-->
വിന്‍ഡോസ്, ലിനക്‌സ്, ആന്‍ഡ്രോയ്‌ഡ് പോലെ ഇന്നും മുന്‍നിരയില്‍ ഉണ്ടാകേണ്ട ഓപ്പറേറ്റിങ് സിസ്‌റ്റമായിരുന്നു സി.പി.എം.(കണ്‍ട്രോള്‍ പ്രോഗ്രാം ഫോര്‍ മൈക്രോകമ്പ്യൂട്ടേസ്- സി.പി./എം) പക്ഷേ, ഒരു നേരിയ അശ്രദ്ധ. അതു വളമായത് മൈക്രോസോഫ്‌റ്റിനും. അബദ്ധപ്പട്ടികയില്‍ സി.പി.എം. മാത്രമല്ല, ഐ.ബി.എമ്മുമുണ്ട്. അല്‍പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഐ.ബി.എമ്മിനും ഒരു വലിയ മുന്നേറ്റം നടത്താമായിരുന്നു...
*****************************
പഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ വിപണിയിലെത്തിയിട്ടും ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് (ജി.യു.ഐ.) വിദൂര സ്വപ്‌നമായിരുന്ന കാലം. ആ 'ഇരുണ്ട' നാളുകളിലാണു മൈക്രോസോഫ്‌റ്റ് ഡോസി(എംഎസ് ഡോസ്)ന്റെ വളര്‍ച്ച തുടങ്ങിയത്. ഏകദേശം 15 വര്‍ഷത്തോളം, ലക്ഷക്കണക്കിന് ഐ.ബി.എം. പഴ്‌സണല്‍ കമ്പ്യൂട്ടറുകളിലും അനുബന്ധ മോഡലുകളിലും പ്രവര്‍ത്തിച്ചിരുന്ന ലക്ഷക്കണക്കിന് ആപ്ലിക്കേഷനുകളുടെ അടിത്തറയായി ഡോസ് നിലകൊണ്ടു.
ശരിക്കും ഐ.ബി.എം. തുടങ്ങിവച്ചത് ഒരു കമ്പ്യൂട്ടര്‍ വിപ്ലവമായിരുന്നു. അതിന്റെ നേട്ടം കൊയ്‌തത് മൈക്രോസോഫ്‌റ്റും.
1980ലാണു പഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയില്‍ പ്രവേശിക്കാന്‍ ഐ.ബി.എം. തീരുമാനിച്ചത്. തങ്ങളുടെ ആദ്യ കമ്പ്യൂട്ടറായ ഐ.ബി.എം. പി.സി. നിര്‍മിക്കാനുള്ള പദ്ധതിക്ക് അവര്‍ തുടക്കമിട്ടു. വിപണിയില്‍ സാധാരണയായി ലഭ്യമായ ഘടകങ്ങള്‍ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ നിര്‍മിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ചെലവ് കുറയുമെന്നതായിരുന്നു പ്രധാന നേട്ടം.
പ്രോസസറിനായി, ഇന്റല്‍ 8088 തെരഞ്ഞെടുത്തു. അടുത്തതായി വേണ്ടിയിരുന്നത് ഓപ്പറേറ്റിങ് സിസ്‌റ്റമായിരുന്നു.
ഐ.ബി.എമ്മിന്റെ ആദ്യ പിഴവ്
സ്വന്തമായി ഓപ്പറേറ്റിങ് സിസ്‌റ്റം വികസിപ്പിക്കുന്നതിനു പകരം മറ്റുള്ളവരെ ആശ്രയിക്കാനായിരുന്നു ഐ.ബി.എമ്മിന്റെ തീരുമാനം. അതായിരുന്നു ആദ്യ പിഴവ്.
അക്കാലത്തെ വിപണിയിലെ മുന്‍നിരക്കാരായ ഡിജിറ്റല്‍ റിസര്‍ച്ചിനെ ഐ.ബി.എം. സമീപിച്ചു. 1973ല്‍ ഗാരി കില്‍ഡാല്‍ സ്‌ഥാപിച്ചതാണ് ആ കമ്പനി. അവര്‍ വികസിപ്പിച്ച സി.പി.എം86(സി.പി./എം-86) ഓപ്പറേറ്റിങ് സിസ്‌റ്റം പഴ്‌സണല്‍ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാനായിരുന്നു നീക്കം. 1980കളില്‍ സി.പി.എം-86ന്റെ 2.5 ലക്ഷം കോപ്പികളാണു വിറ്റുപോയത്. മൈക്രോകമ്പ്യൂട്ടറുകള്‍ക്കായുള്ള ഓപ്പറേറ്റിങ് സിസ്‌റ്റം വിപണിയില്‍ ഡിജിറ്റല്‍ റിസര്‍ച്ച് കരുത്തരായിരുന്ന കാലമായിരുന്നു അത്.
1980 ഓഗസ്‌റ്റില്‍, ഐ.ബി.എം. പ്രതിനിധികള്‍ പുതിയ ഐ.ബി.എം. പി.സിയില്‍ സി.പി.എം-86 ഉപയോഗിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഡിജിറ്റല്‍ റിസര്‍ച്ചിനെ സന്ദര്‍ശിച്ചു. 16ബിറ്റ് ഇന്റല്‍ 8088, 8086 പ്രോസസറുകള്‍ക്കുള്ള പതിപ്പായി സി.പി.എം-86 വിഭാവനം ചെയ്യപ്പെട്ടെങ്കിലും, അക്കാലത്ത് അതു പൂര്‍ത്തിയായിരുന്നില്ല. ഇരുപക്ഷത്തിനും ഒരു ഉടമ്പടിയിലെത്താന്‍ കഴിഞ്ഞില്ല എന്നതാണു സത്യം.
ഗാരി കില്‍ഡാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്തതാണു തിരിച്ചടിയായത്. അദ്ദേഹത്തിന്റെ ഭാര്യയും ബിസിനസ് പങ്കാളിയുമായ ഡൊറോത്തി മക്‌ചുവാന്‍ ചര്‍ച്ചകള്‍ നടത്തി. ഐ.ബി.എമ്മുമായി കരാര്‍ ഒപ്പിടാന്‍ അവര്‍ വിസമ്മതിച്ചു. ഭര്‍ത്താവ് തിരിച്ചുവന്നിട്ട് കരാര്‍ സംബന്ധിച്ച തീരുമാനമെടുക്കാമെന്ന് അവര്‍ കരുതി. ആ പിഴവ് സി.പി.എമ്മിനു താങ്ങാനായില്ല.
സ്വന്തമായി ഒ.എസ്. ഇല്ലാത്ത മൈക്രോസോഫ്‌റ്റ്!
ഐ.ബി.എമ്മിന്റെ ചര്‍ച്ചാ സംഘം സിയാറ്റിലിലേക്ക് പോയി. അവിടെ ബില്‍ ഗേറ്റ്‌സിനെ കണ്ടുമുട്ടി. അദ്ദേഹം ഐ.ബി.എം. പി.സിക്ക് ഓപ്പറേറ്റിങ് സിസ്‌റ്റം വാഗ്‌ദാനം ചെയ്‌തു. മൈക്രോസോഫ്‌റ്റിന്റെ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു ആ നിമിഷം.
മൈക്രോസോഫ്‌റ്റിനെ ഐ.ബി.എം. തെരഞ്ഞെടുത്തതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് മൈക്രോസോഫ്‌റ്റ് ബേസിക്ക് ഭാഷയുടെ വലിയ ഉപഭോക്‌തൃ അടിത്തറയായിരുന്നു. ഐ.ബി.എമ്മിന്റെ ബേസിക് ഭാഷക്ക് അത്രയധികം പ്രചാരമുണ്ടായിരുന്നില്ല. അക്കാലത്ത് ഒരു പ്രോഗ്രാമിങ് ഭാഷാ വിതരണക്കാരനായി അറിയപ്പെട്ടിരുന്ന മൈക്രോസോഫ്‌റ്റ് എന്ന ചെറിയ കമ്പനിക്ക് മുന്നില്‍ അത് വലിയ അവസരമായിരുന്നു. പിന്നീട് പതിറ്റാണ്ടുകളോളം മൈക്രോസോഫ്‌റ്റിന്റെ ഓപ്പറേറ്റിങ് സിസ്‌റ്റവും കമ്പ്യൂട്ടര്‍ ഭാഷകളും വിപണി വാണു.
ബില്‍ ഗേറ്റ്‌സിന്റെ കമ്പനിക്ക് സ്വന്തമായി ഒരു ഓപ്പറേറ്റിങ് സിസ്‌റ്റം ഉണ്ടായിരുന്നില്ല. കമ്പനിയുടെ സഹസ്‌ഥാപകനായ പോള്‍ അലന്‍ സുഹൃത്ത് ടിം പാറ്റേഴ്‌സണെ സമീപിച്ചു. അദ്ദേഹം സിയാറ്റില്‍ കമ്പ്യൂട്ടര്‍ പ്രോഡക്‌ട്‌സ് (എസ്.സി.പി) എന്ന സ്‌ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.
മൈക്രോപ്രോസസര്‍ ബോര്‍ഡുകള്‍ എസ്.സി.പി വിപണിയില്‍ എത്തിച്ചിരുന്നു. അതിന് അനുയോജ്യമായ ഓപ്പറേറ്റിങ് സിസ്‌റ്റം ആവശ്യമായിരുന്നു. ഡിജിറ്റല്‍ റിസര്‍ച്ചിന്റെ 16ബിറ്റ് സി.പി.എം പതിപ്പ് വൈകിയതുകൊണ്ട്, ടിം പാറ്റേഴ്‌സണ്‍ ഇന്റല്‍ 8086 പ്രോസസ്സറിനെ അടിസ്‌ഥാനമാക്കിയുള്ള പുതിയ കമ്പ്യൂട്ടറിനു വേണ്ടി ഒരു ഓപ്പറേറ്റിങ് സിസ്‌റ്റം വികസിപ്പിച്ചു. അദ്ദേഹം അതിന് ക്യൂഡോസ് (ക്വുക് ആന്‍ഡ് ഡേര്‍ട്ടി ഓപ്പറേറ്റിങ് സിസ്‌റ്റം) എന്നു പേരിട്ടു. താമസിയാതെ, 86ഡോസ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. പുതിയ ഒ.എസിന്റെ സാധ്യത മൈക്രോസോഫ്‌റ്റ് വേഗത്തില്‍ തിരിച്ചറിഞ്ഞു, അത് ലൈസന്‍സ് ചെയ്യാന്‍ തീരുമാനിച്ചു. 1980 ഡിസംബറില്‍, മൈക്രോസോഫ്‌റ്റ് എസ്.സി.പിയുമായി ഉടമ്പടിയിലെത്തി. 86ഡോസിന്റെ ലൈസന്‍സിനായി അവര്‍ 25,000 ഡോളറാണു നല്‍കിയത്. പിന്നീട് ഓപ്പറേറ്റിങ് സിസ്‌റ്റത്തിന്റെ എല്ലാ അവകാശങ്ങളും 50,000 ഡോളര്‍ അധികം നല്‍കി മൈക്രോസോഫ്‌റ്റ് വാങ്ങി.
ഓപ്പറേറ്റിങ് സിസ്‌റ്റം കുറഞ്ഞ വിലയ്‌ക്ക് സ്വന്തമാക്കാന്‍ ഐ.ബി.എമ്മുമായുള്ള തങ്ങളുടെ ബന്ധം മൈക്രോസോഫ്‌റ്റ് മറച്ചുവച്ചതായി പിന്നീട് പരാതി ഉയര്‍ന്നു. ഈ തര്‍ക്കം ഒടുവില്‍ കോടതിക്ക് പുറത്ത് പരിഹരിക്കപ്പെട്ടു, മൈക്രോസോഫ്‌റ്റ് എസ്.സി.പിക്ക് ഏകദേശം 10 ലക്ഷം ഡോളര്‍ നല്‍കി. 1981ല്‍, പാറ്റേഴ്‌സണ്‍ എസ്.സി.പി വിട്ട് മൈക്രോസോഫ്‌റ്റില്‍ ചേര്‍ന്നു.
ഡോസ് 1.0 ഏകദേശം 4,000 വരികളുള്ള അസംബ്ലി കോഡായിരുന്നു. ഈ കോഡ് വേഗത്തില്‍ മെച്ചപ്പെടുത്തുകയും ഐ.ബി.എമ്മിന് വിലയിരുത്തലിനായി സമര്‍പ്പിക്കുകയും ചെയ്‌തു. ഒടുവില്‍ മൈക്രോസോഫ്‌റ്റ് നല്‍കിയ ഓപ്പറേറ്റിങ് സിസ്‌റ്റം ഉപയോഗിക്കാന്‍ ഐ.ബി.എം. സമ്മതിച്ചു. 1981 ഓഗസ്‌റ്റില്‍ ഐ.ബി.എം. പി.സിയോടൊപ്പം ഓപ്പറേറ്റിങ് സിസ്‌റ്റം ഔദ്യോഗികമായി പുറത്തിറങ്ങിയപ്പോള്‍, അതിന് പി.സി ഡോസ് 1.0 എന്ന് പേരിട്ടു.
ഐ.ബി.എമ്മിന്റെ
രണ്ടാം പിഴവ്
ബില്‍ ഗേറ്റ്‌സ് ഐ.ബി.എമ്മിനു ഡോസിന്റെ ലൈസന്‍സ് നല്‍കിയില്ല. ഡോസ് മറ്റുള്ളവര്‍ക്ക് നല്‍കുന്നതിന് ഐ.ബി.എമ്മിനു നിരോധനമുണ്ടായിരുന്നു. ഡോസിന്റെ പൂര്‍ണമായ ലൈസന്‍സ് വാങ്ങാന്‍ താല്‍പര്യമുണ്ടോയെന്ന് ഒരു ഘട്ടത്തില്‍ ഐ.ബി.എമ്മിനോട് ബില്‍ഗേറ്റ്‌സ് ചോദിച്ചതാണ്. അവര്‍ താല്‍പര്യം കാട്ടിയില്ല. അത് അടുത്ത പിഴവായി. മറ്റ് കമ്പനികള്‍ക്ക് ഡോസ് വില്‍ക്കാനുള്ള അവകാശം മൈക്രോസോഫ്‌റ്റ് ആവശ്യപ്പെട്ടു, ഐ.ബി.എം. സമ്മതിച്ചു. ഈ കരാര്‍ വ്യവസ്‌ഥ മൈക്രോസോഫ്‌റ്റിന് എം.എസ്. ഡോസ് എന്ന പേരില്‍ ഓപ്പറേറ്റിങ് സിസ്‌റ്റം പൊതുവായി ലൈസന്‍സ് ചെയ്യാന്‍ അനുമതി നല്‍കി. മാസങ്ങള്‍ക്കുള്ളില്‍, മറ്റ് കമ്പനികള്‍, പ്രത്യേകിച്ച് ജാപ്പനീസ് നിര്‍മ്മാതാക്കള്‍, ഡോസില്‍ താല്‌പര്യം പ്രകടിപ്പിച്ച് ഗേറ്റ്‌സിനെ സമീപിക്കാന്‍ തുടങ്ങി. മൈക്രോസോഫ്‌റ്റിന് പിന്നെ വളര്‍ച്ചയുടെ കാലമായിരുന്നു.
നഷ്‌ടബോധം!
സി.പി.എമ്മും എം.എസ്. ഡോസും തമ്മിലുള്ള സമാനതകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ടിം പാറ്റേഴ്‌സണ്‍ വികസിപ്പിച്ച 16ബിറ്റ് പതിപ്പ്, 8ബിറ്റ് ഡോസ് പതിപ്പുകള്‍ സി.പി.എമ്മിനു സമാനമായ കമാന്‍ഡുകളും ഇന്റര്‍ഫേസുകളും ഉപയോഗിച്ചു. ഗാരി കില്‍ഡാലും ഡിജിറ്റല്‍ റിസര്‍ച്ചും ഡോസ് സി.പി.എമ്മിന്റെ പകര്‍പ്പാണെന്ന് അവകാശപ്പെട്ടു.
പാറ്റേഴ്‌സണ്‍ ആ ആരോപണങ്ങള്‍ നിഷേധിച്ചു. സി.പി.എമ്മിന്റെ ഡോക്യുമെന്റേഷന്‍ മാത്രമാണ് ഉപയോഗിച്ചതെന്നായിരുന്നു വിശദീകരണം.'ഒരു പാചകക്കുറിപ്പ് പിന്തുടരുകയാണെങ്കില്‍, അത് പാചകക്കുറിപ്പിന്റെ പകര്‍പ്പവകാശത്തെ ലംഘിക്കുന്നില്ല'. എന്നായിരുന്നു വാദം. പിന്നീട് ഐ.ബി.എമ്മും സി.പി.എമ്മും കൈകോര്‍ത്തെങ്കിലും വിജയം അകന്നുനിന്നു. സി.പി.എമ്മിന്റെ ഒരു പകര്‍പ്പിന് 240 ഡോളറായിരുന്നു വില. ഡോസിസ് 39.95 ഡോളറും.
ഐ.ബി.എം. തങ്ങളുടെ പഴ്‌സണല്‍ കമ്പ്യൂട്ടര്‍ പ്രഖ്യാപിച്ചപ്പോള്‍, എം.എസ്. ഡോസ്, സി.പി.എം-86, സോഫ്‌റ്റ്‌ടെക്കിന്റെ പി സിസ്‌റ്റം എന്നിങ്ങനെ മൂന്ന് ഓപ്പറേറ്റിങ് സിസ്‌റ്റങ്ങളെ പിന്തുണയ്‌ക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ലോഞ്ചില്‍, എം.എസ്. ഡോസ് മാത്രമാണ് ഉണ്ടായിരുന്നത്. 1981ല്‍, പ്രചാരത്തിലുള്ള പത്ത് പ്രോഗ്രാമുകളില്‍ ഒമ്പതും സി.പി.എം-80ല്‍ പ്രവര്‍ത്തിച്ചു.
ഐ.ബി.എം. പി.സി. പ്രതീക്ഷിച്ചതിലും വലിയ വിജയകരമായിരുന്നു. ആദ്യ വര്‍ഷം പ്രതിമാസം 30,000 കമ്പ്യൂട്ടറുകള്‍ ഐ.ബി.എം. വിറ്റു.
മൂന്ന് വര്‍ഷം കൊണ്ട് വിപണിയില്‍ ഡോസ് ആധിപത്യം നേടി. 1986 ജൂണ്‍ ആകുമ്പോഴേക്കും, എം.എസ്. ഡോസ് മൈക്രോസോഫ്‌റ്റിന്റെ വരുമാനത്തിന്റെ പകുതിയും സംഭാവന ചെയ്‌തു- 6.09 കോടി ഡോളര്‍. എം.എസ്. ഡോസിന്റ അവസാന സ്വതന്ത്ര പതിപ്പ്, എം.എസ്. ഡോസ് 6.22 1994ല്‍ പുറത്തിറങ്ങി.
1990കളുടെ മധ്യത്തോടെ ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് കൂടുതല്‍ പ്രചാരം നേടിയപ്പോള്‍ ഡോസിന്റ തകര്‍ച്ച ആരംഭിച്ചു. പിന്നെ അത് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്‌റ്റത്തിന്റെ ഭാഗമായി.
1983 ആയപ്പോഴേക്കും സി.പി.എമ്മിന്റെ തകര്‍ച്ച പൂര്‍ണമായി. ഐ.ബി.എമ്മിനേക്കാള്‍ വലിയ സ്‌ഥാപനമായി മൈക്രോസോഫ്‌റ്റ് മാറി.