Saturday, March 14, 2026 Last Updated 38 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 12.24 AM

ശബരിമലയില്‍ ഇന്ന്‌ ദര്‍ശനം രാജപ്രതിനിധിക്കു മാത്രം

ശബരിമല: മണ്ഡല-മകര വിളക്ക്‌ മഹോത്സവ കാലത്ത്‌ 53 ലക്ഷം തീര്‍ഥാടകര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. പമ്പവഴിയും പരമ്പരാഗത കാനനപാതയായ സത്രം പുല്ലുമേട്‌ വഴിയും 18 നു രാത്രിവരെ സന്നിധാനത്തെത്തിയത്‌ 52,10,596 ഭക്‌തര്‍. പമ്പ വഴി 50,07,809 ഉം പുല്ലുമേട്‌ വഴി 2,02,781 ഭക്‌തരുമാണ്‌ എത്തിയത്‌. 3,056 പേര്‍ ദര്‍ശനത്തിനുശേഷം സന്നിധാനത്തുനിന്ന്‌ കാനനപാത വഴി മടങ്ങി. മകരവിളക്ക്‌ മഹോത്സവത്തോടനുബന്ധിച്ച്‌ ഭക്‌തര്‍ക്കുള്ള ദര്‍ശനം പൂര്‍ത്തിയായി. പന്തളം രാജപ്രതിനിധി ദര്‍ശനം നടത്തിയശേഷം ഇന്നു രാവിലെ 6.30 ന്‌ നടയടയ്‌ക്കും.
ദര്‍ശന സമാപനത്തെത്തുടര്‍ന്ന്‌ മാളികപ്പുറം മണിമണ്ഡപത്തിനു മുന്നില്‍ ഇന്നലെ ഗുരുതി നടന്നു. ഹരിവരാസനം ചൊല്ലി സന്നിധാനം നടയടച്ച ശേഷമായിരുന്നു പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തില്‍ ചടങ്ങ്‌. ഗുരുതിക്കുള്ള ഒരുക്കം വൈകിട്ടോടെ ആരംഭിച്ചിരുന്നു. റാന്നി കുന്നയ്‌ക്കാട്ട്‌ കുടുംബക്കാരായ രതീഷ്‌ അയ്യപ്പകുറുപ്പ്‌, അജിത്‌ ജനാര്‍ദനക്കുറുപ്പ്‌, ജയകുമാര്‍ ജനാര്‍ദനക്കുറുപ്പ്‌ എന്നിവര്‍ നേതൃത്വം നല്‍കി.
ഇന്നു രാവിലെ പന്തളം കൊട്ടാരം രാജപ്രതിനിധി പുണര്‍തംനാള്‍ നാരായണ വര്‍മയുടെ ദര്‍ശനത്തിനുശേഷമാണ്‌ നട അടയ്‌ക്കുക.
രാവിലെ അഞ്ചിനു നട തുറക്കും. തുടര്‍ന്ന്‌ കിഴക്കേമണ്ഡപത്തില്‍ ഗണപതിഹോമം. അതിനുശേഷം തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്കു തിരിക്കും. പെരിയസ്വാമി മരുതുവന ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുപ്പതംഗ സംഘമാണ്‌ തിരുവാഭരണ പേടകവുമായി മടങ്ങുന്നത്‌. 23 ന്‌ സംഘം പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെത്തും.
മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി വിളക്കണച്ച്‌ ശ്രീകോവിലിനു പുറത്തിറങ്ങി നടയടയ്‌ക്കും. താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്കു കൈമാറും. പതിനെട്ടാം പടിയിറങ്ങി ദേവസ്വം പ്രതിനിധികളുടെയും മേല്‍ശാന്തിയുടെയും സാന്നിധ്യത്തില്‍ രാജപ്രതിനിധി താക്കോല്‍ക്കൂട്ടം ശബരിമല അഡ്‌മിനിസ്‌ട്രേറ്റിവ്‌ ഓഫീസര്‍ക്കു നല്‍കും. മാസപൂജ ചെലവുകള്‍ക്കുള്ള പണക്കിഴിയും സമ്മാനിച്ച്‌ രാജപ്രതിനിധി പന്തളം കൊട്ടാരത്തിലേക്കു യാത്രയാകുന്നതോടെ ഈ തീര്‍ഥാടനകാലത്തിനു സമാപനമാകും.

Ads by Google
Tuesday 20 Jan 2026 12.24 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW