Saturday, March 14, 2026 Last Updated 2 Min 22 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകര്‍
Sunday 18 Jan 2026 11.33 PM

ഐക്യ കാഹളം സതീശനെതിരേ; സഭാസിനഡിനു പോയത് തിണ്ണ നിരങ്ങാനല്ലേയെന്നു സുകുമാരന്‍ നായര്‍, സതീശന്‍ ഇന്നലെ പൂത്ത തകര'യെന്നു വെള്ളാപ്പള്ളി

വി.ഡി. സതീശനെതിരേ രൂക്ഷവിമര്‍ശനവുമായി എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്ത്‌.
uploads/news/2026/01/821511/valla-sathee-suku.jpg

ചേര്‍ത്തല/ചങ്ങനാശേരി: പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശനെതിരേ രൂക്ഷവിമര്‍ശനവുമായി എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്ത്‌.
ഇന്നലെ പൂത്ത തകരയാണ്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശനെന്ന്‌ വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. താന്‍ വര്‍ഗീയവാദിയാണെന്നു കോണ്‍ഗ്രസുകാര്‍ പറഞ്ഞിട്ടില്ല. ഈ മാന്യന്‍ മാത്രമാണ്‌ പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു. സതീശനെ പരസ്യമായി താക്കീത്‌ ചെയ്‌താണ്‌ കാന്തപുരം സംസാരിച്ചത്‌. തന്റെ കുടുംബത്തില്‍ പണ്ടേ കാറും സമ്പത്തുമുണ്ട്‌. സതീശന്‍ ജനിക്കുംമുമ്പ്‌ തന്റെ അച്‌ഛന്‍ തന്റെ സഹോദരിക്ക്‌ ഇംണ്ടില്‍ നിന്നാണ്‌ കാര്‍ വാങ്ങിക്കൊടുത്തത്‌. രാഷ്‌ട്രീയത്തില്‍ വരുന്നതിനു മുമ്പ്‌ ഇയാള്‍ക്ക്‌ എന്തുണ്ടായിരുന്നു. തന്നെ നിരന്തരം വേട്ടയാടുകയാണ്‌. ഈഴവര്‍ക്കെതിരേയാണ്‌ എന്നും സംസാരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആരു വിചാരിച്ചാലും എസ്‌.എന്‍.ഡി.പിയെ തകര്‍ക്കാന്‍ സാധിക്കില്ല. എസ്‌.എന്‍.ഡി.പിയെ പിളര്‍ത്താന്‍ ശ്രമിച്ചവരെല്ലാം സ്വയം നശിച്ചിട്ടേയുള്ളു. ഞങ്ങളെ എതിര്‍ക്കുന്നവരെ ഞങ്ങളും എതിര്‍ക്കും. ലീഗിന്റെ ഗുഡ്‌ബുക്കില്‍ കയറാനാണു സതീശന്റെ ശ്രമം. കെ.സി. വേണുഗോപാലിനോ രമേശ്‌ ചെന്നിത്തലയ്‌ക്കോ മുഖ്യമന്ത്രിയാകാന്‍ അയോഗ്യതയില്ല. എ.കെ. ആന്റണിക്ക്‌ വേണമെങ്കിലും ഇനി മുഖ്യമന്ത്രിയാകാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും വി.ഡി. സതീശനെതിരേ രൂക്ഷവിമര്‍ശനമാണു നടത്തിയത്‌. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്നു പ്രഖ്യാപിച്ച നേതാവ്‌ സഭാ സിനഡ്‌ യോഗം ചേര്‍ന്നപ്പോള്‍ അവിടെ പോയതു തിണ്ണ നിരങ്ങാനല്ലേയെന്നു ജി. സുകുമാരന്‍ നായര്‍ ചോദിച്ചു.
വര്‍ഗീയതയ്‌ക്കെതിരേ സംസാരിക്കാന്‍ സതീശന്‌ എന്തു യോഗ്യതയാണുള്ളത്‌. തനിക്കെതിരെയും സതീശന്‍ എന്തൊക്കയോ പറഞ്ഞിട്ടുണ്ട്‌. സതീശനെ കോണ്‍ഗ്രസ്‌ അഴിച്ചുവിട്ടിരിക്കുന്നതു ശരിയല്ല. സമുദായങ്ങള്‍ക്കെതിരേ ഇത്രയും മോശമായി സംസാരിച്ച മറ്റൊരാളില്ല. അയാള്‍ എന്‍.എസ്‌.എസിനെതിരേയും രൂക്ഷമായി പറഞ്ഞു. നയപരമായ വിഷയങ്ങള്‍ തീരുമാനിക്കാന്‍ സതീശന്‌ എന്ത്‌ അധികാരം. കോണ്‍ഗ്രസിനു പ്രസിഡന്റ്‌ ഇല്ലേ. കെ.പി.സി.സി. പ്രസിഡന്റ്‌ നോക്കുകുത്തി ആണോ? എല്ലാത്തിനും കയറി സതീശന്‍ എന്തിനാണു മറുപടി പറയുന്നത്‌. കോണ്‍ഗ്രസിനു തെരഞ്ഞെടുപ്പില്‍ അടി കിട്ടുമെന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.
രമേശ്‌ ചെന്നിത്തല മുഖ്യമന്ത്രിയായാല്‍ ഞങ്ങള്‍ക്കെന്തു കിട്ടാനാ? അവരാരും യോഗ്യരല്ല. വരാന്‍ പോകുന്നതു കണ്ടോ-സുകുമാരന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസ്‌, ഭരണത്തില്‍ വരില്ലെന്നാണോ പറയുന്നത്‌ എന്ന ചോദ്യത്തിന്‌ ഇത്തരത്തിലാണു കൈയിലിരിപ്പെങ്കില്‍ അവര്‍ അനുഭവിക്കുമെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

വര്‍ഗീയത പറയരുതെന്ന്‌ മാത്രമാണ്‌ നിലപാട്‌: സതീശന്‍

സമുദായനേതാക്കളെ കാണില്ലെന്നു പറഞ്ഞിട്ടില്ലെന്നും വര്‍ഗീയത പറയരുതെന്നു മാത്രമാണു തന്റെ നിലപാടെന്നും പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്‍.
ഇരു സമുദായ സംഘടനകള്‍ക്കുമെതിരേ താന്‍ സംസാരിച്ചിട്ടില്ല. സമുദായങ്ങള്‍ തമ്മില്‍ ശത്രുത പാടില്ല. സമൂഹത്തില്‍ ഭിന്നത ഉണ്ടാകരുത്‌ എന്നതാണ്‌ കോണ്‍ഗ്രസ്‌ നിലപാട്‌. വര്‍ഗീയത പറയരുതെന്നതാണ്‌ തന്റെ നിലപാട്‌. അതുകൊണ്ടാണ്‌ തനിക്കെതിരേ സംസാരിക്കുന്നതെന്നും പ്രതിപക്ഷനേതാവ്‌ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW