഞു. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ബാബറി മസ്‌ജിദ് തകര്‍ത്ത ശേഷം ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ എടുത്തുപറയാവുന്ന പ്രശ്‌നങ്ങളൊന്നുമില്ലാതെ സംസ്‌ഥാനം മഹത്തായ മാതൃക കാണിച്ചു.
മതസൗഹാര്‍ദത്തിന്റെ സൗരഭ്യമുയര്‍ന്ന നാടാണു കേരളം. ഇന്ത്യക്കാകെ മാതൃകയായിരുന്നു നമ്മുടെ സംസ്‌ഥാനം. ഉച്ചനീചത്വങ്ങളും അസമത്വങ്ങളും വെടിഞ്ഞ മലയാളി മതമൈത്രി ഊട്ടിയുറപ്പിച്ചാണ് മറ്റു സംസ്‌ഥാനങ്ങളിലുള്ളവരുടെ അസൂയയ്‌ക്കു പാത്രമായത്. കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിലെ പ്രധാന നഗരങ്ങളില്‍ മതത്തിന്റെ പേരില്‍ കൂട്ടക്കൊല നടന്നപ്പോള്‍ മലയാളനാട്ടില്‍ സമ്പൂര്‍ണ സാക്ഷരതായജ്‌ഞം നടക്കുകയായിരുന്നു. ആരോഗ്യ മേഖലയിലെ നേട്ടങ്ങളിലൂടെ ദശകങ്ങള്‍ക്കു മുമ്പ് ഇതര സംസ്‌ഥാനങ്ങള്‍ക്കു വഴികാട്ടിയായ സംസ്‌ഥാനമാണു കേരളം. കലാസാംസ്‌കാരിക രംഗങ്ങളില്‍ മികവ് കാട്ടിയ മലയാളി വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെയാണു നേട്ടങ്ങള്‍ കൊയ്‌തത്. ഇതെല്ലാം നഷ്‌ടപ്പെടുത്തിയിട്ട് പിന്നീട് വിലപിച്ചിട്ട് കാര്യമില്ല. ഒരു തെരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്നതിലും പ്രധാനമാണ് മലയാളികള്‍ പിന്തുടരുന്ന സൗഹാര്‍ദത്തിന്റെ വിലപ്പെട്ട സന്ദേശം തലമുറകള്‍ക്കു കൈമാറുകയെന്നത്.
മുസ്ലിം ലീഗിനെ ചൂണ്ടി ഒരു സമുദായത്തെ അപരവത്‌കരിച്ച് സി.പി.എം. ഉണ്ടാക്കുന്ന തെരഞ്ഞെടുപ്പ് സമവാക്യം ഈ നാടിനെ മരുഭൂമിയാക്കി മാറ്റുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മലയാളിയുടെ പാരമ്പര്യത്തിനു തികച്ചും വിരുദ്ധമാണിത്. കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ ഒരു പാരമ്പര്യമുണ്ട്. വര്‍ഗീയതയ്‌ക്കെതിരായ നിലപാട്. അതു കളഞ്ഞുകുളിക്കുന്നത് യഥാര്‍ഥ കമ്യൂണിസ്‌റ്റുകാര്‍ പൊറുക്കില്ല. ഇന്ത്യയിലെ മാതൃകാ സംസ്‌ഥാനമാണു കേരളം. നാനാജാതി മതസ്‌ഥര്‍ സാഹോദര്യത്തോടെ ഇവിടെ കഴിയുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സാമുദായിക വിഷയങ്ങളില്‍ സംഘര്‍ഷം രൂപപ്പെടുമ്പോള്‍ അതൊന്നും തീരെ സ്വാധീനിക്കാതെ ജീവിച്ചവരാണു നമ്മള്‍. പ്രബല വിഭാഗമെന്നു പറയാന്‍ ഏതെങ്കിലും മതമോ ജാതിയോ ഇവിടെയില്ല. പരസ്‌പരം മാനിച്ച് സ്‌നേഹം പങ്കുവച്ച് ഐക്യത്തോടെ നമ്മള്‍ ജീവിച്ചു. എല്ലാ വിഭാഗങ്ങളിലും ചെറിയൊരു പക്ഷം വര്‍ഗീയതയുടെ സ്വാധീനത്തില്‍ പെട്ടിട്ടുണ്ടെന്നതു നേര്. അതൊന്നും പൊതുസമൂഹത്തെ ബാധിക്കാറില്ല. ഫെയ്‌സ്‌ബുക്കിലും വാട്‌സാപ്പിലും കാണുന്നതല്ല കേരളത്തിലെ ജീവിതമെന്ന് എല്ലാവര്‍ക്കുമറിയാം.
സി.ഒ.ടി. അസീസ്