-->
കൊച്ചി; തളിപ്പറമ്പ് സെഷന്‍സ് കോടതി തടവിന് ശിക്ഷിച്ച് ജയിലിലായ പ്രതി വി.കെ.നിഷാദ്, പയ്യന്നൂര്‍ നഗരസഭയുടെ 46-ആം വാര്‍ഡില്‍ മത്സരിച്ച് വിജയിച്ച പശ്‌ചാത്തലത്തില്‍, ആ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന ആവശ്യത്തിന് കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച് സംസ്‌ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍. പ്രതിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ച പയ്യന്നൂര്‍ നഗരസഭാ വരണാധികാരിക്കും പോലീസിനും എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട പരാതിക്കാരനോടാണ് കോടതിയെ സമീപിക്കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചത്.
വി.കെ. നിഷാദിനെ തളിപ്പറമ്പ് സെഷന്‍സ് കോടതി 20 വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചിരുന്നു. സ്വന്തം പിതാവിന്റെ കാല്‍മുട്ടിന് ശസ്‌ത്രക്രിയ ഉണ്ടെന്നും അതിനാല്‍ തനിക്ക് പരോള്‍ വേണമെന്നും കാണിച്ചുള്ള അപേക്ഷയില്‍ അടിയന്തിര പരോള്‍ അനുവദിച്ചതിലൂടെ ജയിലില്‍ നിന്ന് പുറത്ത് വന്ന പ്രതി, വിധി മറച്ചുവച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കി.
ഇതേപ്പറ്റി അറിവുള്ള വരണാധികാരി നോമിനേഷന്‍ തള്ളാന്‍ തയ്യാറായില്ല. ശിക്ഷാവിധി മേല്‍ കോടതി റദ്ദ് ചെയ്യുകയോ സ്‌റ്റേ ചെയ്യുകയോ ചെയ്‌തിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും ശിക്ഷാവിധിയെ കുറിച്ച് പോലീസ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയില്ല.ഏതെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതയുണ്ടെന്ന് വ്യക്‌തമാക്കുന്ന നിയമത്തെ പയ്യന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് വരണാധികാരിയും പോലീസും അട്ടിമറിച്ചിരിക്കുകയാണ്. ഇതിനാല്‍ ഇവര്‍ക്കെതിരെ നടപടിയും പ്രതിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവുമാക്കണമെന്ന് ആവശ്യപ്പെട്ടാണ് അഡ്വ. കുളത്തൂര്‍ ജയ്‌സിങ് സംസ്‌ഥാന തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് പരാതി നല്‍കിയത്.
രാജുപോള്‍