-->
മുംബൈ: ഓഹരി വിപണിയില്‍ നിഫ്‌റ്റിയും ബി.എസ്.ഇ. സെന്‍സെക്‌സും വന്‍ തിരിച്ചടി നേരിട്ടു. സെഷന്റെ രണ്ടാം പകുതിയില്‍ വില്‍പ്പന സമ്മര്‍ദം വര്‍ധിച്ചു. ടെക്‌നോളജി ഓഹരികളാണ് പ്രധാനമായും ഇടിഞ്ഞത്. നിഫ്‌റ്റി 25,232.50 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 353 പോയിന്റ് (1.38%) ഇടിവാണ് ഉണ്ടായത്. സെന്‍സെക്‌സ് 82,180.47ല്‍ കേ്ലാസ് ചെയ്‌തു. 1,066 പോയിന്റ് (1.28%) ഇടിവ്.
ഗ്രീന്‍ലന്‍ഡ് വിവാദത്തെ തുടര്‍ന്നുള്ള തീരുവ യുദ്ധമാണു വിപണിയില്‍ പ്രതിഫലിച്ചത്. നിക്ഷേപകര്‍ക്ക് ഏകദേശം 9 ലക്ഷം കോടി രൂപയുടെ നഷ്‌ടമുണ്ടായി. ബി.എസ്.ഇയില്‍ ലിസ്‌റ്റ് ചെയ്‌ത കമ്പനികളുടെ മൊത്തം വിപണി മൂലധനം ഏകദേശം 456 ലക്ഷം കോടി രൂപയായി കുറഞ്ഞു.
ടെക്‌നോളജി ഓഹരികളാണ് പ്രധാനമായും തിരിച്ചടി നേരിട്ടത്. ഐടി കമ്പനികളുടെ വരുമാനത്തില്‍ വന്‍ ഇടിവ് ഉണ്ടായി. തീരുവ സംബന്ധമായ സംഭവവികാസങ്ങള്‍ ആഗോള തലത്തില്‍ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു.
റിസ്‌ക് എടുക്കാനുള്ള ധൈര്യം കുറച്ചു. എം.എസ്.സി.ഐയുടെ ജപ്പാന്‍ ഒഴികെയുള്ള വിശാലമായ ഏഷ്യപസഫിക് സൂചിക 0.3 ശതമാനം ഇടിഞ്ഞു. യു.എസ്. വിപണികളിലും ഈ ആശങ്ക പ്രതിഫലിച്ചു, നാസ്‌ഡാക്കും എസ്‌ആന്‍ഡ് പി 500ന്റെയും ഫ്യൂച്ചറുകള്‍ ഏകദേശം 1 ശതമാനം ഇടിഞ്ഞു. യു.എസും യൂറോപ്പും തമ്മിലുള്ള ഗ്രീന്‍ലാന്‍ഡ് വിഷയത്തെച്ചൊല്ലിയുള്ള താരിഫ് തര്‍ക്കത്തില്‍ വ്യക്‌തത വരുന്നത് വരെ വിപണിയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.
വിദേശ നിക്ഷേപകര്‍ കഴിഞ്ഞ പത്ത് ദിവസമായി ഓഹരികള്‍ വിറ്റുകൊണ്ടിരിക്കുകയാണ്. ഏകദേശം 3,263 കോടി രൂപയുടെ ഓഹരികളാണ് ജനുവരി 19ന് അവര്‍ വിറ്റഴിച്ചത്. സ്വര്‍ണം, വെള്ളി തുടങ്ങിയവയുടെ വില ഉയര്‍ന്നത് വിപണിയില്‍ അപകടഭയമുണ്ടെന്നതിന്റെ സൂചനയാണ്.
സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് ആളുകള്‍ മാറുകയാണെന്ന് ഇത് കാണിക്കുന്നു. യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികള്‍ കാരണമാണു സ്വര്‍ണ വില ഒരു ഔണ്‍സിന് 4,700 ഡോളര്‍ കടന്നത്. സ്വര്‍ണ വില ഒരു ശതമാനം ഉയര്‍ന്ന് 4,717.03 ഡോളറിലെത്തി. വെള്ളി വിലയും റെക്കോഡ് നിലയ്‌ക്ക് അടുത്താണ്. വെള്ളി വില 0.5 ശതമാനം ഇടിഞ്ഞ് 94.23 ഡോളറിലെത്തി.