-->
ആലപ്പുഴ: എന്‍.എസ്.എസുമായി ഒരു വിഷയത്തിലും ഇനിമേലില്‍ എസ്.എന്‍.ഡി.പി. യോഗം കൊമ്പുകോര്‍ക്കുന്ന പ്രശ്‌നമില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇനിയുള്ള കാര്യങ്ങളില്‍ അവരുമായി കൂടി ആലോചിച്ചേ തീരുമാനമെടുക്കൂ. മൂന്ന് തവണ ഇരുസംഘടനകളുമായുള്ള ഐക്യനീക്കം പരാജയപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ചത്ത കൊച്ചിന്റെ ജാതകം വായിക്കേണ്ടെന്നും ഇനി അങ്ങനെ സംഭവിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്‍.എസ്.എസിനെയും തങ്ങളേയും മുമ്പ് തെറ്റിച്ചതിനു പിന്നില്‍ ലീഗായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഒരു പുകഞ്ഞ കൊള്ളിയാണെന്നും അദ്ദേഹത്തിന്റെ പ്രസ്‌താവനകളെ അവജ്‌ഞയോടെ തള്ളിക്കളയുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിണറായി വിജയനേക്കാള്‍ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് വി.ഡി. സതീശന് പിന്തുണ ലഭിച്ചെന്ന എന്‍.ഡി.ടിവി സര്‍വേയെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ എത്ര സര്‍വേകള്‍ നമ്മള്‍ കണ്ടു. ഒടുവില്‍ ബീഹാറിലെ പ്രവചനവും എന്തായെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.
ജി. ഹരികൃഷ്‌ണന്‍