-->
സംസ്‌ഥാനത്തെ 4,84,839 വരുന്ന ആദിവാസി ജനത സംസ്‌ഥാനത്തെ 14 ജില്ലകളിലായി ചിതറിക്കിടക്കുന്നു. ജനതയുടെ ഈ വികേന്ദ്രീകൃത വിതരണം ആ സമൂഹത്തിന്റെ രാഷ്‌ട്രീയ-സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിര്‍ണായക ഘടകമാണ്.
സംസ്‌ഥാനത്തെ 1,00,897 ആദിവാസി കുടുംബങ്ങള്‍ 4,645 ആദിവാസി ഊരുകളിലാണ് അധിവസിക്കുന്നത്. ഇത് മൊത്തം കുടുംബങ്ങളുടെ 93 ശതമാനം വരും. ആദിവാസി ജനസംഖ്യയില്‍ 85 ശതമാനം കര്‍ഷക തൊഴിലാളികളും കൂലിവേലക്കാരുമാണ്. നവകേരള യാത്രയും, സദസ്സും, കേരള ജനതയോട് സംവദിച്ചതിന്റെ പശ്‌ചാത്തലത്തില്‍ ഒരു നവകേരള നിര്‍മിതി എപ്രകാരമായിരിക്കണമെന്ന് ജനങ്ങളിലേക്കിറങ്ങി രൂപരേഖ തയാറാക്കുകയാണ് സര്‍ക്കാര്‍. പല കാരണങ്ങള്‍ കൊണ്ടും ആദിവാസികളുടെ ആവശ്യങ്ങള്‍ ഇത്തരം പ്രക്രിയകള്‍ക്ക് പുറത്താകുന്ന സാഹചര്യമുണ്ട്. ആദിവാസി മേഖലയിലെ അഭിപ്രായ സ്വരൂപണം ഊരു സദസ്സുകള്‍ വിളിച്ചു ചേര്‍ത്ത് ചെയ്യുന്നതാകും അഭികാമ്യം. കേവലം സാമ്പത്തിക പിന്നാക്കാവസ്‌ഥ എന്ന നിലയില്‍ ആദിവാസി പ്രശ്‌നങ്ങളെ സമീപിക്കുന്നതിനു പകരം ഗോത്രവര്‍ഗ ശാക്‌തീകരണ കാഴ്‌ച്ചപ്പാടില്‍നിന്നുകൊണ്ട് വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, വരുമാനം, അടിസ്‌ഥാന സൗകര്യ വികസനം എന്നീ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന രീതിയില്‍ പദ്ധതി തയാറാക്കേണ്ടതുണ്ട്.
വനവിഭവ ശേഖരണവും വനത്തിലും പ്രാന്തപ്രദേശങ്ങളിലും പഞ്ചായത്തും വനംവകുപ്പും നടപ്പിലാക്കുന്ന എന്‍.ആര്‍.ഇ.ജി.എ. പ്രവര്‍ത്തനങ്ങളാണ് ഇവരുടെ പ്രധാന ഉപജീവന മാര്‍ഗം. ഭൂമിയുടെ നാഡീഛേദം കൊണ്ട് അതിജീവന പ്രതിസന്ധി നേരിടുന്നവരാണ് കേരളത്തിലെ ആദിവാസികള്‍. മാറി മാറി വന്ന വനനിയമങ്ങളും അവരെ വനത്തില്‍നിന്നും അന്യമാക്കി. ഫലത്തില്‍ വേരുകള്‍ നഷ്‌ടപ്പെട്ട് സ്വന്തം മണ്ണും ആവാസ വ്യവസ്‌ഥയും നഷ്‌ടമായ ആദിവാസി ജനതയ്‌ക്ക് ഇടയിലേക്കാണ് കേന്ദ്രസര്‍ക്കാരിന്റെ വനാവകാശനിയമം എത്തുന്നത്. 1975 ല്‍ ഐ.ടി.ഡി.പി. വന്നതോടെ പട്ടികവര്‍ഗ മേഖലയില്‍ കൂടുതല്‍ അടിസ്‌ഥാന സൗകര്യം ഒരുങ്ങി.അതോടെ പുറത്തു നിന്നുമുള്ള കുടിയേറ്റം ശക്‌തമായി. കേരളത്തിന്റെ സമതലങ്ങള്‍, തമിഴ്‌നാട്, കര്‍ണാടക മേഖലയില്‍നിന്നും കുടിയേറ്റം ഉണ്ടായതായി ചരിത്ര രേഖകള്‍ പറയുന്നു. തദ്ദേശീയമായ ഗ്രാമീണ സമൂഹ മനസിനെ പഠിക്കാന്‍ തദ്ദേശീയമായ ഒരു രീതീശാസ്‌ത്ര നിര്‍മിതി കാലം ആവശ്യപ്പെടുന്നുണ്ട്. ആദിവാസിയുടെ പ്രശ്‌നങ്ങളെ അവന്റെ കാഴ്‌ചപ്പാടിലൂടെ കാണാന്‍ നമുക്ക് കഴിയണം.
വിഭവാധികാരത്തിന്റെ പ്രസക്‌തി
വനാവകാശനിയമം ആദിവാസിയെ സംബന്ധിച്ചിടത്തോളം അതിജീവനത്തിനുള്ള അവസാനത്തെ കച്ചിത്തുമ്പായി വേണം കാണാന്‍. വേട്ടയാടല്‍ ഒഴികെ പരമ്പരാഗത അവകാശങ്ങളെല്ലാം ആദിവാസി ജനതയ്‌ക്ക് ലഭ്യമാക്കുന്ന നിയമമായിരുന്നു വനാവകാശനിയമം. എഫ്.ആര്‍.സികളെ പുനര്‍നിര്‍ണയം നടത്താനും നിയമം ജനതയെ പഠിപ്പിക്കാനും മേഖലയിലെ യുവതീ യുവാക്കളടങ്ങുന്ന ഗ്രൂപ്പിനെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനും ഈ നിയമത്തിലൂടെ പ്രാദേശിക ആദിവാസി കൂട്ടായ്‌മകളുടെ സഹായത്തോടെ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. 2008ല്‍ നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ അന്നത്തെ പട്ടികവിഭാഗ വകുപ്പുമന്ത്രി എ.കെ. ബാലന്‍ വനാവകാശനിയമത്തെ രണ്ടാം ഭൂപരിഷ്‌ക്കരണത്തോടാണ് ഉപമിച്ചത്. വനാവകാശനിയമം സര്‍ക്കാര്‍ നടപ്പിലാക്കിയതോടെ, സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള ഗോത്ര ജനതയെ, അവരുടെ ശേഷിയെ ഉയര്‍ത്തിക്കൊണ്ടുവരാനും, ഘട്ടം ഘട്ടമായി അവര്‍ അഭിമുഖീകരിക്കുന്ന അതിജീവന പ്രശ്‌നങ്ങളില്‍നിന്നും മോചനം നേടുന്നതിനായി ആദ്യം അവരെ ഭൂവുടമകളാക്കി. വ്യക്‌തിഗതാവകാശം വഴി 25256 ഏക്കര്‍ ഭൂമിയും സാമൂഹികാവകാശം വഴി 788316 ഏക്കര്‍ ഊരുകാക്കും മലകളും വനവും വനവിഭവങ്ങളും സ്വന്തമാക്കാന്‍ ആദിവാസി ജനതയ്‌ക്ക് കഴിഞ്ഞു. ഭൂമിയുടെ അവകാശികള്‍, വിഭവാധികാരത്തിലൂടെ വിഭവങ്ങളുടെ ഉടമകള്‍ എന്നീ നിലകളില്‍ ആദിവാസികളും മണ്ണും തമ്മിലുള്ള നാഡീഛേദം ഭാഗികമായി അവസാനിച്ചു കഴിഞ്ഞു. അവരുടെ അവകാശ സംരക്ഷണം ഒരു പരിധിവരെ സാധ്യമാക്കാന്‍ ഇതിലൂടെ ഇതിനകം കഴിഞ്ഞിട്ടുണ്ട്.
മണ്ണിന്റെയും കാടിന്റെയും
അവകാശികളായ ആദിവാസികള്‍
സാമൂഹികാവകാശം ലഭ്യമായതോടെ വനത്തിന്റെ കാവല്‍ക്കാരായി മാറുകയാണ് ആദിവാസികള്‍. വനത്തെ സംരക്ഷിക്കുന്നതിലൂടെ നാം നേരിടുന്ന കാലാവസ്‌ഥാ വ്യതിയാനം അടക്കം അഭിസംബോധന ചെയ്യുന്നവരായി ആദിവാസി ജനത മാറുകയാണ്. പ്രാദേശികമായി വനാവകാശനിയമം പ്രാബല്യത്തില്‍ വന്നതോടെ സ്വന്തം അതിജീവനം സാധ്യമാക്കുന്നതിനൊപ്പം പ്രകൃതിക്കൊപ്പം എങ്ങനെ ജീവിക്കാനാവുമെന്ന് പഠിപ്പിക്കുന്ന സാമൂഹിക പാഠശാല കൂടിയാണ് കേരളത്തിലെ പ്രാക്‌തനഗോത്ര മേഖലകള്‍. നിയമത്തെ ഉപയോഗപ്പെടുത്തി സ്വന്തം ശേഷി ഉയര്‍ത്തിക്കൊണ്ടുവരുന്നതിലൂടെ ഭൂമിയുടെ ആവാസ വ്യവസ്‌ഥയുടെ അവകാശികളായി അവര്‍ മാറി. അത് അവരുടെ അവകാശമാണ്. അതവര്‍ക്ക് ബോധ്യമുള്ളതുകൊണ്ടാണ് ഊരുകളില്‍ എഫ്.ആര്‍.സി.കള്‍ സജീവമായത്. ഊരുകൂട്ടങ്ങള്‍ സജീവമായത്. ഇത്തരം പ്രക്രിയയെയാണ് വികസനം എന്നു പറയുന്നത്. അതിനുള്ള ക്രിയാത്മക ഇടപെടല്‍ ആവശ്യമാണ്. വനാവകാശനിയമത്തിലെ സിഫോറം വഴി ഫോറസ്‌റ്റ് മാനേജ്‌മെന്റ് കമ്മിറ്റിയും, മാനേജ്‌മെന്റ് പ്ലാനും ഇനി തയാറാക്കേണ്ടത് തദ്ദേശീയരായ ആദിവാസികളാണ്. കാട് സംരക്ഷിക്കാനും, വന്യമൃഗങ്ങളുടെ ആവാസ വ്യവസ്‌ഥ സംരക്ഷിക്കാനുമുള്ള അധികാരികളായി ആദിവാസികള്‍ മാറുകയാണ്. ഇതിലൂടെ പരിസ്‌ഥിതി സന്തുലിതാവസ്‌ഥ നമുക്ക് നിലനിര്‍ത്താന്‍ കഴിയും.
മൂലധന ശാക്‌തീകരണം
ഓരോ ആദിവാസിയേയും ലക്ഷ്യമിട്ടാവണം
പ്രസ്‌തുത സാഹചര്യം നിലനിര്‍ത്തുകയും അത് കൂടുതല്‍ യുവാക്കളിലേക്ക് എത്തിക്കുകയും വേണം. ഒപ്പം അവരുടെ സാമ്പത്തിക ശാക്‌തീകരണം സാധ്യമാക്കണം. അവരുടെ അതിജീവന പ്രതിസന്ധിക്ക് പരിഹാരം കാണണം. പരിസ്‌ഥിതി സംരക്ഷണം ഉറപ്പുവരുത്തുകയും വേണം. അതിലൂടെ അവന്റെ കുടുംബത്തിന്റെ മൂലധന ശാക്‌തീകരണം സാധ്യമാക്കണം. പുതിയ തലമുറയെ മൂല്യ ബോധമുള്ളവരാക്കി തീര്‍ക്കുക വഴിയേ ഇന്നവര്‍ അഭിമുഖീകരിക്കുന്ന അതിജീവന പ്രതിസന്ധിയെ മറികടക്കാനാവൂ. വ്യക്‌തി/ കുടുംബം/ സമൂഹം എന്നിങ്ങനെ ഓരോ ശ്രേണിയെയും ഉയര്‍ത്തി കൊണ്ടുവരണം. അതിനായി വനം-പട്ടികവര്‍ഗ ക്ഷേമം - തദ്ദേശ സ്വയംഭരണം-റവന്യു വകുപ്പുകളുടെ ഏകീകരണം കൂടി സാധ്യമാക്കണം. വനാവകാശനിയമപ്രകാരം സി ഫോറം കൊടുത്ത് സി.എഫ്.ആര്‍.എം.സി. രൂപീകരണം നടത്തണം. വനവിഭവങ്ങള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്തണം. പ്രാക്‌തന ഗോത്രവര്‍ഗ പ്ര?ഡ്യൂസര്‍ കമ്പനി പോലുള്ളവ രൂപീകരിക്കണം. ഓരോ എഫ്.ആര്‍.സികളും സ്വയം സാമ്പത്തിക ശക്‌തിയായി ഉയരണം. പ്രാക്‌തന മേഖലയുടെ ഫെഡറേഷന്‍ രൂപീകരിക്കപ്പെടണം.
സാമ്പത്തിക സ്വാതന്ത്ര്യം
വിഭവാധികാരത്തിലൂടെ
കുട്ടികളടങ്ങുന്ന പുതിയ തലമുറ മണ്ണിന്റെയും മരത്തിന്റെയും കാടിന്റെയും പ്രാധാന്യം അറിഞ്ഞ് വളരണം. അതിലൂടെ പ്രകൃതിക്ഷോഭങ്ങളും മണ്ണിടിച്ചിലും ഒരു പരിധിവരെ നമുക്ക് തടയാനാവും. ഒപ്പം കുടിവെള്ള സ്രോതസ്സുകള്‍ ഉയരും. വനത്തില്‍ അടികാടും ജൈവവൈവിധ്യവും സജീവമാവും. ഗോത്രവര്‍ഗം ഭൂവുടമകളും വിഭവാധികാര ഉടമകളുമായി മാറും. ഓരോ ഊരും സാമ്പത്തിക സ്വയാശ്രയം നേടും. ഒപ്പം പരിസ്‌ഥിതി സംരക്ഷണവും. പ്രാക്‌തന ഗോത്ര മേഖലയിലെ തേന്‍ സംരഭണവും, കൃഷിയും പ്രോത്സാഹിപ്പിക്കണം. തേന്‍ സ്‌റ്റുഡിയോ ആരംഭിക്കണം. തേനില്‍നിന്നും മറ്റു വിഭവങ്ങള്‍ ഉണ്ടാക്കണം. അതുപോലെ കുന്തിരിക്കം, ഈറ്റ എന്നിവ ഉപയോഗപ്പെടുത്തി അനുബന്ധ വ്യവസായങ്ങള്‍ ആരംഭിക്കണം.
ഗ്രീന്‍ അംബാസഡര്‍
ൈട്രബല്‍ ഹോസ്‌റ്റലുകളിലും മേഖലയിലെ സ്‌കൂളുകളിലും പരിസ്‌ഥിതി ക്ലബ്ബുകള്‍ ആരംഭിക്കണം. വളര്‍ന്നു വരുന്ന ആദിവാസി യുവാക്കള്‍ ഗ്രീന്‍ അംബാസഡര്‍മാരാവണം. മണ്ണിനെയും പ്രകൃതിയെയും ആരാധിക്കുന്നവരാണ് ആദിവാസികള്‍. പ്രത്യേകിച്ച് പ്രാക്‌തന ഗോത്രവര്‍ഗങ്ങള്‍. അനീമിസമാണ് അവരുടെ മതം. തനിക്ക് അന്യം നിന്ന മണ്ണും വിണ്ണും വനാവകാശനിയമത്തിലൂടെ ആദിവാസിക്ക് തിരിച്ചു കിട്ടിക്കഴിഞ്ഞു. ഇനി അതിന്റെ ഉടമസ്‌ഥാവകാശം ഉപയോഗപ്പെടുത്തി അതിജീവനം എപ്രകാരം സാധ്യമാക്കാനാവും എന്നാണ് നമ്മള്‍ ആലോചിക്കേണ്ടത്.
ഗോത്രമേഖലയില്‍ വ്യക്‌തിഗതാവകാശം വഴി 38755 ഏക്കര്‍ ഭൂമിയും സാമൂഹികാവകാശം വഴി വിഭവാധികാരത്തിന്റെ പരിധിയില്‍ 788316.14 ഏക്കര്‍ ഭൂമിയും ലഭ്യമായിട്ടുണ്ട്. അത് ഉപയോഗപ്പെടുത്തി ഗോത്ര മേഖലയുടെ സമഗ്ര ശാക്‌തീകരണം സാധ്യമാക്കുക എന്നതാണ് ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി.
ഭൂമി കിട്ടി. വനവിഭവങ്ങളുടെ മേലുള്ള അധികാരം അവര്‍ക്ക് അവകാശമാണ്. സി.എഫ്.ആര്‍. കിട്ടിയതോടെ വനം അവരുടേതായി. ഇനിയാവശ്യം വനവും വനവിഭവങ്ങളും സംരക്ഷിക്കുകയും അവ ഉപയോഗപ്പെടുത്തി മൂല്യവല്‍കൃത വിപണി ഉയര്‍ത്തികൊണ്ടുവരികയുയുമാവണം. പെസ പോലുള്ള നിയമങ്ങളിലും 2007ലെ യു.എന്‍. പ്രഖ്യാപനത്തിലെ ആര്‍ട്ടിക്കുകളിലും ആദിവാസി ജനതയുടെ അവകാശമായി അത്തരം പ്രവര്‍ത്തനത്തെ ഉയര്‍ത്തികാട്ടുന്നു. യു.എന്‍. പ്രഖ്യാപനത്തില്‍ ഒപ്പുവച്ച 146 രാജ്യങ്ങളില്‍ നമ്മുടെ രാജ്യവും ഉള്‍പ്പെടും.
താങ്ങുവില ഉറപ്പുവരുത്തുക
പ്രാദേശിക വനവിഭവങ്ങള്‍/ മൂല്യാധിഷ്‌ഠിത ഉല്‍പന്നങ്ങള്‍ എന്നിവയ്‌ക്ക് സര്‍ക്കാര്‍ തലത്തില്‍ താങ്ങുവില ഉറപ്പുവരുത്തുക. മിക്‌സ്‌ഡ് മില്ലറ്റ്/ തേന്‍/ കടല/ എള്ള് എന്നിവ ഉപയോഗപ്പെടുത്തി പ്രാക്‌തന ഗോത്രത്തിന്റെതായി ലഡു പോലുള്ള മധുര പലഹാരങ്ങള്‍ നിര്‍മിച്ച് ഐ.സ.ിഡി.എസിലൂടെ വിതരണം ചെയ്യുക. അതിന് താങ്ങുവില ഉറപ്പുവരുത്തുക.
ഓരോ ആദിവാസിയെ സംബന്ധിച്ചിടുത്തോളം ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് അവനെ കൈപിടിച്ചുയര്‍ത്തേണ്ട ബാധ്യത 99 ശതമാനം വരുന്ന പൊതുസമൂഹത്തിനുണ്ട്. അതിലൂടെ ആദിവാസികളുടെ ആവാസ മേഖലയായ പശ്‌ചിമഘട്ടത്തിന്റെ സുരക്ഷയും നമുക്ക് ഉറപ്പുവരുത്താനാവും. മേല്‍ പറഞ്ഞ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമെ വംശനാശത്തിലേക്ക് ഊളിയിട്ടിറങ്ങുന്ന പ്രാക്‌തന ഗോത്രവര്‍ഗമടക്കമുള്ള ജനതയെ രക്ഷപ്പെടുത്താനാവൂ. അത് ഒരേ സമയം ആദിവാസി അതിജീവനവും ഒപ്പം പരിസ്‌ഥിതി സന്തുലനാവസ്‌ഥയുടെ രക്ഷയുമാവുന്നു. ഇതിന് ആവശ്യമായ പദ്ധതികള്‍ സംസ്‌ഥാന സര്‍ക്കാര്‍ ആരംഭിക്കണം. ഗോത്ര ജനത അതിന്റെ അമരക്കാരാവണം. ഇതുവരെ നടത്തിയ ആദിവാസി വികസന പദ്ധതികളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണവും സാമൂഹിക പ്രോഗ്രസ് റിപ്പോര്‍ട്ടും തയാറക്കുകയും വേണം.
രാജേന്ദ്രപ്രസാദ്