-->
തിരുവനന്തപുരം: തൃശൂര്‍ കൊടകര എംബിഎ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് 17 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കല്ലമ്പലം നാവായിക്കുളത്ത് വെച്ച് മറിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.30 നാണ് അപകടം നടന്നത്.
വിഴിഞ്ഞത്തേക്ക് പഠനയാത്രയ്ക്ക് എത്തിയ സംഘമാണ് അപകടത്തിനിരയായത്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. വിദ്യാര്‍ത്ഥി ക്രിസ്റ്റോ പോള്‍, അസിസ്റ്റന്റ് പ്രൊഫസര്‍ നോയല്‍ വില്‍സണ്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നിന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കം 42 അംഗ സംഘമാണ് ബസ്സിലുണ്ടായിരുന്നത്. ദേശീയപാതയിലെ സര്‍വീസ് റോഡില്‍ ബസ് നിയന്ത്രണം വിട്ട് ചരിഞ്ഞാണ് അപകടം സംഭവിച്ചത്. ബസ് ഡ്രൈവര്‍ക്കും നിസാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.