-->
പിന്നാക്ക-ദുര്‍ബല വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കു നൂറ്റാണ്ടുകളായി സ്‌കൂളുകളുടെ സമീപത്തുപോലും പോകാന്‍ അവകാശമില്ലായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം ഇക്കൂട്ടരുടെ സ്വപ്‌നത്തില്‍മാത്രമുള്ള ഒന്നായിരുന്നു. ഈ ദുസ്‌ഥിതിക്കു ചെറിയ മാറ്റം ചിലയിടങ്ങളില്‍ ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തെ പൊതുസ്‌ഥിതി ഇപ്പോഴും പഴയതുതന്നെ.
പിന്നാക്ക-ദുര്‍ബല വിദ്യാര്‍ഥികളുടെ പരിരക്ഷയ്‌ക്കായി പിന്നാക്ക ജാതി സംവരണവും അതുപോലുള്ള നടപടികളും നിലവിലുണ്ടെങ്കിലും അതൊന്നും ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസ മേഖലയിലെ സംവരണം വ്യാപകമായി അട്ടിമറിക്കപ്പെടുകയാണ്. പ്രതികരിക്കാന്‍ പ്രമുഖ രാഷ്‌ട്രീയ കക്ഷികള്‍ തയാറാകാത്തതാണ് ഈ ദുസ്‌ഥിതിക്കു കാരണം.
അണ്‍ എയ്‌ഡഡ് സ്‌കൂളുകള്‍ ഇന്നു ലാഭകരമായ വ്യവസായമായി മാറിയിട്ടുണ്ട്. കുത്തക വ്യവസായികളില്‍ പലരും അണ്‍ എയ്‌ഡഡ് സ്‌കൂളുകള്‍ സ്‌ഥാപിച്ച് അതില്‍നിന്നു ലാഭം കൊയ്യുന്ന സ്‌ഥിതിയാണ്. കേരളത്തില്‍തന്നെ അണ്‍ എയ്‌ഡഡ് സ്‌കൂളുകളിലെ ലോവര്‍ ൈപ്രമറി, അപ്പര്‍ ൈപ്രമറി വിഭാഗങ്ങളിലെ പ്രതിമാസ ഫീസ് ഒരു ലക്ഷം രൂപ വരെ ആയിട്ടുണ്ട്. കുട്ടികള്‍ക്ക് അക്കോമഡേഷനും ഫുഡും കൂടി കൊടുക്കുന്നതിനാണ് ഈ തുകയെന്നാണ് ചില മാനേജ്‌മെന്റുകളുടെ ഭാഷ്യം. സ്വകാര്യ നഴ്‌സറി സ്‌കൂളും പ്രീ കെ.ജിക്കും യു.കെ.ജിക്കും എല്‍.കെ.ജിക്കുമൊക്കെ ഒരു ലക്ഷം രൂപ വരെ ക്യാപിറ്റേഷന്‍ ഫീസ് വാങ്ങുന്ന സ്‌കൂളുകളുമുണ്ട്. സംസ്‌ഥാനത്തെ എയ്‌ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തിന് ഒരു കോടി രൂപ വരെ സ്‌കൂള്‍ മാനേജ്‌മെന്റ് കോഴ വാങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ അവസ്‌ഥ. ഇതിനെതിരേ ഒരു നടപടിയും സ്വീകരിക്കാനുള്ള ചങ്കൂറ്റം സംസ്‌ഥാന സര്‍ക്കാരിനില്ല. അംഗവൈകല്യമുള്ളവര്‍ക്ക് (ഹാന്‍ഡിക്യാപ്പ്‌ഡ്) അധ്യാപക നിയമനത്തില നിശ്‌ചിത ശതമാനം സംവരണം ചെയ്‌തു കൊണ്ടുള്ള തീരുമാനം പോലും നടപ്പിലാക്കാന്‍ സംസ്‌ഥാന സര്‍ക്കാരിനു സാധിച്ചിട്ടില്ല. സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ ഭീഷണിക്കു മുമ്പില്‍ മുട്ടുമടക്കുകയാണ് അവര്‍. രാജ്യത്തെ മറ്റൊരു സംസ്‌ഥാനത്തും ഈ ദുഃസ്‌ഥിതിയില്ല. അണ്‍ എയ്‌ഡഡ് സ്‌കൂളുകളിലും ഇപ്പോള്‍ അധ്യാപക നിയമനത്തിനു കോഴ വാങ്ങിക്കുന്നതു പതിവായിട്ടുണ്ട്.
സമൂഹത്തിലെ ദുര്‍ബല- പിന്നാക്ക വിഭാഗത്തിലെ കുട്ടികള്‍ക്കു സ്വകാര്യസ്‌കൂളുകളില്‍ 25 ശതമാനം സൗജന്യ ക്വാട്ട നടപ്പിലാക്കണമെന്നു സുപ്രീം കോടതി വിധിച്ചിരിക്കുകയാണ്. സ്വകാര്യ അണ്‍ എയ്‌ഡഡ്, സ്‌പെഷല്‍ കാറ്റഗറി സ്‌കൂളുകളിലെ ൈപ്രമറി- അപ്പര്‍ ൈപ്രമറി ക്ലാസുകളിലെ 25 ശതമാനം സീറ്റുകളില്‍ പിന്നാക്കക്കാരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നാണ് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്നത്. ഇത് ഉറപ്പാക്കാന്‍ സംസ്‌ഥാന സര്‍ക്കാരുകള്‍ക്കും തദ്ദേശസ്‌ഥാപങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. നിര്‍ധന വിദ്യാഥികളുടെ സ്‌കൂള്‍ പ്രവേശനം ദേശീയ ദൗത്യമായി ഏറ്റെടുക്കണമെന്നു ജഡ്‌ജിമാരായ പി. എസ്. നരസിംഹ, എ.എസ്. ചന്ദുക്കര്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിക്കുന്നു. ദുര്‍ബല പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്കു സമീപപ്രദേശത്തെ സ്‌കൂളുകളില്‍ പ്രവേശനം നിഷേധിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത സംസ്‌ഥാന സര്‍ക്കാരിനും തദ്ദേശ സ്‌ഥാപനങ്ങള്‍ക്കുമുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമത്തിലെ 12(1) സി വകുപ്പ് പ്രകാരം സ്വകാര്യ അണ്‍ എയ്‌ഡഡ് സ്‌കൂളുകളിലെ 25 ശതമാനം സീറ്റുകള്‍ ദുര്‍ബല, പിന്നോക്ക വിഭാഗം കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കണം. ഓരോ കുട്ടിക്കുമുള്ള ചെലവ് സര്‍ക്കാരില്‍നിന്നു മടക്കിക്കിട്ടാന്‍ നിയമപരമായിതന്നെ ഈ സ്‌ഥാപങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നു പരമോന്നത കോടതി പറഞ്ഞു.
മക്കള്‍ക്കു സ്വകാര്യ സ്‌കൂളിലെ സൗജന്യ വിദ്യാഭ്യാസത്തിനുള്ള 25 ശതമാനം പ്രവേശനം നിഷേധിച്ചെന്നു കാണിച്ചു മഹാരാഷ്‌ട്രയിലെ പിന്നാക്കക്കാരായ മാതാപിതാക്കളാണ് സൂപ്രീം കോടതിയെ സമീപിച്ചത്. ഓണ്‍ലൈന്‍ വഴി നടക്കുന്ന പ്രവേശനത്തിന് ഈ ക്വാട്ടയില്‍ അപേക്ഷിക്കാനാവില്ലെന്നാണ് സ്വകാര്യ സ്‌കൂള്‍ നിലപാടെടുത്തത്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കമായിട്ടുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നല്‍കുന്നത് സര്‍ക്കാര്‍- തദ്ദേശ അധികൃതരുടെ ഉത്തരവാദിത്വമാണെന്നും കോടതി വിധിയില്‍ പറയുന്നുണ്ട്.
ആര്‍.ടി.ഇ. പ്രകാരം പാവപ്പെട്ട കുട്ടികള്‍ സ്വകാര്യ സ്‌കൂളുകളില്‍ പ്രവേശനം നേടാന്‍ നേരിടുന്ന പ്രയാസങ്ങള്‍ സംബന്ധിച്ച ഗൗരവമായ വിഷയമാണ് സുപ്രീം കോടതി പരിഗണിച്ചത്. ഈ വിഷയത്തിലെ വിധി സുപ്രീം കോടതി രാജ്യ വ്യാപകമായി ബാധകമാക്കി. ഉത്തരവ് നടപ്പിലാക്കി സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര- സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വിദ്യാഭ്യാസ വ്യവസ്‌ഥകള്‍ മിക്കതും രാജ്യത്തു നടപ്പായിരുന്നില്ല. സമൂഹത്തിലെ പിന്നാക്ക- ദുര്‍ബല വിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികള്‍ക്ക് 25 ശതമാനം സൗജന്യ പ്രവേശനം ഉറപ്പാക്കണമെന്നു പരമോന്നത കോടതിയുടെ വിധി വിദ്യാഭ്യാസ അവകാശ വ്യസ്‌ഥകളുടെ അടിസ്‌ഥാനത്തിലുള്ളതാണ്. ഇതിനാവശ്യമായ ചട്ടം രൂപവത്‌കരിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുകയാണ്.
വിദ്യാഭ്യാസ മേഖലയില്‍ ദുര്‍ബല ജനവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരിക്കലും വന്‍കിട സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ മാനേജ്‌മെന്റുകള്‍ തയാറാകുകയില്ല. ഒടുവിലത്തെ സുപ്രീം കോടതി വിധിയെയും ഇക്കൂട്ടര്‍ വെല്ലുവിളിച്ചേക്കും. അതുകൊണ്ട് തന്നെ ഈ നിയമം നടപ്പിലാക്കാനുള്ള ബാധ്യത സംസ്‌ഥാന സര്‍ക്കാരുകളാണ് ഏറ്റെടുക്കേണ്ടത്. പിന്നാക്ക വിദ്യാര്‍ഥികളുടെ പ്രവേശനം നിഷേധിക്കുന്ന സ്വകാര്യ സ്‌കൂളിന്റെ അംഗീകാരം പിന്‍വലിക്കുമെന്നു പറയാനുള്ള ധൈര്യം സംസ്‌ഥാന സര്‍ക്കാരുകള്‍ക്കുണ്ടാകണം. സംസ്‌ഥാന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ ശക്‌തമായ നിലപാട് കൈ കൊണ്ടില്ലെങ്കില്‍ സുപ്രീം കോടതി വിധി കടലാസില്‍മാത്രം ഒതുങ്ങും.
ഇന്ത്യ പൊതുവെ വികസനത്തിന്റെ പാതയിലാണെന്നാണ് അധികൃതരുടെ പ്രചാരണം. വിദ്യാഭ്യാസ മേഖലയിലാണു കുറച്ചെങ്കിലും പുരോഗതി ഉണ്ടായിരിക്കുന്നത്. എന്നാല്‍, പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വളരെ മുന്നോട്ടുപോയ കേരളത്തിലേതു പോലെയുള്ള സ്‌ഥിതിയല്ല രാജ്യത്തെ മിക്കവാറും സംസ്‌ഥാനങ്ങളിലുള്ളത്. ൈപ്രമറി വിദ്യാഭ്യാസം പോലും ബഹുഭൂരിപക്ഷം സംസ്‌ഥാനങ്ങളിലും ദുര്‍ബല വിഭാഗങ്ങള്‍ക്കു നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
സുപ്രീം കോടതി വിധി വിദ്യാഭ്യാസമേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല.
അഡ്വ: ജി സുഗുണന്‍