-->
കോട്ടയം: രാഷ്‌ട്രപുരോഗതിക്കു വേണ്ടിയാണു സഭ നിലകൊള്ളുന്നതെന്നും ജനപ്രതിനിധികളില്‍നിന്നു സഭയും സമൂഹവും ആഗ്രഹിക്കുന്നതും അതാണെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. തദ്ദേശഭരണ സ്‌ഥാപനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ട സഭാംഗങ്ങള്‍ക്കായി കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിജയിച്ചവര്‍ സഭാംഗങ്ങളായിരിക്കാം. എന്നാല്‍ സഭയ്‌ക്കു വേണ്ടിയല്ല സമൂഹത്തിനു വേണ്ടിയാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അനര്‍ഹമായതൊന്നും സഭയ്‌ക്കായി ചെയ്യേണ്ടതില്ല. സാധാരണക്കാരായ ജനങ്ങള്‍ക്കു വേണ്ടി എന്തു ചെയ്യാന്‍ കഴിയും എന്നതായിരിക്കണം ചിന്ത. ഭൗതികമായ നിര്‍മിതകള്‍ മാത്രമല്ല വികസനമെന്നു തിരിച്ചറിയണം.
പാലങ്ങള്‍ പണിതുയര്‍ത്തുമ്പോള്‍ അതിനടിയില്‍ അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ട ഭവന രഹിതരെക്കൂടി ഓര്‍ക്കണം. മലങ്കരസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനപ്രതിനിധികള്‍ വിജയിച്ചുവന്ന തെരഞ്ഞെടുപ്പാണു കടന്നുപോയത്. വിജയിച്ചവര്‍ക്കൊപ്പം പരാജയപ്പെട്ടവര്‍ക്കും ആശംസകള്‍ നേരുന്നതായും സഭാധ്യക്ഷന്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതിനാല്‍ ഏതെങ്കിലും രാഷ്‌ട്രീയാപാര്‍ട്ടിയെ സഭ പിന്തുണയ്‌ക്കുന്നില്ലെന്നും തെരഞ്ഞെടുപ്പില്‍ സമദൂര നിലപാടായിക്കുമെന്നും കാതോലിക്കാ ബാവ വ്യക്‌തമാക്കി.
വൈദിക ട്രസ്‌റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍, ദേവലോകം അരമന മാനേജര്‍ ഫാ.യാക്കോബ് റമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു. ആദരവ് ഏറ്റുവാങ്ങിയവര്‍ക്കായി പ്രതിനിധികള്‍ മറുപടി പ്രസംഗം നടത്തി. സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.