-->
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗവും അതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും കേരളത്തിനു പുത്തരിയല്ല. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിനു മുന്നോടിയായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഇന്നലെ നടത്തിയ നയപ്രഖ്യാപന പ്രസംഗവും വിവാദത്തില്‍ കലാശിച്ചു. മന്ത്രിസഭ അംഗീകരിച്ച പ്രസംഗം ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതാണ് പൊതുവായുള്ള നയപ്രഖ്യാപന പ്രസംഗത്തിന്റെ രീതി. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന കേന്ദ്ര വിമര്‍ശനങ്ങളില്‍ ചിലത് ഒഴിവാക്കിയും മാറ്റം വരുത്തിയുമാണ് ഗവര്‍ണര്‍ ഇന്നലെ അവതരിപ്പിച്ചത്. എന്നാല്‍, ഗവര്‍ണര്‍ സഭയില്‍നിന്ന് പോയശേഷം മുഖ്യമന്ത്രി എഴുനേറ്റുനിന്ന് ഈ ഭാഗങ്ങള്‍ സഭാരേഖകളില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും അവ വായിക്കുകയും ചെയ്‌തു. കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു നടപടി. മുഖ്യമന്ത്രിയുടെ നടപടിയെ ബി.ജെ.പി കേന്ദ്രങ്ങള്‍ വിമര്‍ശിച്ചപ്പോള്‍ പ്രസംഗത്തിലെ ഉള്ളടക്കത്തിനെതിരേയാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. ഗവര്‍ണറും സംസ്‌ഥാന സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണ് സഭയില്‍ ഉണ്ടായതെന്നും യു.ഡി.എഫ് വിമര്‍ശിച്ചു.
വിവിധ സംസ്‌ഥാന ഗവര്‍ണര്‍മാരും അതതു സര്‍ക്കാരുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ വലിയ രാഷ്‌ട്രീയ - ഭരണഘടനാ ചര്‍ച്ചകള്‍ക്കും കോടതി ഇടപെടലുകള്‍ക്കുമെല്ലാം വഴിവയ്‌ക്കുന്ന സാഹചര്യമാണ് രാജ്യത്തേത്. കേരളവും തമിഴ്‌നാടുമാണ് ഇത്തരം വാര്‍ത്തകളുടെ കാര്യത്തില്‍ നിലവില്‍ മുന്നില്‍. നയപ്രഖ്യാപന പ്രസംഗത്തിനു മുമ്പായി ദേശീയ ഗാനം ആലപിച്ചില്ല എന്നതിന്റെ പേരില്‍ ഗവര്‍ണര്‍ ആര്‍.എന്‍ രവി പ്രസംഗം വായിക്കാതെ ഇന്നലെ തമിഴ്‌നാട് നിയമസഭയില്‍നിന്ന് ഇറങ്ങിപോകുകയുണ്ടായി. തുടര്‍ന്ന് സ്‌പീക്കര്‍ എം. അപ്പാവുവാണ് നയപ്രഖ്യാപന പ്രസംഗം വായിച്ചത്. കേരളത്തിലാകട്ടെ, ഗവര്‍ണര്‍ അര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കിയാണ് സഭ വിട്ടത്. പ്രസംഗത്തില്‍ കേന്ദ്രത്തിന്റെ സാമ്പത്തിക സമീപനത്തിനെതിരായ വിമര്‍ശനവും ഉള്‍പ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് ഇത്തവണ സംസ്‌ഥാനത്ത് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഏറ്റമുട്ടല്‍ ഉണ്ടാകില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് മുഖ്യമന്ത്രി രംഗത്തു വന്നത്. യഥാര്‍ത്ഥത്തില്‍ ഗവര്‍ണര്‍ വായിച്ച സര്‍ക്കാരിന്റെ നയങ്ങള്‍ മുഖ്യമന്ത്രി തിരുത്തി വായിക്കുകയാണ് പിന്നീട് ചെയ്‌തത്. ഫെഡറല്‍ തത്വങ്ങളെ തകര്‍ക്കുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്‌ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നു എന്ന പരാമര്‍ശമുള്ള പന്ത്രണ്ടാം ഖണ്ഡികയിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കിയിരുന്നു. ഈ ഭാഗം മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചു. ഗവര്‍ണര്‍ ഏകപക്ഷീയമായി മാറ്റങ്ങള്‍ വരുത്തിയ പ്രസംഗമല്ല, മറിച്ച് മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനമാണ് ഔദ്യോഗികമായി കണക്കാക്കേണ്ടതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിന് ഒപ്പമാണ്. എന്നാല്‍, പ്രസംഗത്തില്‍ സര്‍ക്കാര്‍ നടത്തിയിരിക്കുന്ന അവകാശവാദങ്ങള്‍ പച്ചക്കള്ളങ്ങളും അര്‍ധസത്യങ്ങള്‍ നിറഞ്ഞതാണെന്നും വിശ്വാസ്യയോഗ്യമല്ലെന്നുമുള്ള വിലയിരുത്തലുണ്ടായി. ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള തര്‍ക്കം വെറും നാടകം മാത്രമാണെന്നും പ്രതിസന്ധി വരുമ്പോള്‍ ഇവര്‍ എറ്റുമുട്ടുകയും പിന്നീട് ഒത്തുതീര്‍പ്പിലെത്തുമെന്നുമാണ് പ്രതിപക്ഷം വിമര്‍ശനം. പ്രതിപക്ഷം പറയുന്നതാണ് ശരിയെങ്കില്‍, നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം തുടര്‍ ചര്‍ച്ചകളില്ലാതെതന്നെ അവസാനിക്കാം. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരേയും, അതേ കേന്ദ്ര മന്ത്രിസഭയുടെ ശുപാര്‍ശപ്രകാരം നിയമിതനായ ഗവര്‍ണറുമായും ഏറ്റമുട്ടലിലാണ് സംസ്‌ഥാന സര്‍ക്കാരെന്നു വരുത്തീര്‍ക്കാനുള്ള സര്‍ക്കാര്‍ ശ്രമമായി വിവാദത്തെ പ്രതിപക്ഷം കാണുന്നു. ചുരുക്കത്തില്‍, നയപ്രഖ്യാപന പ്രസംഗത്തെത്തുടര്‍ന്നുള്ള വിവാദവും പ്രതികരണങ്ങളും രാഷ്‌ട്രീയ മുനയോടെ മാത്രം ഉള്ളതായി മാറി. സര്‍ക്കാരിന്റെ നയവും നടപടികളും സംസ്‌ഥാനത്തെ ഔദ്യോഗികമായി അറിയിക്കാനാണ് നയപ്രഖ്യാപന പ്രസംഗം. അതൊരു രാഷ്‌ട്രീയ പ്രചാരണ മാര്‍ഗം മാത്രമായി മാറിയാല്‍ അതിന്റെ പ്രസക്‌തി നഷ്‌ടപ്പെടുകയും പ്രസംഗത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് ജനശ്രദ്ധ ലഭിക്കാതെയും പോകും.