Wednesday, March 11, 2026 Last Updated 5 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.00 AM

ശബരിമലയില്‍ ഇനി 'ശുചീകരണം'

uploads/news/2026/01/821243/1.jpg

ഇരുമുടിയേന്തി അയ്യപ്പ സന്നിധിയിലേക്ക്‌ ഭക്‌തലക്ഷങ്ങള്‍ ഒഴുകിയെത്തിയ മറ്റൊരു മണ്ഡല - മകരവിളക്ക്‌ കാലത്തിനു കൂടി സമാപനമാകുന്നു. 19 വരെയാണ്‌ തീര്‍ത്ഥാടകര്‍ക്ക്‌ ദര്‍ശനത്തിന്‌ അനുമതി. കാനന ക്ഷേത്രത്തിലേക്ക്‌ വിശ്വാസപൂര്‍വം എത്തുന്ന ആളുകളുടെ എണ്ണം ഓരോ വര്‍ഷവും ഏറുകയാണ്‌. ബുദ്ധിമുട്ടുകള്‍ ഇല്ലാതെ അയ്യപ്പ ദര്‍ശനം സാധ്യമാകണമെന്ന ചിന്തയോടെയാകും ഓരോ ഭക്‌തനും തീര്‍ത്ഥാടനത്തിന്‌ ഒരുങ്ങുക. വലിയ ആക്ഷേപങ്ങളോ പരാതികളോ ഇല്ലാതെ ഇത്തവണത്തെ തീര്‍ത്ഥാടനകാലം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന്‌ ശബരിമലയിലെ സംവിധാനങ്ങള്‍ നിയന്ത്രിച്ചവര്‍ക്ക്‌ അഭിമാനിക്കാം. എന്നാല്‍, സുഖദര്‍ശനത്തിന്റെ പുണ്യവും സന്തോഷവും സമാധാനവുമായി ഭക്‌തര്‍ മലയിറങ്ങുമ്പോഴും പുറത്ത്‌ ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിക്കാളുകയാണ്‌. അയ്യപ്പ സന്നിധിയുടെ പവിത്രത കാത്തുസൂക്ഷിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തന്നെ വീണ്ടും വീണ്ടും പ്രതികളാക്കപ്പെടുന്ന സാഹചര്യമാണുള്ളത്‌.
ഓരോ തീര്‍ത്ഥാടന കാലത്തിനു മുമ്പും ശേഷവും ശബരിമലയില്‍ ശുചീകരണം പ്രധാനമാണ്‌. തിരക്കൊഴിഞ്ഞതോടെ ശുചീകരണ ജോലികള്‍ യുദ്ധകാലാടിസ്‌ഥാനത്തില്‍ പുരോഗമിക്കുന്നതായി അറിയിപ്പുണ്ട്‌. പരിസരമാലിന്യം മാത്രമല്ല , ശബരിമലയുടെ ചൈതന്യത്തിനും ഭക്‌തരുടെ വിശ്വാസത്തിനും കളങ്കമേല്‍പ്പിച്ച മാലിന്യങ്ങളുടെ ' ശുചീകരണവും ' അടുത്ത മണ്ഡല മകരവിളക്ക്‌ കാലത്തിനു മുമ്പായി പൂര്‍ത്തിയായി കാണണമെന്ന പ്രാര്‍ത്ഥനയോടെ യാണ്‌ ഓരോ ഭക്‌തരും ഇത്തവണ മലയിറങ്ങിയിട്ടുള്ളത്‌. ഭക്‌തര്‍ ആരാധനയോടെ സമര്‍പ്പിച്ച കാണിക്ക , അയ്യപ്പന്റെ സ്വത്ത്‌ , കവര്‍ന്നവരും കൂട്ടുനിന്നുവരും അടക്കം ജയിലില്‍ അടയ്‌ക്കപ്പെടുന്നു. 'എല്ലാം അയ്യപ്പ നിശ്‌ചയം ' എന്ന്‌ കരുതാനാണ്‌ കേസിന്റെ നാള്‍വഴികള്‍ സശ്രദ്ധം വീക്ഷിക്കുന്ന ഓരോ അയ്യപ്പഭക്‌തനും ഇഷ്‌ടം. തെറ്റ്‌ ചെയ്‌തവര്‍ തന്ത്രിയോ മന്ത്രിയോ എന്നുള്ള രാഷ്‌ട്രീയ ചര്‍ച്ചയ്‌ക്ക്‌ അപ്പുറം ശബരിമലയുടെ സംരക്ഷണമാണ്‌ യഥാര്‍ത്ഥ ഭക്‌തരുടെ ' മതം' .
സ്വര്‍ണക്കൊള്ളക്ക്‌ പിന്നിലെ ആസൂത്രണവും തട്ടിപ്പിന്റെ വ്യാപ്‌തിയും മുഴുവനായും വെളിപ്പെടുന്നതേയുള്ളൂ. അധികാരസ്‌ഥാനത്ത്‌ ഇരിക്കുന്നവരുടെ കൃത്യവിലോപത്തിനും പണത്തോടുള്ള ആര്‍ത്തിക്കും ഉദാഹരണമായി മറ്റൊരു കേസ്‌ കൂടി ശബരിമലമായ ബന്ധപ്പെട്ട്‌ സജീവമായി മാറിയിട്ടുണ്ട്‌. ആടിയ ശിഷ്‌ടം നെയ്യ്‌ ക്രമക്കേടിലെ കണ്ടെത്തലുകള്‍ ഭക്‌തരെ വീണ്ടും ഞെട്ടിക്കുന്നതായി. സ്വര്‍ണക്കൊള്ളായിലേതു പോലെ ഹൈക്കോടതി ഇടപെടലാണ്‌ ഇവിടെയും നിര്‍ണായകമായത്‌. ഹൈക്കോടതി നിര്‍ദേശപ്രകാരം വിജിലന്‍സ്‌ കേസെടുത്തു നടത്തുന്ന പരിശോധനയില്‍ 36,24,000 രൂപയുടെ ക്രമക്കേടാണ്‌ ഇതുവരെ കണ്ടെത്തിയത്‌. സന്നിധാനത്തെ ഓഫീസിലും കൗണ്ടറിലും ഉള്‍പ്പെടെ നാല്‌ സ്‌ഥലങ്ങളില്‍ പരിശോധന നടന്നു. ജീവനക്കാരും ശാന്തിക്കാരും ഉള്‍പ്പെടെ നെയ്യ്‌ വില്‍പ്പന ചുമതലയില്‍ ഉണ്ടായിരുന്ന 33 പേര്‍ പ്രതികളാണ്‌. ഈയൊരു പശ്‌ചാത്തലത്തില്‍ ,ഭക്‌തരുടെ വിശ്വാസത്തെ ചൂഷണം ചെയ്യാനായി ഇനിയൊരാളും മല കയറി എത്തില്ലെന്ന്‌ ഉറപ്പാക്കുന്ന വിധത്തിലുള്ള 'ശുചീകരണത്തിന്‌ ' സംസ്‌ഥാനത്തെ നീതിന്യായ സംവിധാനങ്ങള്‍ സത്യസന്ധതയും കാര്യക്ഷമതയും കാട്ടിയാല്‍ അതാകും അയ്യപ്പഭക്‌തര്‍ക്ക്‌ ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹം.
കേസുകളുടെ കാര്യത്തിലെ ഫലപ്രാപ്‌തി എന്നതുപോലെ , ശബരിമലയുമായി ബന്ധപ്പെട്ട അടിസ്‌ഥാന സൗകര്യ വികസനത്തിലും അടുത്ത തീര്‍ത്ഥാടനകാലം വരെ നോക്കിയിരിക്കാതെയുള്ള സവിശേഷ ശ്രദ്ധ ഉണ്ടാകണം. മാലിന്യനിര്‍മാര്‍ജനത്തിന്‌ ,തിരക്ക്‌ നിയന്ത്രിക്കുന്നതിന്‌ കൂടുതല്‍ ശാസ്‌ത്രീയ സംവിധാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ തീര്‍ത്ഥാടന കാലത്ത്‌ കാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കൈവിട്ടു പോകാം. ഭക്‌തരുടെ എണ്ണം പരിമിതിപ്പെടുത്തി മാത്രം തിരക്ക്‌ നിയന്ത്രിക്കാനാണ്‌ ശ്രമമെങ്കില്‍ ദര്‍ശനം കാത്തിരിക്കുന്ന ആയിരങ്ങളെ നിരാശപ്പെടുത്തേണ്ടിവരും. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ ഒരേ മനസ്സോടെ പ്രവര്‍ത്തിക്കേണ്ട നിരവധി അടിസ്‌ഥാന വിഷയങ്ങള്‍ ശബരിമലയുമായി ബന്ധപ്പെട്ട്‌ നിലനില്‍കുന്നു. ഭക്‌തരുടെ താല്‍പര്യം സംരക്ഷിക്കുന്ന വിധം വികസന പദ്ധതികള്‍ ശബരിമലയില്‍ ആവിഷ്‌കരിക്കാന്‍ കൂട്ടായ ശ്രമം ഉണ്ടാകട്ടെ.

Ads by Google
Saturday 17 Jan 2026 11.00 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW