-->
പെന്തക്കോസ്ത സഭയുടെ 102ാമത് ജനറൽ കൺവെൻഷനിൽ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുമ്പനാട് വച്ച് നടന്ന പ്രാർത്ഥനയിലാണ് പ്രതിപക്ഷ നേതാവ് പങ്കെടുത്തത്. സഭയിലെ അംഗങ്ങൾ രാജ്യത്തിന്റെ വിവിധ മേഖലയിൽ പീഡിപ്പിക്കപ്പെടുമ്പോൾ ഇടപെടലുകൾ നടത്താൻ പ്രതിപക്ഷ നേതാവിന് വേണ്ടി ദി പെന്തക്കോസ്ത് സഭാംഗങ്ങൾ നടത്തിയ പ്രാർത്ഥനയിലും വി ഡി സതീശൻ പങ്കെടുത്തു.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർശനം നടത്തിയത് ഇന്ന് രാവിലെ ആയിരുന്നു. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച നേതാവ് സഭാ സിനഡ് യോഗം ചേർന്നപ്പോൾ അവിടെ പോയത് തിണ്ണനിരങ്ങാനല്ലേയെന്ന് സുകുമാരൻ നായർ ഉയർത്തിയ വിമർശനം. സതീശനേ അഴിച്ചു വിട്ടാൽ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ അടി കിട്ടുമെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടിരുന്നു.
ഇന്നലെ പൂത്ത തകരയാണ് വിഡി സതീശനെന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. സതീശൻ ആണ് തനിക്കെതിരെ പറഞ്ഞത്. താൻ വർഗീയ വാദിയാണെന്ന് രമേശ് ചെന്നിത്തലയോ വേണുഗോപാലോ എ കെ ആന്റണിയോ പറയട്ടെ. അപ്പോൾ അംഗീകരിക്കാം. കാന്തപുരം ഇരുന്ന വേദിയിൽ അദ്ദേഹം തന്നെ സതീശനെ തിരുത്തി. താൻ കോൺഗ്രസിന് എതിരല്ല. നേതാക്കളുമായി നല്ല ബന്ധമുണ്ട്. തന്നെ വേട്ടയാടുകയാണ്. ഈഴവരെ തകർക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. രണ്ട് വിമർശനങ്ങൾക്ക് വി ഡി സതീശൻ മറുപടി നൽകിയിരുന്നു. സമുദായങ്ങളും മതങ്ങളും തമ്മിൽ ശത്രുത ഉണ്ടാകരുതെന്നും സമൂഹത്തിൽ ഭിന്നത ഉണ്ടാക്കരുത് എന്നതാണ് കോൺഗ്രസ് നിലപാടെന്നും അത് മാത്രമാണ് താൻ പറഞ്ഞിട്ടുള്ളതെന്നും വി ഡി സതീശൻ പ്രതികരിച്ചത്.