Thursday, March 12, 2026 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 11.22 AM

‘എ.ആർ. റഹ്മാൻ സാറിനെതിരെയുള്ള വിവാദങ്ങളില്‍ സങ്കടം തോന്നുന്നു, ഉദ്ദേശ്യം തെറ്റിദ്ധരിക്കപ്പെട്ടതാണ്, വിവാദത്തിലേക്കത് വളര്‍ന്ന രീതിയും അനാവശ്യം...’’ പോസ്റ്റുമായി ദീപക് ദേവ്

uploads/news/2026/01/821890/Untitled-1.jpg
Music director Deepak Dev has come out in support of AR Rahman (Image Source: Instagram)

ആരാധകർ ഏറെയുള്ള സംഗീത മാന്ത്രികന്‍ എ.ആര്‍.റഹ്മാന്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ നടത്തിയ ചില തുറന്നു പറച്ചിലുകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ബോളിവുഡിൽ വർഗീയമായി വിവേചനം ഉണ്ടെന്ന എ.ആര്‍ റഹ്മാന്റെ വാക്കുകളാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്. കങ്കണ റണാവത്ത് മുതൽ ഇംതിയാസ് അലി വരെ ഇതിനെ എതിർക്കുകയും ചെയ്തിട്ടുണ്ട്. പല ഭാഗത്തു നിന്നും വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും സൈബർ ആക്രമണവുമാണ് സംഗീത മാന്ത്രികന്റെ വാക്കുകള്‍ക്ക് നേരെ ഉയരുന്നത്.
ഇപ്പോഴിതാ എ.ആര്‍. റഹ്മാന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ദീപക് ദേവ്. അദ്ദേഹത്തിനെതിരെ നടക്കുന്ന വിവാദങ്ങളില്‍ സങ്കടം തോന്നുന്നുവെന്നും എ ആർ റഹ്‌മാൻ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ പോലും മറന്നു കൊണ്ടുള്ള ആക്രമണങ്ങള്‍ അനാവശ്യമാണെന്നും ദീപക് ദേവ് ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു.
‘‘എ.ആർ. റഹ്മാൻ സാറിനെ ചുറ്റിപ്പറ്റിയുള്ള സംഭാഷണങ്ങളും വിവാദങ്ങളും കാണുമ്പോൾ ശരിക്കും വേദന തോന്നുന്നു. സംഗീതത്തിനും ഇന്ത്യയ്ക്കും ലോകത്തിനും വളരെയധികം സംഭാവന നൽകിയ ഒരു കലാകാരനെ മനസ്സിലാക്കേണ്ടത് ആവശ്യമാണ്, തിടുക്കത്തിലുള്ള വിലയിരുത്തല്‍ നല്ലതല്ല.
ഞാൻ അഭിമുഖം മുഴുവനായും കണ്ടു, ഉദ്ദേശ്യം തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് വ്യക്തമാണ്. അത് വിവാദത്തിലേക്ക് വളർന്ന രീതി അനാവശ്യമാണെന്ന് തോന്നുന്നു.
സംഭാഷണങ്ങൾ നിഗമനങ്ങളിൽ എത്തുന്നതിനുമുമ്പ് പൂർണ്ണ സന്ദർഭത്തിൽ കാണേണ്ടതുണ്ട്. അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്, പക്ഷേ അന്തസ്സും ബഹുമാനവും ഒരിക്കലും നഷ്ടപ്പെടുത്തരുത്. അദ്ദേഹത്തിന്റെ സംഭാവന താൽക്കാലിക വിവരണങ്ങൾക്കപ്പുറമാണ്, അത് അംഗീകരിക്കപ്പെടേണ്ടതുണ്ട്...’’ ദീപക് ദേവ് ​സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇതിനു താഴെയും നിരവധി പേര്‍ വിമര്‍ശനങ്ങളും പിന്തുണയുമൊക്കെ കമന്റുകളിലൂടെ കുറിക്കുന്നുണ്ട്.

ബിബിസി ഏഷ്യൻ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് എ.ആര്‍.റഹ്മാന്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ബോളിവുഡ് വല്ലാതെ മാറിയെന്നും ‘ക്രിയേറ്റിവ്’ അല്ലാത്ത ആളുകള്‍ ആണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നുമാണ് സംഗീത മാന്ത്രികന്‍ പറഞ്ഞത്.
തനിക്ക് ബോളിവുഡില്‍ നിന്ന് ഓഫറുകള്‍ കുറയുന്നുവെന്ന് വെളിപ്പെടുത്തിയ റഹ്മാന്‍ അതില്‍ വര്‍ഗീയ വികാരവും ഉണ്ടെന്നാന്ന് പറഞ്ഞുകേള്‍ക്കുന്നതെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘ഛാവ’ ആളുകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുന്ന പ്രൊജക്ടാണെന്ന് മനസിലായെന്നും എ.ആര്‍.റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു. അതോടെയാണ് കാര്യങ്ങള്‍ സൈബർ ആക്രമണത്തിലേക്ക് വഴിവച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW