-->
കൊച്ചി; നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനു വിജയം ഉറപ്പാണെന്നും അതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ചു നില്‍ക്കുമെന്നാണു തന്റെ വിശ്വാസമെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മറൈന്‍ ൈഡ്രവില്‍ നടന്ന കെ.പി.സി.സി. മഹാപഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. നേടിയത് അതിഗംഭീര വിജയമാണ്. നിയമസഭയിലും കോണ്‍ഗ്രസ് വിജയം ആവര്‍ത്തിക്കും. കോണ്‍ഗ്രസ് നേതൃത്വം ജനതയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുണ്ട്. ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറയാണു പഞ്ചായത്തുകള്‍. ഭരണഘടന നിലനില്‍ക്കണമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഓരോ വ്യക്‌തിയുടെയും വോട്ട് സംരക്ഷിക്കപ്പെടേണ്ടത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അനിവാര്യതയാണ്.
ആര്‍.എസ്.എസും ബി.ജെ.പിയും ഭരണസംവിധാനങ്ങളുടെ അധികാര കേന്ദ്രീകരണത്തിനു ശ്രമിക്കുമ്പോള്‍ അതിന്റെ വികേന്ദ്രീകരണം ലക്ഷ്യമാക്കുന്ന പ്രസ്‌ഥാനമാണു കോണ്‍ഗ്രസ്. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ആശയങ്ങള്‍ക്ക് അടിമപ്പെടുന്ന ജനതയെയാണ് അവര്‍ക്കാവശ്യം. അല്ലാതെ ജനതയുടെ ശബ്‌ദം കേള്‍ക്കാനും കേള്‍പ്പിക്കാനുമല്ല. മലയാളക്കരയെ ആര്‍ക്കും നിശബ്‌ദരാക്കാന്‍ സാധിക്കില്ല എന്നതിന്റെ തെളിവാണു തദ്ദേശ തെരഞ്ഞെടുപ്പു ഫലം.
ആശയപരമായി സാംസ്‌കാരിക നിശബ്‌ദത അടിച്ചേല്‍പ്പിക്കുകയാണ് ആര്‍.എസ്.എസും ബി.ജെ.പിയും. ഇന്ത്യ നിശബ്‌ദമായിരിക്കണമെന്നാണ് അവരുടെ ആഗ്രഹം. എന്നാല്‍, മലയാളക്കരയെ നിശബ്‌ദമാക്കാന്‍ ആര്‍ക്കും സാധിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പുഫലം അതിന്റെ തെളിവാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു വിജയം ഉറപ്പാണെന്നു കേരളത്തിലെ നേതാക്കളില്‍നിന്നുള്ള പ്രതികരണങ്ങള്‍ കേട്ടപ്പോള്‍ തീര്‍ച്ചയായി. കേരളത്തില്‍ തൊഴില്ലായ്‌മ വലിയ പ്രശ്‌നമാണ്. യു.ഡി.എഫ്. അതു പരിഹരിക്കും.
കേരളത്തില്‍നിന്നു വിജയിക്കാനായതു എനിക്ക് അഭിമാനമാണ്. കേരളത്തില്‍ മത്സരിക്കാന്‍ പ്രിയങ്ക തീരുമാനിച്ചത് എന്നെ സംബന്ധിച്ചിടത്തോളം വൈകാരിക തീരുമാനം കൂടിയായിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ഉത്തരവാദിത്വം മലയാളികളുടെ കൈകളിലാണ്. നിശബ്‌ദതയുടെ സംസ്‌കാരം വളരാന്‍ അനുവദിക്കരുത്. വിവിധ ജാതികള്‍, മതങ്ങള്‍, ഭാഷകള്‍, സംസ്‌കാരങ്ങള്‍ എന്നിവ ഒരുമിച്ചാണു കേരളത്തില്‍ നിലനില്‍ക്കുന്നത്. അതിനു കേരളമാണു മാതൃക'-രാഹുല്‍ ഗാന്ധി പറഞ്ഞു.
ഡോ. എം. ലീലാവതിയെയും പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചു. രാജ്യത്ത് എങ്ങനെ സാംസ്‌കാരിക നിശബ്‌ദത പടരുന്നുവെന്നു ലീലാവതി ടീച്ചര്‍ മനസിലാക്കിത്തന്നുവെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫ് അധ്യക്ഷനായിരുന്നു. സര്‍ക്കാര്‍ ഏകപക്ഷീയമായി വാര്‍ഡ്‌വിഭജനം നടത്തിയിട്ടും മിന്നുന്ന വിജയമാണു യു.ഡി.എഫ്‌്. നേടിയതെന്ന് അദ്ദേഹം പറഞ്ഞു.
കേളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി, പ്രവര്‍ത്തക സമിതിയംഗം സച്ചിന്‍ പൈലറ്റ്, കര്‍ണാടക മന്ത്രി കെ.ജെ. ജോര്‍ജ്, കെ. സുധാകരന്‍, ശശി തരൂര്‍, കെ. മുരളീധരന്‍, അടൂര്‍ പ്രകാശ്, എം.എം. ഹസന്‍, ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, എ.പി. അനില്‍കുമാര്‍, ഷാനിമോള്‍ ഉസ്‌മാന്‍, കൊടിക്കുന്നില്‍ സുരേഷ്, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. തദ്ദേശ സ്‌ഥാപനങ്ങളിലേക്കു 7818 യു.ഡി.എഫ്. സ്‌ഥാനാര്‍ഥികളായിരുന്നു വിജയിച്ചത്.