-->
തൃശൂര്‍: പൂരങ്ങളുടെ പൂരം അരങ്ങേറുന്ന നാട്ടിലേക്ക് വിരുന്നെത്തിയ സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ കൊടിയിറങ്ങാനിരിക്കേ നഗരിയിലേക്ക് ആസ്വാദകരുടെ കുത്തൊഴുക്ക്. മൂന്നാം ദിനമായ ഇന്നലെ 60 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. ധനുമാസ രാപ്പകലുകളെ ധന്യമാക്കിയ തിരുവാതിരയെ ആസ്വാദകര്‍ നെഞ്ചേറ്റി.
പൂരത്തിനെന്ന പോലെ തേക്കിന്‍കാട് മൈതാനിയില്‍ പുരുഷാരം മൂന്നാം ദിനവും തിങ്ങി നിറഞ്ഞു. വേദിയില്‍ താളമേള ലയമൊരുക്കി അരങ്ങേറിയ വൃന്ദവാദ്യം ആസ്വദിക്കാനും തിരക്കേറെയായിരുന്നു. ഗോത്ര സമൂഹത്തിന്റെ തനത് കലയായ മലയപ്പുലയ ആട്ടം കണ്‍കുളിര്‍ക്കെ കാണാന്‍ തിക്കിതിരക്കി പുരുഷാരം. മാരിയമ്മന്‍, മധുര മീനാക്ഷി എന്നീ ദേവതകളെ ആരോധിക്കുന്നതിന്റെ ഭാഗമായാണ് ഈ നൃത്ത രൂപം അവതരിപ്പിക്കുന്നത്. വേദി ഒന്ന് സൂര്യകാന്തിയിലാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കുച്ചുപ്പുടിയും ഹൈസ്‌കൂള്‍ വിഭാഗം തിരുവാതിരയും ഇന്നലെ അരങ്ങേറിയത്. പഴമയുടേയും പാരമ്പര്യത്തിന്‍റെയും ആവേശം വിളിച്ചോതിയ എച്ച്.എസ്. എസ്. വിഭാഗം ചവിട്ടുനാടകത്തില്‍ കത്തി കയറിയ വാശിയ്‌ക്കൊത്ത് ഊര്‍ജ്‌ജ പ്രവാഹമായി ആസ്വാദകരുടെ പ്രോത്സാഹനം.
പ്രധാന വേദിയായ തേക്കിന്‍കാട് മൈതാനത്തടക്കം രാവിലെ തന്നെ തുടങ്ങും കാണികളുടെ തിരക്ക്. തൃശൂരിന്റെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന ശൈലിയോടെ തന്നെ ജനങ്ങള്‍ കലോത്സവത്തെ നെഞ്ചിലേറ്റി.
കലോത്സവ നഗരിയിലെ ഭക്ഷണശാലകളിലും മറ്റ് അനുബന്ധ ഇടങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അപ്പീലുകള്‍ വഴി എത്തുന്ന മത്സരാര്‍ഥികളുടെ എണ്ണം ഇത്തവണ കുറവാണെന്നത് ശ്രദ്ധേയമാണ്.