-->
പഴയകാലത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ലൈംഗികതയെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും പലരുമിന്ന് തുറന്നു സംസാരിക്കാറുണ്ട്. സ്കൂളില്‍ നിന്നു തന്നെ ശരിയായ ലൈംഗികവിദ്യാഭ്യാസം തുടങ്ങണമെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് തന്നെ സെക്സ് എഡ്യൂക്കേഷനെക്കുറിച്ച് സംസാരിക്കുന്നവര്‍ പൊതുയിടങ്ങളിലും തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു സംസാരിക്കാറുണ്ട്.
ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രശസ്ത മിത്തോളജിസ്റ്റും കഥാകാരിയുമാണ് സീമ ആനന്ദ് പലപ്പോഴും ലൈംഗികതയെക്കുറിച്ച് പൊതുയിടങ്ങളില്‍ തുറന്നു സംസാരിച്ചിട്ടുണ്ട്. സെക്സ് എഡ്യൂക്കേറ്ററും കണ്ടന്റ് ക്രിയേറ്ററുമായ സീമ ആനന്ദ്, ‘ദി ആർട്സ് ഓഫ് സെഡക്ഷൻ’ എന്ന ശ്രദ്ധേയമായ പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ്. ഇൻസ്റ്റാഗ്രാമില്‍ പത്തു ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട് സീമ ആനന്ദിന്.
ഇപ്പോഴിതാ പ്രായം കുറഞ്ഞ ആണ്‍കുട്ടികള്‍ക്ക് മുതിർന്ന സ്ത്രീകളോട് ആകർഷണം തോന്നുന്നത് എന്തുകൊണ്ടാണെന്ന് തുറന്നു പറയുകയാണ് സീമ ആനന്ദ്. പ്രായം കുറഞ്ഞ ആണ്‍കുട്ടികളില്‍ നിന്ന് അത്തരത്തിലുള്ള അനുഭവങ്ങള്‍ എപ്പോഴെങ്കിലും നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് സീമ ആനന്ദ് തന്റെ അനുഭവം പങ്കിട്ട് മറുപടി പറഞ്ഞത്. കഴിഞ്ഞ വർഷം നടന്ന ഒരു സംഭവത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടായിരുന്നു സീമയുടെ മറുപടി. ‘‘എന്നെ സമീപിച്ച ആ ആണ്‍കുട്ടിക്ക് അന്ന് വെറും 15 വയസ്സായിരുന്നു പ്രായം. എനിക്കാണെങ്കില്‍ 63 വയസ്സും. ഏറ്റവും അശ്ലീലമായ ഭാഷയുമായിട്ടാണ് ആ കുട്ടി എന്നെ സമീപിച്ചത്...’’ സീമ ആനന്ദ് പറയുന്നു. ‘അണ്‍പ്ലഗ്ഡ് ശുഭാങ്കർ’ എന്ന ആ പോഡ്‌കാസ്റ്റില്‍ മാധ്യമപ്രവർത്തകൻ ശുഭാങ്കർ മിശ്രയുമായി ലൈംഗികതയെക്കുറിച്ച് നടത്തിയ സംഭാഷണത്തിലാണ് സീമയിത് പറഞ്ഞത്.
ഈ അഭിമുഖം ഓണ്‍ലൈനില്‍ വൈറലായതോടെ, വ്യത്യസ്തമായ പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ഉണ്ടായത്. വീഡിയോയില്‍ സീമ ആനന്ദ് പങ്കുവെക്കുന്നത് ശരിയായ ലൈംഗിക വിദ്യാഭ്യാസം അല്ല, ഒരു പ്രമുഖ പ്ലാറ്റ്‌ഫോമില്‍, പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇത്ര ലാഘവത്തോടെ സീമ ആനന്ദ് സംസാരിക്കാൻ പാടില്ലായിരുന്നു...’ എന്നതടക്കമാണ് ചിലര്‍ വിമര്‍ശിച്ചത്. എന്നാല്‍ ഇത്തരം ചർച്ചകളെ വെറും വൈറല്‍ കണ്ടന്റായിട്ടല്ല, മറിച്ച് സമൂഹത്തിനുള്ള ഒരു മുന്നറിയിപ്പായി വേണം കണക്കിലെടുക്കാനെന്ന് കുറിച്ചവരുമുണ്ട്.