Wednesday, March 11, 2026 Last Updated 13 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.00 AM

കമ്മിഷനു തിടുക്കം, ഇടപെട്ട്‌ കോടതി

വോട്ടര്‍പട്ടികയിലെ പേരുവിവരങ്ങള്‍ തിരുത്തുന്നതും പുതുക്കുന്നതും ജനാധിപത്യ പ്രക്രിയയുടെ നട്ടെല്ലാണ്‌. എന്നാല്‍, കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ (എസ്‌.ഐ.ആര്‍.) നടപടികള്‍ അത്യന്തം ഗൗരവകരമായ ആശയക്കുഴപ്പങ്ങളിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌. സംസ്‌ഥാനത്തെ 24 ലക്ഷത്തോളം പേരെ കരട്‌ പട്ടികയില്‍ നിന്ന്‌ ഒഴിവാക്കിയ നടപടിയില്‍ സുപ്രീം കോടതി നടത്തിയ ഇടപെടല്‍, ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ശക്‌തമായ ഓര്‍മപ്പെടുത്തലാണ്‌.
ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌ അധ്യക്ഷനായ ബെഞ്ച്‌ പുറപ്പെടുവിച്ച നിര്‍ദ്ദേശം വ്യക്‌തമാണ്‌: നീക്കം ചെയ്‌ത വോട്ടര്‍മാരുടെ പട്ടിക പഞ്ചായത്ത്‌ ഓഫീസുകളിലും വെബ്‌സൈറ്റിലും പരസ്യപ്പെടുത്തണം. വോട്ടവകാശം എന്നത്‌ ഒരു പൗരന്റെ മൗലികമായ അവകാശമായിരിക്കെ, കൃത്യമായ അറിയിപ്പോ പരാതി നല്‍കാന്‍ മതിയായ അവസരമോ നല്‍കാതെ ഇത്രയധികം പേരെ പട്ടികയ്‌ക്ക്‌ പുറത്താക്കിയത്‌ നീതീകരിക്കാനാവില്ല.

എന്തിനായിരുന്നു ഈ തിടുക്കം?

എസ്‌.ഐ.ആര്‍. നടപടികള്‍ നടപ്പിലാക്കുന്നതില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ കാട്ടിയ അനാവശ്യ തിടുക്കമാണ്‌ നിലവിലെ പ്രതിസന്ധിക്ക്‌ പ്രധാന കാരണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കല്‍ നില്‍ക്കെ, ഇത്തരമൊരു ബൃഹത്തായ ദൗത്യം ഏറ്റെടുക്കുമ്പോള്‍ പുലര്‍ത്തേണ്ടിയിരുന്ന ദീര്‍ഘവീക്ഷണമോ ആസൂത്രണമോ ഇവിടെയുണ്ടായില്ല. മതിയായ സാവകാശം നല്‍കി ചെയ്യേണ്ട കാര്യങ്ങള്‍ പത്തുപതിനഞ്ച്‌ ദിവസത്തിനുള്ളില്‍ തീര്‍ക്കണമെന്ന വാശി എന്തിനായിരുന്നു എന്ന ചോദ്യം പ്രസക്‌തമാണ്‌.
ആദ്യഘട്ടത്തില്‍ രേഖകള്‍ ഒന്നും സമര്‍പ്പിക്കാത്തവരുടെ ഫോമുകള്‍ മാത്രം അപ്‌ലോഡ്‌ ചെയ്‌താല്‍ മതിയെന്നായിരുന്നു കമ്മീഷന്റെ നിര്‍ദ്ദേശം. എന്നാല്‍, ഇപ്പോള്‍ അത്തരത്തിലുള്ള എല്ലാവരെയും നേരിട്ട്‌ വിളിച്ചുവരുത്തി ഹിയറിങ്‌ നടത്തുകയാണ്‌. തുടക്കത്തില്‍ തന്നെ രേഖകള്‍ സമര്‍പ്പിക്കാന്‍ വോട്ടര്‍മാര്‍ക്ക്‌ മതിയായ സമയം നല്‍കിയിരുന്നെങ്കില്‍, ഇപ്പോള്‍ നേരിടുന്ന ഈ ഇരട്ടിപ്പണി ഒഴിവാക്കാമായിരുന്നു. ഇത്‌ ജീവനക്കാരുടെ ജോലിഭാരം വര്‍ധിപ്പിക്കുക മാത്രമല്ല, വോട്ടര്‍മാരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു.
ആശയക്കുഴപ്പത്തില്‍
ഉദ്യോഗസ്‌ഥരും ജീവനക്കാരും

പുതുക്കല്‍ നടപടികള്‍ തുടങ്ങിയത്‌ മുതല്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പരാജയപ്പെട്ടുവെന്നാണ്‌ താഴെത്തട്ടിലുള്ള ഉദ്യോഗസ്‌ഥര്‍ പറയുന്നത്‌. ഓരോ ഘട്ടത്തിലും നടപടിക്രമങ്ങള്‍ മാറ്റുന്നത്‌ ആശയക്കുഴപ്പം വര്‍ധിപ്പിച്ചു. ബി.എല്‍.ഒമാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദം അതിഭീകരമാണ്‌. കേരളത്തിലടക്കം ബി.എല്‍.ഒമാര്‍ ആത്മഹത്യ ചെയ്‌ത സംഭവങ്ങള്‍ ഈ അമിത ജോലിഭാരത്തിന്റെയും മാനസിക സമ്മര്‍ദത്തിന്റെയും നേര്‍ചിത്രമാണ്‌.
അംഗന്‍വാടി അധ്യാപകരും മറ്റ്‌ സര്‍ക്കാര്‍ ജീവനക്കാരുമായ ബി.എല്‍.ഒമാര്‍ക്ക്‌ തദ്ദേശ തെരഞ്ഞെടുപ്പിന്റെയും ഇപ്പോള്‍ എസ്‌.ഐ.ആറിന്റെയും ചുമതലകള്‍ ഒരേസമയം വഹിക്കേണ്ടി വന്നത്‌ അവരുടെ പ്രവര്‍ത്തനക്ഷമതയെ ബാധിച്ചിട്ടുണ്ട്‌. മാത്രമല്ല, റവന്യൂ വകുപ്പിലെ ജീവനക്കാരുടെ ശ്രദ്ധ പൂര്‍ണമായും എസ്‌.ഐ.ആര്‍. നടപടികളിലേക്കു തിരിഞ്ഞതോടെ വകുപ്പിലെ സുപ്രധാനമായ ഫയലുകളടക്കം കെട്ടിക്കിടക്കുകയുമാണ്‌.ശാ സ്‌ത്രീയമായ ആസൂത്രണം ഉണ്ടായിരുന്നെങ്കില്‍ ഈ ദുരവസ്‌ഥ ഒഴിവാക്കാമായിരുന്നു.

നീതിപൂര്‍വമായ പട്ടികയാണ്‌ ലക്ഷ്യം

ഒരു വോട്ടര്‍പട്ടികയും കുറ്റമറ്റതാകണം. മരിച്ചവരെയും താമസം മാറിയവരെയും ഒഴിവാക്കേണ്ടത്‌ തന്നെയാണ്‌. എന്നാല്‍, ജീവിച്ചിരിക്കുന്നവരും അവിടെത്തന്നെ താമസിക്കുന്നവരുമായ ലക്ഷക്കണക്കിന്‌ ആളുകള്‍ പട്ടികയ്‌ക്ക്‌ പുറത്താകുന്നത്‌ ജനാധിപത്യത്തിന്‌ കളങ്കമാണ്‌. ബിഹാര്‍ കേസിലെ വിധി കേരളത്തിലും ബാധകമാക്കിയ കോടതി, പരാതികള്‍ നല്‍കാനുള്ള സമയം നീട്ടുന്ന കാര്യം പരിഗണിക്കണമെന്ന്‌ കമ്മീഷനോട്‌ നിര്‍ദ്ദേശിച്ചത്‌ വലിയ ആശ്വാസമാണ്‌.
അര്‍ഹരായ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പരാതികള്‍ക്ക്‌ ഇടമില്ലാത്തതുമായ ഒരു വോട്ടര്‍പട്ടികയാണ്‌ നമുക്ക്‌ ആവശ്യം. സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുമ്പോള്‍ അത്‌ ജനങ്ങള്‍ക്ക്‌ ഉപകാരപ്പെടുകയാണ്‌ വേണ്ടത്‌, അല്ലാതെ അവരെ പട്ടികയ്‌ക്ക്‌ പുറത്താക്കാനുള്ള എളുപ്പവഴിയാകരുത്‌. തെറ്റുകള്‍ തിരുത്താനും നീതിപൂര്‍വമായ ഒരു തെരഞ്ഞെടുപ്പ്‌ ഉറപ്പാക്കാനും കമ്മീഷന്‍ ഇനിയെങ്കിലും വിവേകപൂര്‍ണമായ നിലപാടുകള്‍ സ്വീകരിക്കുമെന്ന്‌ പ്രത്യാശിക്കാം.

കെ. ശ്യാം കുമാര്‍

Ads by Google
Saturday 17 Jan 2026 11.00 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW