-->
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്‌ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ച് പി.വി. അന്‍വര്‍ ബേപ്പൂരില്‍ പ്രചാരണം തുടങ്ങി. ബേപ്പൂരില്‍ സ്‌ഥാനാര്‍ഥിത്വം പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെതിരേ രംഗത്തെത്തി. അന്‍വറിന്റെ ബേപ്പൂര്‍ സന്ദര്‍ശനം അറിയിച്ചിട്ടില്ലെന്നു യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ വ്യക്‌തമാക്കി.
മലപ്പുറം ജില്ലയില്‍ ജയസാധ്യതയുള്ള സീറ്റ് നല്‍കണമെന്ന അന്‍വറിന്റെ ആവശ്യം മുസ്ലിം ലീഗും യു.ഡി.എഫും നിരാകരിച്ചതോടെയാണ് അന്‍വര്‍ ബേപ്പൂരില്‍ കച്ചമുറുക്കിയത്. അന്‍വറിന്റെ നീക്കം തടഞ്ഞില്ലെങ്കില്‍ പരസ്യപ്രതികരണം നടത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ താക്കീത്. ദിവസങ്ങളായി ബേപ്പൂരില്‍ തുടരുന്ന അന്‍വര്‍ മണ്ഡലത്തിലെ യു.ഡി.എഫ്. നേതാക്കളുമായും സമുദായനേതാക്കളുമായും കൂടിക്കാഴ്‌ച നടത്തിവരുകയാണ്. ലീഗ് നേതാവ് എം.സി. മായിന്‍ ഹാജി ഉള്‍പ്പെടെയുള്ള പ്രമുഖരെ സന്ദര്‍ശിച്ച് പിന്തുണ തേടി. തദ്ദേശതെരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലം ഉള്‍പ്പെടുന്ന, കോഴിക്കോട് കോര്‍പറേഷന്‍ ഡിവിഷനുകളില്‍ മത്സരിച്ച യു.ഡി.എഫ്. സ്‌ഥാനാര്‍ഥികളെയും അന്‍വര്‍ കണ്ടു. കെ.എന്‍.എം. സംസ്‌ഥാനാധ്യക്ഷന്‍ ടി.പി. അബ്‌ദുള്ളക്കോയ മഅദനിയുമായും കൂടിക്കാഴ്‌ച നടത്തി.
കാസര്‍ഗോഡും പൂഞ്ഞാറും വേണം
നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനു മൂന്ന് സീറ്റ് എന്ന ആവശ്യമാണ് അന്‍വര്‍ കോണ്‍ഗ്രസിനു മുന്നില്‍വച്ചത്. ബേപ്പൂര്‍, കാസര്‍ഗോഡ്, പൂഞ്ഞാര്‍ മണ്ഡലങ്ങളാണ് അന്‍വര്‍ ആവശ്യപ്പെടുന്നത്. പൂഞ്ഞാറില്‍ സജി മഞ്ഞക്കടമ്പനെയും കാസര്‍ഗോഡ് നിസാര്‍ മേത്തറെയുമാണ് തൃണമൂല്‍ സ്‌ഥാനാര്‍ഥികളായി ഉദ്ദേശിക്കുന്നത്.
കനഗോലു അനുകൂലമല്ല
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്‌ഥാനാര്‍ഥി പി.എ. മുഹമ്മദ് റിയാസ് 28,747 വോട്ടിനാണ് ബേപ്പൂരില്‍ ജയിച്ചത്. അതേസമയം, കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ സുനില്‍ കനഗോലുവിന്റെ സര്‍വേ റിപ്പോര്‍ട്ട് ബേപ്പൂരില്‍ അന്‍വറിനു ജയസാധ്യത കാണുന്നില്ല. ബേപ്പൂരിനേക്കാള്‍ മലപ്പുറത്തെ തവനൂര്‍ സീറ്റാണ് അന്‍വറിനു കൂടുതല്‍ താത്‌പര്യം.