-->
കേരളത്തിന്റെ സാംസ്‌കാരിക തലസ്‌ഥാനത്തെ പൂര്‍ണമായും കീഴടക്കിയ കലാവസന്തം നാടിന്റെ കലാകൗമാരത്തിന്റെ ഔന്നിത്യം വിളിച്ചോതുന്നതായി. കലോത്സവ ചരിത്രത്തില്‍ ആദ്യമായി വീട്ടില്‍ ഇരുന്ന് ഓണ്‍ലൈനായി മത്സരിക്കാന്‍ ഇത്തവണ മത്സരാര്‍ത്ഥിക്കു കഴിഞ്ഞു. മാറുന്ന കാലത്തിനൊപ്പം കാഴ്‌ചപ്പാടിലും മാറ്റംവരുത്തി കലോത്സവം പുതുക്കപ്പെടുന്ന കാഴ്‌ച ഏറെ സ്വാഗതാര്‍ഹമാണ്. സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത നടന്‍ മോഹന്‍ലാല്‍ പറഞ്ഞതുപോലെ, ജയപരാജയങ്ങള്‍ക്കപ്പുറം മുന്നിലെ അനന്തസാധ്യതകളിലേക്കു മുന്നേറാനുള്ള ഊര്‍ജമാണ് മറ്റൊരു സ്‌കൂള്‍ കലോത്സവംകൂടി കുട്ടികള്‍ക്കു സമ്മാനിച്ചത്.
കുട്ടികളുടെ പ്രതിഭയും പരിശീലനമികവും അഞ്ചു ദിവസത്തെ മേളയില്‍ നിറഞ്ഞുനിന്നു. പോരായ്‌മകള്‍ ഏറെയൊന്നും കേള്‍പ്പിച്ചില്ലെന്നതും വലിയ വിവാദങ്ങളിലേക്കു കാര്യങ്ങള്‍ പോയില്ലെന്നതും സംഘാടനത്തിലെ മികവായി. എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന 'ഉത്തരവാദിത്വ കലോത്സവം' എന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മുദ്രാവാക്യം സാര്‍ഥകമാക്കാന്‍ യത്‌നിച്ച എല്ലാവര്‍ക്കും അഭിനന്ദങ്ങള്‍. അറുപത്തിനാലാമതു സംസ്‌ഥാന സ്‌കൂള്‍ കലോത്സവം ആയിരുന്നു തൃശൂരില്‍ ഇത്തവണ അരങ്ങേറിയത്. ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പ് നീണ്ട ഇടവേളയ്‌ക്കുശേഷം കണ്ണൂര്‍ അഭിമാനത്തോടെ ഉയര്‍ത്തി. 1028 പോയിന്റോടെയാണ് 2004 നുശേഷം കണ്ണൂര്‍ കലാകിരീടത്തിന് അവകാശിയായത്. ആതിഥേയരായ തൃശൂര്‍ രണ്ടാമതും കോഴിക്കോട് മൂന്നാം സ്‌ഥാനക്കാരുമായി. സ്‌കൂളുകളില്‍ പാലക്കാട് ആലത്തുര്‍ ബി.എസ്.എസ്. ഗുരുകുലം എച്ച്.എസ്.എസ്. ആണ് ജേതാക്കള്‍. ഉദ്‌ഘാടന, സമാപനച്ചടങ്ങുകള്‍ ശ്രദ്ധേയമാക്കാനും സംഘാടകര്‍ക്കു കഴിഞ്ഞു.
പൂരനഗരിയിലേക്ക് ഒഴുകിയെത്തിയതു പതിനയ്യായിരത്തോളം മത്സരാര്‍ഥികള്‍ ആയിരുന്നു. അതിലേറെപ്പേര്‍ കാഴ്‌ചക്കാരായുമെത്തി. സമയബന്ധിതമായി മത്സരങ്ങള്‍ നടത്താനുള്ള ശ്രമം കലാപ്രകടനത്തിനു കാത്തിരുന്ന കുട്ടികള്‍ക്കു വലിയ ആശ്വാസമാണ് നല്‍കിയത്. എങ്കിലും അപ്പീലുകളുടെ പ്രവാഹവും അതിന്മേലുള്ള നടപടികളും വിധിനിര്‍ണയത്തിലെ സുതാര്യതയും തൃപ്‌തികരമാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല.
കാസര്‍ഗോഡ് പടന്ന വി.കെ.പി. ഖാലിദ് ഹാജി മെമ്മോറിയല്‍ എം.ആര്‍. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി സിയ ഫാത്തിമയാണ് സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഓണ്‍ലൈനിലൂടെ പങ്കടുത്ത ആദ്യ മത്സരാര്‍ഥി. ഞരമ്പുകള്‍ ചുരുങ്ങുന്ന വാസ്‌കുലൈറ്റീസ് എന്ന ഗുരുതര രോഗത്തെതുടര്‍ന്നു സിയയ്‌ക്കു മത്സരവേദിയിലേക്ക് എത്താന്‍ കഴിയുമായിരുന്നില്ല. സ്വന്തം വീട്ടിലെ പ്രത്യേകം സജ്‌ജീകരിച്ച മുറിയിലിരുന്ന് സിയ അറബിക് പോസ്‌റ്റര്‍ സിസൈനിങ്ങില്‍ മത്സരിച്ചു ചരിത്രമെഴുതി. സിയയ്‌ക്കു മത്സരത്തില്‍ എ ഗ്രേഡിന്റെ ഇരട്ടിമധുരം ലഭിക്കുകയും ചെയ്‌തു. മത്സരങ്ങളിലെ വൈവിധ്യവല്‍ക്കരണവും എല്ലാ വിഭാഗങ്ങള്‍ക്കും പരിഗണന നല്‍കാനുള്ള ശ്രമങ്ങള്‍ക്കുമൊപ്പം ഇത്തരത്തിലുള്ള കരുതലും കലോത്സവങ്ങളുടെ മഹത്വവും ശോഭയും വര്‍ധിപ്പിക്കുകയേയുള്ളൂ.
അടുത്ത വര്‍ഷം മുതല്‍ കാലികമായ പുതിയ ഇനങ്ങള്‍ ഉള്‍പ്പെടുത്തി കലോത്സവ മാനുവല്‍ പരിഷ്‌കരിക്കുമെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കുകയുണ്ടായി. അതുപോലെ, കലോത്സവ ഷെഡ്യൂള്‍ നേരത്തേ പ്രഖ്യാപിക്കാനും അതുവഴി കുട്ടികള്‍ക്കു മുന്‍കൂട്ടി ഒരുങ്ങാനും അവസരത്തിനു വഴിയൊരുക്കുമെന്നത് നല്ല കാര്യം. മത്സരത്തിന് ഒരുങ്ങികാത്തിരുന്ന് തളര്‍ന്നുറങ്ങുന്ന കുട്ടികള്‍ ഏതൊരു കലോത്സവത്തിന്റെയും സങ്കടക്കാഴ്‌ചയാണ്. പണക്കൊഴുപ്പിന്റെ മേളയെന്ന 'അകല്‍ച്ച' സ്‌കൂള്‍ കലോത്സവങ്ങളോടു സാധാരണക്കാര്‍ക്കിടയില്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ ചില നിയന്ത്രണങ്ങള്‍ മേളയില്‍ കൊണ്ടുവരേണ്ടതുണ്ട്. പ്രത്യകിച്ച് നൃത്ത ഇനങ്ങളിലും മറ്റും മത്സരിക്കുന്നവര്‍ക്ക് വലിയ സാമ്പത്തിക ചെലവാണ് ഉണ്ടാകുന്നത്. കുട്ടികള്‍ക്കുള്ള കഴിവിന്റെയും ഇഷ്‌ടത്തിന്റെയും പേരില്‍ മാതാപിതാക്കളെ ലക്ഷങ്ങളുടെ കടക്കാരാക്കുന്ന മേളയെന്ന ചീത്തപ്പേരില്‍നിന്നു സ്‌കൂള്‍ കലോത്സവങ്ങളെ രക്ഷിക്കാനുള്ള നടപടികളും ഉണ്ടാകണം.