-->
മുംബൈ: ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍(ബി.എം.സി) തെരഞ്ഞെടുപ്പില്‍ ബി.ജെ.പി- ശിവസേന(ഷിന്‍ഡെ) സഖ്യത്തിനു വ്യക്‌തമായ ഭൂരിപക്ഷം ലഭിച്ചിട്ടും മേയര്‍ സ്‌ഥാനം സംബന്ധിച്ച് അനിശ്‌ചിതത്വം. 227 അംഗ കോര്‍പറേഷനില്‍ ഭൂരിപക്ഷത്തിന് 114 സീറ്റുകളാണു വേണ്ടത്. സഖ്യത്തിന് 118 അംഗങ്ങളുടെ പിന്തുണയുണ്ട്. മേയര്‍ സ്‌ഥാനം തങ്ങള്‍ക്കുവേണമെന്ന ഷിന്‍ഡെ വിഭാഗത്തിന്റെ ആവശ്യമാണു തിരിച്ചടിയായത്. ഏറ്റവും വലിയ ഒറ്റ കക്ഷിക്ക് മേയര്‍ സ്‌ഥാനം ലഭിക്കണമെന്ന് നിര്‍ബന്ധമില്ലെങ്കിലും വലിയ കക്ഷികള്‍ക്കാണ് സാധാരണയായി ഈ സ്‌ഥാനം ലഭിക്കുന്നത്.
89 സീറ്റുകളുള്ള ബി.ജെ.പിയാണു വലിയ കക്ഷി. ഷിന്‍ഡെ പക്ഷത്തിന് 29 സീറ്റ് മാത്രമാണുള്ളത്. ശിവസേന (യു.ബി.ടി) 65 സീറ്റുകളുമായി രണ്ടാമത്തെ വലിയ ഒറ്റ കക്ഷിയായി. അവസാന മേയര്‍ ശിവസേനയുടെ കിഷോരി പെഡ്‌നേക്കര്‍ ആയിരുന്നു. അവര്‍ ഈ തെരഞ്ഞെടുപ്പിലും വിജയിച്ചിട്ടുണ്ട്. മേയര്‍ സ്‌ഥാനം വിട്ടുകൊടുത്താല്‍ തിരിച്ചടിയാകുമെന്ന ആശങ്ക ഷിന്‍ഡെ വിഭാഗത്തിനുണ്ട്. ആ സാഹചര്യം കണക്കിലെടുത്ത് ശിവസേന (യു.ബി.ടി) അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും രംഗത്തുണ്ട്. ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ബി.ജെ.പിയെ ഭയക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
ക്രമക്കേടുകളുടെ സഹായത്തോടെയാണു ബി.ജെ.പി. വിജയിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ബി.ജെ.പിക്ക് കടലാസില്‍ വിജയിക്കാന്‍ കഴിയുമെങ്കിലും ഗ്രൗണ്ടില്‍ അതിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശിവസേന (യു.ബി.ടി) മേയര്‍ വരണമെന്നത് ഞങ്ങളുടെ സ്വപ്‌നമാണ്;ദൈവം സഹായിച്ചാല്‍ അത് സംഭവിക്കും.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യഥാര്‍ഥ ശിവസേനയെന്നാല്‍ താന്‍ നയിക്കുന്നതാണ്. ഷിന്‍ഡെ വിഭാഗത്തിന്റെ ടിക്കറ്റില്‍ ജയിച്ചവരില്‍ യഥാര്‍ഥ ശിവസേനക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ മാതൃപാര്‍ട്ടിയിലേക്കു മടങ്ങിവരും. മേയര്‍ സ്‌ഥാനം നേടാനായി ബി.ജെ.പി കൂറുമാറ്റം നടത്താന്‍ സാധ്യതയുണ്ടെന്നും ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നല്‍കി. ഷിന്‍ഡെ പക്ഷ ശിവസേന തങ്ങളുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോര്‍പ്പറേറ്റര്‍മാരെ ശനിയാഴ്‌ച മുംബൈയിലെ ആഡംബര ഹോട്ടലിലേക്ക് മാറ്റിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം കോര്‍പ്പറേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കാനാണു നീക്കമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. ആദ്യത്തെ 2.5 വര്‍ഷത്തെ മേയര്‍ സ്‌ഥാനം തങ്ങള്‍ ആവശ്യപ്പെടുമെന്നു ഷിന്‍ഡെ വിഭാഗം അറിയിച്ചു. സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉള്‍പ്പെടെ പ്രധാന കമ്മിറ്റി സ്‌ഥാനങ്ങള്‍ അനുപാതികമായി പങ്കിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. മേയര്‍ സ്‌ഥാനം സംബന്ധിച്ച് ഒറ്റക്കെട്ടായി തീരുമാനമെടുക്കുമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.
പ്രതിപക്ഷത്തിന് ഭരണ മുന്നണിക്ക് വെല്ലുവിളിക്കാന്‍ ആവശ്യമായ എണ്ണം ഉണ്ടെങ്കിലും ജനാധിപത്യത്തെ ബഹുമാനിക്കുമെന്നു സേന (യു.ബി.ടി.) എം.പി. സഞ്‌ജയ് റാവത്ത് പറഞ്ഞു. ഷിന്‍ഡെയുടെ ശിവസേനയില്‍നിന്നുള്ള കോര്‍പ്പറേറ്റര്‍മാര്‍ക്ക് പോലും മുംബൈയില്‍ ബി.ജെ.പി മേയര്‍ വരണമെന്ന് ആഗ്രഹിക്കുന്നില്ലെന്നു റാവത്ത് പറഞ്ഞു. നിരവധി ആളുകള്‍ തന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം 28 നു മേയര്‍ തെരഞ്ഞെടുപ്പ് നടക്കാനാണു സാധ്യത.