Sunday, March 15, 2026 Last Updated 26 Min 51 Sec ago English Edition
Todays E paper
Ads by Google
സുനില്‍ ജെ. സണ്ണി
Saturday 17 Jan 2026 10.53 AM

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട്‌ കോടതിയില്‍, സ്വര്‍ണം നഷ്‌ടപ്പെട്ടതായി സ്‌ഥിരീകരിക്കപ്പെട്ടാല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ കൂടുതല്‍ ശക്‌തമാകും

2019ല്‍ ഇളക്കിക്കൊണ്ടുപോയ സ്വര്‍ണപ്പാളികളില്‍ നിന്ന്‌ എത്ര സ്വര്‍ണം തട്ടിയെടുത്തെന്ന ചോദ്യത്തിനുള്ള ഉത്തരമാണ്‌ ഈ റിപ്പോര്‍ട്ടിലൂടെ പുറത്തുവരുക. സ്വര്‍ണം പൂശിയ ചെമ്പുപാളികളുടെ പരിശോധനാഫലവും അന്വേഷണസംഘം കൈമാറിയിട്ടുണ്ട്‌.
uploads/news/2026/01/821220/Sabarimala-gold-plate.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട്‌ പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിച്ചു.
ദ്വാരപാലക ശില്‍പം, കട്ടിളപ്പാളി എന്നിവ ഉള്‍പ്പെടെ 15 സാമ്പിളുകളുടെ പരിശോധനാഫലമാണ്‌ കോടതിയില്‍ ഹാജരാക്കിയത്‌. 2019ല്‍ ഇളക്കിക്കൊണ്ടുപോയ സ്വര്‍ണപ്പാളികളില്‍ നിന്ന്‌ എത്ര സ്വര്‍ണം തട്ടിയെടുത്തെന്ന ചോദ്യത്തിനുള്ള ഉത്തരമാണ്‌ ഈ റിപ്പോര്‍ട്ടിലൂടെ പുറത്തുവരുക.
വി.എസ്‌.എസ്‌.സിയില്‍ നടത്തിയ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട്‌ മുദ്രവച്ച കവറിലാണു കോടതിയില്‍ സമര്‍പ്പിച്ചത്‌. സ്വര്‍ണം പൂശിയ ചെമ്പുപാളികളുടെ പരിശോധനാഫലവും അന്വേഷണസംഘം കൈമാറിയിട്ടുണ്ട്‌. പാളികള്‍ മാറ്റിയിട്ടുണ്ടോ, പഴയ പാളികള്‍ നീക്കം ചെയ്‌ത്‌ പുതിയ പാളികളിലാണോ സ്വര്‍ണം പൂശിയത്‌, പഴയ പാളികള്‍ ഇപ്പോഴും സുരക്ഷിതമാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പരിശോധനാഫലം വ്യക്‌തത നല്‍കുമെന്നാണ്‌ അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

കോടതി ഇനി ഈ മുദ്രവച്ച റിപ്പോര്‍ട്ട്‌ തുറന്നു പരിശോധിക്കും. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പൂര്‍ണമായോ ഭാഗികമായോ പ്രോസിക്യൂഷനും പ്രതിഭാഗത്തിനും കൈമാറാനാണ്‌ സാധ്യത. ശാസ്ത്രീയ പരിശോധനയില്‍ സ്വര്‍ണം നഷ്‌ടപ്പെട്ടതായി സ്‌ഥിരീകരിക്കപ്പെടുന്ന പക്ഷം, കേസിലെ ക്രിമിനല്‍ കുറ്റങ്ങള്‍ കൂടുതല്‍ ശക്‌തമാകുകയും അധിക വകുപ്പുകള്‍ ചുമത്തപ്പെടുകയും ചെയ്യുമെന്നാണ്‌ നിയമവൃത്തങ്ങളുടെ സൂചന.

വാജിവാഹനം ബോര്‍ഡിന്റെ
സ്വത്തെന്ന്‌ 2012 ല്‍ ഉത്തരവ്‌

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്‌റ്റിലായ തന്ത്രിക്കെതിരേ കുരുക്കു മുറുകുകയാണ്‌. കൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം ഉള്‍പ്പെടെയുള്ള വസ്‌തുക്കള്‍ വ്യക്‌തിഗത സ്വത്തല്ലെന്ന്‌ 2012ലെ ഔദ്യോഗിക ഉത്തരവില്‍ വ്യക്‌തമാക്കുന്നുണ്ട്‌. പുതിയത്‌ സ്‌ഥാപിക്കുമ്പോള്‍ നീക്കം ചെയ്യുന്ന എല്ലാ പഴയ വസ്‌തുക്കളും ക്ഷേത്രത്തിന്റെ പൊതുസ്വത്തായി സൂക്ഷിക്കണമെന്നു 2012ല്‍ ദേവസ്വം ബോര്‍ഡ്‌ കമ്മിഷണറായിരുന്ന എന്‍. വാസു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

പഴയ വസ്‌തുക്കള്‍ ദേവസ്വം ബോര്‍ഡിന്റെ സ്വത്തായിരിക്കുമെന്ന നിര്‍ദേശവും ഉത്തരവിലുണ്ട്‌. ഉത്തരവ്‌ എല്ലാ ദേവസ്വം ഓഫീസുകളിലേക്കും സര്‍ക്കുലറായി കൈമാറിയിരുന്നു. ഈ ഉത്തരവ്‌ നിലനില്‍ക്കെ, കൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം തന്ത്രിക്കു കൈമാറിയതുമായി ബന്ധപ്പെട്ട നടപടികളാണ്‌ ഇപ്പോള്‍ അന്വേഷിക്കുന്നത്‌.

ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടും 2012ലെ ഔദ്യോഗിക ഉത്തരവും ഒരുമിച്ച്‌ കോടതി പരിശോധിക്കും. പാളികള്‍ ഇളക്കിമാറ്റാന്‍ തീരുമാനമെടുത്തവര്‍, അതിന്‌ അനുമതി നല്‍കിയവര്‍, നീക്കം നടപ്പാക്കിയവര്‍, രേഖകള്‍ കൈമാറ്റം ചെയ്‌തവര്‍, കൈമാറ്റങ്ങള്‍ മൗനമായി അംഗീകരിച്ചവര്‍ എന്നിവരെല്ലാം അന്വേഷണ പരിധിയിലേക്കു വരാനാണ്‌ സാധ്യത.

2012 ലെ ദേവസ്വം
കമ്മിഷണറുടെ ഉത്തരവ്‌

പുതിയത്‌ സ്‌ഥാപിക്കുമ്പോള്‍ നീക്കം ചെയ്യുന്ന പഴയ വസ്‌തുക്കള്‍ ക്ഷേത്രത്തിന്റെ പൊതുസ്വത്തായി സൂക്ഷിക്കണം കൊടിമരം, വാജിവാഹനം, ശില്‍പങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവ ദേവസ്വം ബോര്‍ഡിന്റെ സ്വത്തായിരിക്കും തന്ത്രി, മേല്‍ശാന്തി തുടങ്ങിയ വ്യക്‌തികള്‍ക്ക്‌ ഇവയില്‍ വ്യക്‌തിഗത അവകാശമില്ല പഴയ വസ്‌തുക്കള്‍ കൈമാറുകയോ മാറ്റിക്കൊണ്ടുപോകുകയോ ചെയ്യാന്‍ ബോര്‍ഡിന്റെ രേഖാമൂല അനുമതി നിര്‍ബന്ധം.

Ads by Google
സുനില്‍ ജെ. സണ്ണി
Saturday 17 Jan 2026 10.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW