-->
തിരുവനന്തപുരം: കേരള വനിതാ കമ്മിഷന്‍ നടപ്പാക്കുന്ന 'പറന്നുയരാം കരുത്തോടെ' കാമ്പയിന്റെ സംസ്‌ഥാനതല ഉദ്‌ഘാടനം ഇന്നു മൂന്നിന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. മന്ത്രിമാരായ ഡോ. ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി എന്നിവര്‍ പങ്കെടുക്കും. കാമ്പയിന്‍ അംബാസിഡറായി നടി മഞ്‌ജുവാരിയര്‍ എത്തും.
ജീവിത പ്രതിസന്ധികളെ തരണം ചെയ്യാന്‍ സ്‌ത്രീകളെ പ്രാപ്‌തരാക്കുക, അവരുടെ മനക്കരുത്ത് വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു 'പറന്നുയരാം കരുത്തോടെ' എന്ന ടാഗ്‌ലൈനില്‍ സംസ്‌ഥാനത്തുടനീളം പ്രചാരണം സംഘടിപ്പിക്കുന്നത്.
ആദ്യഘട്ടമായി സംസ്‌ഥാനത്ത് മൂന്നിടങ്ങളില്‍ വിവിധ മേഖലകളില്‍ നിന്നുള്ള സ്‌ത്രീകളെ പങ്കെടുപ്പിച്ച് പരിപാടികള്‍ സംഘടിപ്പിക്കും.
പദ്ധതിയുടെ ലോഗോ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കിയിരുന്നു.
'നമുക്കെങ്ങനെ പറന്നുയരാം' എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ പ്രശസ്‌ത ഡബ്ബിങ് ആര്‍ട്ടിസ്‌റ് ഭാഗ്യലക്ഷ്‌മി മോഡറേറ്ററാകും.
സര്‍ക്കാര്‍ പ്‌ളീഡര്‍ ഡോ. ടി ഗീനാകുമാരി, ജന്‍ഡര്‍ കണ്‍സല്‍ട്ടന്റ് ഡോ. ടി.കെ. ആനന്ദി, എഴുത്തുകാരി ഡോ. ചന്ദ്രമതി, എച്ചുമുക്കുട്ടി, മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡ് അംഗം ഡോ. ഷാലിമ, കമ്മിഷന്‍ അംഗങ്ങള്‍ , ഡയറക്‌ടര്‍ ഷാജി സുഗുണന്‍ , ലോ ഓഫീസര്‍ കെ ചന്ദ്രശോഭ തുടങ്ങിയവര്‍ പാനലിസ്‌റ്റുകളാകും. തുടര്‍ന്ന് പ്രശസ്‌ത ഗായിക ആര്യ ദയാലിന്റെ സംഗീത പരിപാടി.
ഉദ്‌ഘാടന പരിപാടിയില്‍ വനിതാ ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, ഡയറക്‌ടര്‍ ഹരിത വി. കുമാര്‍, ജില്ലാ കലക്‌ടര്‍ അനുകുമാരി, പോലീസ് ഐ.ജി: എസ്. അജിതാബീഗം, കമ്മിഷന്‍ അംഗങ്ങളായ ഇന്ദിരാ രവീന്ദ്രന്‍, എലിസബത്ത് മാമന്‍ മത്തായി, വി.ആര്‍ മഹിളാമണി, പി കുഞ്ഞായിഷ തുടങ്ങിയവര്‍ പങ്കെടുക്കും.
കമ്മിഷന്‍ ആസ്‌ഥാനമായ തിരുവനന്തപുരത്തും മേഖലാ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോടും എറണാകുളത്തും വനിതകള്‍ക്ക് സൗജന്യ കൗണ്‍സിലിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത് പരമാവധി പ്രയോജനപ്പെടുത്തണമെന്നു കമ്മിഷന്‍ അധ്യക്ഷ അഭ്യര്‍ത്ഥിച്ചു.