-->
ശബരിമല: മകരവിളക്ക് മഹോത്സവ തീര്‍ഥാടനകാലത്തെ ഭക്‌തര്‍ക്കുള്ള ദര്‍ശനം ഇന്നു രാത്രി 10 ന് അവസാനിക്കും. ഇന്നു വൈകിട്ട് അഞ്ചുവരെ പമ്പയില്‍നിന്ന് ഭക്‌തരെ കടത്തിവിടും. ഇന്നുരാത്രി നടയടച്ച ശേഷം മണിമണ്ഡപത്തിനു മുന്നില്‍ രാജപ്രതിനിധിയുടെ സാന്നിധ്യത്തില്‍ ഗുരുതി ആരംഭിക്കും. നട അടയ്‌ക്കലിനു മുന്നോടിയായി നെയ്യഭിഷേകം ഇന്നലെ അവസാനിച്ചിരുന്നു.
20ന് പന്തളം രാജപ്രതിനിധിക്കു മാത്രമാണു ദര്‍ശനം. ഗണപതി ഹോമത്തിനുശേഷം തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്കു പുറപ്പെടും. രാജപ്രതിനിധിയുടെ ദര്‍ശനത്തിനുശേഷം മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്‌ക്കും.
താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്കു മേല്‍ശാന്തി കൈമാറും. പതിനെട്ടാം പടിയിറങ്ങി ദേവസ്വം ബോര്‍ഡ് പ്രതിനിധികളുടെയും മേല്‍ശാന്തിയുടെയും സാന്നിധ്യത്തില്‍ താക്കോല്‍ക്കൂട്ടം ശബരിമല അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് രാജപ്രതിനിധി കൈമാറും. മാസപൂജാ ചെലവിനായി പണക്കിഴി നല്‍കി പന്തളം കൊട്ടാരത്തിലേക്കു മടങ്ങും.
ശബരിമല ദര്‍ശനത്തിനായുള്ള സ്‌പോട്ട് ബുക്കിങ് കൗണ്ടറുകള്‍ ഇന്നുകൂടി പ്രവര്‍ത്തിക്കും. പമ്പ, നിലയ്‌ക്കല്‍, എരുമേലി എന്നിവിടങ്ങളിലാണ് സ്‌പോട്ട് ബുക്കിങ്‌് സൗകര്യം. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങും ഇന്നുവരെയുണ്ട്. വെര്‍ച്വല്‍ ക്യൂ വഴി 30,000 പേരെയും സ്‌പോട്ട് ബുക്കിങ് വഴി 5,000 പേരെയും ഇന്നു കടത്തിവിടും.
മാളികപ്പുറം ഗുരുതി ഇന്ന്
ശബരിമല: തീര്‍ഥാടനത്തിനു സമാപനം കുറിച്ച് മാളികപ്പുറം മണിമണ്ഡപത്തിന് മുന്നില്‍ ഇന്ന് ഗുരുതി. ഹരിവരാസനം ചൊല്ലി സന്നിധാനം നട അടച്ചശേഷം പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ്.
മണിമണ്ഡപത്തിനു മുന്നില്‍ വാഴപ്പോളയും കുരുത്തോലയും ഉപയോഗിച്ച് അഞ്ച് കളം തീര്‍ത്ത് നടുവില്‍ പന്തം കൊളുത്തും. നിലവിളക്ക്, പൂക്കുല, പൂമാല എന്നിവ കൊണ്ട് അലങ്കരിക്കും. റാന്നി കുന്നയ്‌ക്കാട്ട് കുടുംബക്കാരായ രതീഷ് അയ്യപ്പക്കുറുപ്പ്, അജിത് ജനാര്‍ദന കുറുപ്പ്, ജയകുമാര്‍ ജനാര്‍ദനകുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കും. മാളികപ്പുറം കന്നിമൂല ഭാഗം, കൊച്ചുകടുത്തയ്‌ക്ക് മുമ്പില്‍, മാളികപ്പുറം ഗോപുരത്തിന് കിഴക്ക് എന്നീ സ്‌ഥലങ്ങളിലും ഒരേ സമയം ഗുരുതിയുണ്ട്.
സന്ധ്യയോടെ മാളികപ്പുറത്തുള്ള രാജപ്രതിനിധി സന്നിധാനത്തേക്ക് മടങ്ങും. ഹരിവരാസനത്തിനു ശേഷം തിരികെയെത്തുന്നതോടെ ചടങ്ങ് ആരംഭിക്കും. രാജപ്രതിനിധിയുടെ സാന്നിധ്യത്തില്‍ മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പും കുഴച്ചുണ്ടാക്കിയ ചുവന്ന നിണം തര്‍പ്പണം ചെയ്‌ത് കുമ്പളങ്ങ വെട്ടും. പ്രസാദം ഭക്‌തര്‍ക്ക് ഉള്‍പ്പെടെ വിതരണം ചെയ്യും. ഗുരുതിയുടെ ആദ്യ ചടങ്ങ് മാത്രമേ ഭക്‌തര്‍ക്ക് കാണാന്‍ കഴിയുകയുള്ളൂ. ഗുരുതിക്ക് മുമ്പായി മാളികപ്പുറം മേല്‍ശാന്തിയും സന്നിധാനത്തേക്ക് മടങ്ങും.
ചടങ്ങിന്റെ അവസാനം രാജപ്രതിനിധിയുടെ സാന്നിധ്യത്തില്‍ മണിമണ്ഡപം പൂട്ടി താക്കോല്‍ ദേവസ്വം അധികൃതര്‍ക്ക് കൈമാറും. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ആറു ദിവസം മാത്രമാണ് മണിമണ്ഡപം തുറക്കുന്നത്.