Saturday, March 14, 2026 Last Updated 2 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 10.53 AM

മകള്‍ക്ക്‌ വിഷം നല്‍കി പിതാവ്‌ തൂങ്ങിമരിച്ചു

കൊച്ചി: എളമക്കരയില്‍ മകളെ വിഷം നല്‍കി കൊലപ്പെടുത്തിയശേഷം പിതാവ്‌ തൂങ്ങിമരിച്ചു. ആലപ്പുഴ പാണാവള്ളി ആഞ്ഞിലിത്തുരുത്ത്‌ വീട്ടില്‍ പവിശങ്കര്‍ (37), മകള്‍ വാസുകി (7) എന്നിവരാണു മരിച്ചത്‌. സംഭവമറിഞ്ഞ്‌ വാസുകിയുടെ അമ്മ നിഷ ബോധരഹിതയായി. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. സംഭവസമയത്ത്‌ നിഷ വീട്ടിലുണ്ടായിരുന്നില്ലെന്നാണ്‌ വിവരം. സാമ്പത്തികപ്രശ്‌നമാണ്‌ കൃത്യത്തിലേക്കും തുടര്‍ന്നുണ്ടായ ആത്മഹത്യയിലേക്കും നയിച്ചതെന്ന്‌ എളമക്കര പോലീസ്‌ പറഞ്ഞു.
മകള്‍ക്കു വിഷം നല്‍കിയശേഷം പിതാവ്‌ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു. സ്‌ഥലത്തെത്തിയ പോലീസ്‌ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ പവിശങ്കറിനെയും തൊട്ടടുത്ത മുറിയില്‍ ബോധരഹിതയായി കിടക്കുന്ന മകളെയും കണ്ടെത്തി. വാസുകിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ റിനൈ മെഡ്‌സിറ്റിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. പോസ്‌റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ഇന്ന്‌ ബന്ധുക്കള്‍ക്കു കൈമാറും.
മാസങ്ങള്‍ക്ക്‌ മുന്‍പാണ്‌ കുടുംബം എറണാകുളം എളമക്കരയില്‍ വാടകയ്‌ക്കു വീടെടുത്തു താമസം തുടങ്ങിയതെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം നടത്തി വരുന്നു.

Ads by Google
Saturday 17 Jan 2026 10.53 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW