-->
എണ്ണൂറു കോടി ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ ലോകം ഇന്ന് കഷ്‌ടപ്പെടുമ്പോള്‍, 2050 ആകുമ്പോള്‍ ആയിരം കോടിയായി ഉയരുന്ന ജനസംഖ്യയ്‌ക്ക് നാം എങ്ങനെ ആഹാരം നല്‍കും? വര്‍ധിച്ചുവരുന്ന ഈ ജനതയുടെ പോഷകാഹാര ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് കേവലം ഉത്‌പാദന വര്‍ധന മാത്രം പോരാ. സസ്യഭുക്കുകളായുള്ള ഭക്ഷണരീതിയിലേക്ക് മാറുന്നതിനൊപ്പം തന്നെ, ഒരാള്‍ പോലും പട്ടിണികി ടക്കുന്നില്ലെന്ന് ഉറപ്പാക്കുന്ന രീതിയിലുള്ള നീതിപൂര്‍വമായ വിതരണ സംവിധാനവും ആവശ്യമാണ്.
ഇതൊരു വലിയ ദൗത്യം തന്നെയാണ്. നിലവിലെ ഭക്ഷ്യസംവിധാനം ഇപ്പോള്‍ത്തന്നെ തകര്‍ച്ചയുടെ വക്കിലാണ്. ഏകദേശം 67.3 കോടി ജനങ്ങള്‍ ഓരോ രാത്രിയും വിശപ്പോടെയാണ് ഉറങ്ങാന്‍ പോകുന്നത്. 2025-ല്‍ ഗാസയിലും സുഡാനിലും നാം രണ്ട് വലിയ ക്ഷാമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. സംഘര്‍ഷങ്ങള്‍, കാലാവസ്‌ഥാ ആഘാതങ്ങള്‍, കുതിച്ചുയരുന്ന ഭക്ഷണവില എന്നിവയായിരുന്നു ഇതിന് കാരണം. അതേസമയം, ലോകത്തെ 166 കോടി ഹെക്‌ടര്‍ ഭൂമി, അതില്‍ 60 ശതമാനവും കൃഷിയിടങ്ങളാണ്, നാം ഇന്ന് അവലംബിക്കുന്ന തെറ്റായ കൃഷിരീതികള്‍ മൂലം നശിച്ചുകൊണ്ടിരിക്കുകയാണ്.
ആഗോള പട്ടിണിക്ക് കാരണം ആവശ്യത്തിന് ഭക്ഷണം ഉത്‌പാദിപ്പിക്കാനുള്ള ശേഷിക്കുറവല്ല; മറിച്ച് അത് കാര്യക്ഷമമായി ഉത്‌പാദിപ്പിക്കുന്നതിലും തുല്യമായി വിതരണം ചെയ്യുന്നതിലും നമുക്ക് സംഭവിക്കുന്ന പരാജയമാണ്. സംഘര്‍ഷങ്ങളും അരക്ഷിതാവസ്‌ഥയുമാണ് ഇന്നും 20 രാജ്യങ്ങളിലായി 14 കോടിയോളം ജനങ്ങളെ കടുത്ത പട്ടിണിയിലേക്ക് തള്ളിവിടുന്ന പ്രധാന ഘടകങ്ങള്‍. കഴിഞ്ഞ 33 വര്‍ഷത്തിനിടെ പ്രകൃതിക്ഷോഭങ്ങള്‍ മൂലം ലോകമെമ്പാടും ഏകദേശം 32.6 ലക്ഷം കോടി ഡോളറിന്റെ കാര്‍ഷിക നഷ്‌ടമുണ്ടായതായി കണക്കാക്കപ്പെടുന്നു. ഇത് പ്രതിവര്‍ഷം ശരാശരി 9900 കോടി ഡോളര്‍ അല്ലെങ്കില്‍ ആഗോള കാര്‍ഷിക ഉത്‌പാദനത്തിന്റെ നാലു ശതമാനത്തിന് തുല്യമാണ്. വിതരണ ശൃംഖലയിലെ തകരാറുകള്‍ മൂലമുണ്ടാകുന്ന വിലക്കയറ്റം ദശലക്ഷക്കണക്കിന് ആളുകളെയാണ് പെട്ടെന്ന് പട്ടിണിയിലേക്ക് നയിക്കുന്നത്. ഇതൊരു ഒറ്റപ്പെട്ട പ്രതിസന്ധിയല്ല, മറിച്ച് പുതിയൊരു സ്വാഭാവിക അവസ്‌ഥയായി മാറിക്കഴിഞ്ഞു എന്നതാണ് ഗുരുതരമായ കാര്യം.
ദശാബ്‌ദങ്ങളായി, മികച്ച വിളവ് നല്‍കുന്ന വിത്തുകള്‍ വികസിപ്പിച്ചും വളം, കീടനാശിനികള്‍, വെള്ളം എന്നിവയുടെ അമിത ഉപയോഗത്തിലൂടെയുമാണ് കാര്‍ഷിക മേഖല വര്‍ധിച്ചുവരുന്ന ആവശ്യങ്ങളെ നേരിട്ടത്. എന്നാല്‍, ഈ പ്രവണത അനാവശ്യമായ പാഴാക്കലുകള്‍ക്കും നദികളുടെ മലിനീകരണത്തിനും മണ്ണൊലിപ്പിനും ഹരിതഗൃഹ വാതകങ്ങളുടെ വര്‍ധനയ്‌ക്കും കാരണമായി. നമുക്ക് ഇതിലും മികച്ചൊരു വഴി കണ്ടെത്തേണ്ടതുണ്ട്, ശാസ്‌ത്രത്തിന് ആ വഴി കാട്ടിത്തരാനാകും. ലഭ്യമായ വിഭവങ്ങളെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കാനും കൃഷിയില്‍ വൈവിധ്യം കൊണ്ടുവരാനുമുള്ള അറിവും സാങ്കേതികവിദ്യയും ഇന്ന് നമ്മുടെ കൈവശമുണ്ട്. കാര്‍ഷിക കാര്യക്ഷമത വര്‍ധിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മുന്‍ഗണന. 1990-നും 2020-നും ഇടയില്‍ വളങ്ങളുടെ ഉപയോഗം 46 ശതമാനവും കീടനാശിനിക ളുടെ ഉപയോഗം ഇരട്ടിയുമായി വര്‍ധിച്ചു. എന്നാല്‍, ഇതില്‍ 30-60 ശതമാനം വളവും 20-70 ശതമാനം കീടനാശിനിയും മാത്രമേ ചെടികള്‍ ഫലപ്രദമായി ആഗിരണം ചെയ്യുന്നുള്ളൂ. ബാക്കിയുള്ളവ നദികളിലേക്കും മണ്ണിലേക്കും കലര്‍ന്ന് പരിസ്‌ഥിതി നാശമുണ്ടാക്കുന്നു. നൈട്രജന്‍ ഉപയോഗം ശാസ്‌ത്രീയമായി ക്രമീകരിച്ചാല്‍ വിളവ് 19 ശതമാനം വരെ വര്‍ധിപ്പിക്കാനും വളത്തിന്റെ ഉപയോഗം 15-19 ശതമാനം വരെ കുറയ്‌ക്കാനും കഴിയുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കൃത്യതയാര്‍ന്ന ജലസേചനം, ജൈവ കീടനാശിനികള്‍ എന്നിവയിലൂടെ രാസമാലിന്യങ്ങള്‍ കുറയ്‌ക്കാനും ജൈവവൈവിധ്യം സംരക്ഷിക്കാനും സാധിക്കും. ഇടവിള കൃഷി, വിള പരിക്രമണം, കൃഷിയിടങ്ങളില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുക തുടങ്ങിയ പരിസ്‌ഥിതി സൗഹൃദ രീതികള്‍ മണ്ണിന്റെ ആരോഗ്യം കൂട്ടുകയും പുറമെ നിന്നുള്ള വിഭവങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കുകയും ചെയ്യും.
ഭക്ഷ്യസംവിധാനത്തെ വൈവിധ്യവല്‍ക്കരിക്കുക എന്നതാണ് അടുത്ത ലക്ഷ്യം. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഗോതമ്പ്, അരി, ചോളം എന്നീ മൂന്ന് വിളകളെ മാത്രമാണ് ലോകം അമിതമായി ആശ്രയിക്കുന്നത്. ഏകവിള കൃഷിരീതിയെ ഇത്തരത്തില്‍ ആശ്രയിക്കുന്നത് കീടങ്ങള്‍ക്കും കാലാവസ്‌ഥാ വ്യതിയാനങ്ങള്‍ക്കും മുന്നില്‍ കൃഷിയെ അങ്ങേയറ്റം ദുര്‍ബലമാക്കുന്നു. ഇതിനുള്ള പരിഹാരം നാം അവഗണിച്ച പഴയ വിളകളിലുണ്ട്. ചാമ, പോഷകഗുണമുള്ള പയറുവര്‍ഗങ്ങള്‍, നാടന്‍ പഴങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ ഒരേസമയം പോഷകാഹാരവും കാലാവസ്‌ഥാ പ്രതിരോധ ശേഷിയും നല്‍കുന്നവയാണ്. ഏഷ്യയിലെ 'ഫ്യൂച്ചര്‍ സ്‌മാര്‍ട് ഫുഡ്', ആഫ്രിക്കയിലെ '100 ക്രോപ്‌സ്' തുടങ്ങിയ ഐക്യരാഷ്‌ട്ര ഭക്ഷ്യ-കാര്‍ഷിക സ ംഘടനയുടെ (എഫ്.എ.ഒ.) സംരംഭങ്ങള്‍ ഇത്തരം 'വിസ്‌മൃത വിളകള്‍' എങ്ങനെ നമ്മുടെ ഭക്ഷണക്രമം മെച്ചപ്പെടുത്തുമെന്നും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്നും തെളിയിക്കുന്നു.
അവസാനമായി, ഫലപ്രദമായ സാങ്കേതികവിദ്യകള്‍ വലിയ തോതില്‍ നടപ്പിലാക്കണം. ഡേറ്റ അനലിറ്റിക്‌സും കൃത്യതയാര്‍ന്ന കൃഷിരീതികളും ഇന്ന് കൃഷിയെ മാറ്റിമറിക്കുകയാണ്. ഡ്രോണുകള്‍ ഉപയോഗിച്ച് വിത്തുകള്‍ വിതയ്‌ക്കാനും കൃത്യമായ അളവില്‍ വളം നല്‍കാനും സാധിക്കും. സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ഉപയോഗിച്ച് എ.ഐ. പ്ലാറ്റ്‌ഫോമുകള്‍ കര്‍ഷകര്‍ക്ക് തത്സമയ നിര്‍ദേശങ്ങള്‍ നല്‍കുന്നു. റോബോട്ടുകള്‍ കളകള്‍ തിരിച്ചറിഞ്ഞ് നശിപ്പിക്കുന്നത് വഴി അനാവശ്യമായ കളനാശിനി പ്രയോഗം ഒഴിവാക്കാം. ഡിജിറ്റല്‍ മണ്ണ് പരിശോധനകളും കാലാവസ്‌ഥാ സ്‌റ്റേഷനുകളും കര്‍ഷകരെ കൃത്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നു.
ഈ ഉപകരണങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുന്നതിന് കാര്‍ഷിക വിജ്‌ഞാന വ്യാപന സേവനങ്ങളില്‍ വന്‍തോതിലുള്ള നിക്ഷേപം ആവശ്യമാണ്. ഗവണ്‍മെന്റുകള്‍, നിക്ഷേപകര്‍, സ്വകാര്യ മേഖല, കര്‍ഷകര്‍ എന്നിവര്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കണം. ഓരോ തുള്ളി വെള്ളത്തിലും ഓരോ കിലോഗ്രാം വ ളത്തിലും ഓരോ ഹെക്‌ടര്‍ ഭൂമിയിലും നിന്ന് പരമാവധി പോഷകാഹാരം ഉത്‌പാദിപ്പിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. വ്യാവസായികമായ ഏകീകൃത രീതികള്‍ക്ക് പകരം പ്രാദേശികമായ മണ്ണിനും കാലാവസ്‌ഥയ്‌ക്കും അനുയോജ്യമായ കൃഷിരീതികള്‍ നാം അവലംബിക്കണം. വിപണികള്‍ പരാജയപ്പെടുന്നിടത്ത് ശാസ്‌ത്രീയ ഗവേഷണങ്ങള്‍ വഴികാട്ടിയാകണം. അറിവല്ല നമ്മുടെ തടസ്സം, മറിച്ച് രാഷ്‌ട്രീയ ഇച്‌ഛാശക്‌തിയും ശരിയായ പ്രോത്സാഹനങ്ങളുമാണ്.
യുദ്ധങ്ങളും വരള്‍ച്ചയും വിപണിയിലെ അസ്‌ഥിരതയും നിലനില്‍ക്കുമ്പോഴും സ്‌ഥിരതയുള്ള ഉത്‌പാദനവും താങ്ങാനാവുന്ന വിലയും സാധ്യമാണ്. മണ്ണിലെ ജൈവാംശം വീണ്ടെടുക്കുന്നതും വിള വൈവിധ്യവുമാണ് ഇതിന്റെ താക്കോല്‍. എല്ലാവര്‍ക്കും നല്ല ഭക്ഷണം ലഭിക്കുന്ന, കര്‍ഷകര്‍ പുരോഗതി പ്രാപിക്കുന്ന, മണ്ണും വെള്ളവും ജൈവവൈവിധ്യവും സംരക്ഷിക്കപ്പെടുന്ന ഒരു ലോകം വെറുമൊരു സ്വപ്‌നമല്ല. പഴയ കൃഷിരീതികള്‍ തകരുന്നതിന് മുന്‍പ് പുതിയ മാതൃകകള്‍ സ്വീകരിച്ചാല്‍ നമുക്ക് ലഭിക്കാവുന്ന യാഥാര്‍ത്ഥ്യമാണത്. നമ്മുടെ കൈവശമുള്ള ശാസ്‌ത്രവും അറിവും നാം ഉപയോഗിക്കുമോ എന്നത് മാത്രമാണ് ചോദ്യം. പരിഹാരങ്ങള്‍ ഉണ്ടായിരുന്നോ എന്ന് വരുംതലമുറകള്‍ ചോദിക്കില്ല;മറിച്ച് അത് നടപ്പിലാക്കാന്‍ എന്തുകൊണ്ട് ഇത്ര വൈകി എന്നായിരിക്കും അവര്‍ ചോദിക്കുക. തീരുമാനം നമ്മുടേതാണ്, അത് ശാസ്‌ത്രത്തെ പ്രവൃത്തിപഥത്തില്‍ എത്തിക്കുന്നതിലൂടെ തുടങ്ങണം.
യുര്‍ദി യാസ്‌മി
(യു.എന്‍. ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ (എഫ്.എ.ഒ) പ്ലാന്റ് പ്ര?ഡക്‌ഷന്‍ ആന്‍ഡ് പ്ര?ട്ടക്‌ഷന്‍ വിഭാഗം ഡയറക്‌ടറാണ് ലേഖകന്‍.)