Wednesday, March 11, 2026 Last Updated 4 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.36 PM

'ജയിലല്ലോ സുഖപ്രദം'

uploads/news/2026/01/821030/ed.jpg

സംസ്‌ഥാനത്തെ തടവുകാരുടെ വേതനം ഏഴു വര്‍ഷത്തിനുശേഷം വലിയ രീതിയില്‍ വര്‍ധിപ്പിച്ച്‌ ആഭ്യന്തരവകുപ്പ്‌ ഉത്തരവിറക്കിയിരിക്കുന്നു. തൊഴിലാളികള്‍ക്ക്‌, കൂലിപ്പണിക്കാര്‍ക്ക്‌, അവരുടെ അടിസ്‌ഥാന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള വേതനം പോലും ഉറപ്പാക്കാന്‍ കഴിയാത്ത നാട്ടിലാണ്‌ തടവുകാര്‍ക്കുവേണ്ടിയുള്ള സര്‍ക്കാരിന്റെ ഈയൊരു
'ക്ഷേമ പ്രവര്‍ത്തനം'. അര്‍ഹമായ വേതന വര്‍ധനയ്‌ക്കുവേണ്ടി രംഗത്തിറങ്ങുന്നവരെ അവഗണിച്ചും ആക്ഷേപിച്ചും മുന്നോട്ടുപോകാന്‍ യാതൊരു മനഃസാക്ഷിക്കുത്തും കാണിക്കാത്ത സര്‍ക്കാരിന്റെ ഈയൊരു നടപടിക്കെതിരേ വലിയ ജനരോഷമാണ്‌ ഉണ്ടായിരിക്കുന്നത്‌. ആശാ വര്‍ക്കര്‍മാര്‍ക്കും തൊഴിലുറപ്പ്‌ പദ്ധതിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും സ്വപ്‌നം കാണാന്‍പോലും കഴിയാത്ത പ്രതിഫലം തടവുപുള്ളികള്‍ക്ക്‌ ഉറപ്പാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. ഭക്ഷണവും ചികിത്സയും ജയിലുകളില്‍ സൗജന്യമാണെന്നിരിക്കെ, ജയിലില്‍ പോയാല്‍ 'ജോലി ചെയ്‌തു സമ്പാദിക്കുകയും ചെയ്യാം' എന്നു മലയാളികളെക്കൊണ്ടു പറയിച്ചിരിക്കുകയാണ്‌ സംസ്‌ഥാന സര്‍ക്കാര്‍. 'ജയിലല്ലോ സുഖപ്രദം' എന്നു പറയുന്നിടത്തു തമാശയ്‌ക്കപ്പുറം ക്രൂരമയൊരു യാഥാര്‍ഥ്യമാണ്‌ തെളിയുന്നത്‌. സാധാരണക്കാരായ ആളുകള്‍ കഷ്‌ടപ്പെട്ടു ജോലിചെയ്‌ത ശേഷവും ജീവിക്കാന്‍ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ്‌ ജയില്‍ വകുപ്പിന്റെ ശിപാര്‍ശ അംഗീകികരിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ നടപടി പുറത്തുവന്നത്‌.
നിലവില്‍ സ്‌കില്‍ഡ്‌ വിഭാഗത്തില്‍-152, സെമി സ്‌കില്‍ഡ്‌-127, അണ്‍സ്‌കില്‍ഡ്‌-63 രൂപ വീതം ലഭിച്ചിരുന്ന തടവുകാരുടെ പ്രതിഫലത്തില്‍ വന്‍ വര്‍ധനയാണ്‌ ഉണ്ടായത്‌. സ്‌കില്‍ഡ്‌ വിഭാഗത്തില്‍ 620, സെമി സ്‌കില്‍ഡ്‌ വിഭാഗത്തില്‍ 560, അണ്‍സ്‌കില്‍ഡ്‌ വിഭാഗത്തില്‍ 530 എന്നിങ്ങനെയാണ്‌ പുതുക്കിയ പ്രതിദിന വേതനം. എണ്ണായിരം രൂപ ഓണറേറിയം ഉള്‍പ്പെടെ പരമാവധി 12000 രൂപ ലഭിച്ചാല്‍പോലും ആശാവര്‍ക്കര്‍മാരുടെ ദിവസ വേതനം തടവുകാരുടേതിനേക്കാള്‍ 220 രൂപ കുറവാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. തൊഴിലുറപ്പ്‌ തൊഴിലാളികള്‍ക്കു തടവുകാര്‍ക്കു കിട്ടുന്ന പ്രതിഫലത്തിന്റെ പകുതിപോലും ഉറപ്പില്ല.
'ജയിലിലെ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചതിനെ എന്തിനാണ്‌ എതിര്‍ക്കുന്നത്‌. അവര്‍ പാവങ്ങളല്ലേ?' എന്നാണ്‌ ഈ വിഷയത്തില്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ്‌ ഇ.പി. ജയരാജന്‍ പ്രതികരിച്ചത്‌. മാന്യമായി ജീവിക്കാന്‍ എല്ലുമുറിയെ പണിയെടുത്താലും സാധിക്കാത്ത പാവങ്ങളുടെ കാര്യത്തിലില്ലാത്ത സഹാനുഭൂതിയാണ്‌ ഇവര്‍ക്കു തടവുകാരോടുള്ളത്‌. ജയരാജന്റെ പ്രതികരണത്തിനു സോഷ്യല്‍ മീഡിയിയില്‍ അടക്കം ലഭിക്കുന്ന ട്രോളുകള്‍ ഈ വിഷയത്തില്‍ ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു എന്നു മനസിലാക്കിത്തരുന്നു.
പല കാരണങ്ങള്‍കൊണ്ട്‌ ജയിലില്‍ അടയ്‌ക്കപ്പെട്ടവരാണ്‌ കുറ്റവാളികള്‍. അവര്‍ തെറ്റുചെയ്യുകയും അതിനുള്ള ശിക്ഷയുടെ ഭാഗമായി തടവു വിധിക്കപ്പെടുകയും ചെയ്യുന്നു. സമൂഹത്തിനു ഭീഷണിയായവരുടെയും നിയമത്തിനു നിരക്കാത്ത വിഷയങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ടവരുടെയും കാര്യത്തിലുള്ള സര്‍ക്കാരിന്റെ പരിഗണന സമൂഹത്തിലെ ഭൂരിപക്ഷത്തിനും ലഭിക്കുന്നില്ല. തടവുപുള്ളികള്‍ക്കു വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നതും അതിനു പിന്നിലുള്ള ഉദ്യോഗസ്‌ഥ ഒത്താശയും പലപ്പോഴും വിവാദമായിട്ടുണ്ട്‌. രാഷ്‌ട്രീയത്തടവുകാരുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ സമീപനം വിമര്‍ശനവിധേയവുമാണ്‌.
കൂലിവര്‍ധന ഉള്‍പ്പെടെ ആവശ്യപ്പെട്ടുള്ള നിരവധി അവകാശസമരങ്ങളുടെ ചരിത്രം കേരളത്തിനു പറയാനുണ്ട്‌. തങ്ങളുടെ കഷ്‌ടതകള്‍ തുറന്നുപറയാനും അതിനെതിരേ സമരം ചെയ്യാനുമുള്ള സ്വാതന്ത്ര്യവും അവകാശവും എല്ലാവര്‍ക്കുമുണ്ട്‌. നിലനില്‍പ്പിനു വേണ്ടിയുള്ള ഇത്തരം സമരങ്ങള്‍ക്കു സമൂഹം വലിയ പിന്തുണയാണ്‌ നല്‍കാറ്‌. പലപ്പോഴും സര്‍ക്കാരുകള്‍ക്കു മുട്ടുമടക്കേണ്ടിയും വരും. എന്നാല്‍, സമരം ചെയ്‌താല്‍ കൂലി തരില്ലെന്നും വേതനം വര്‍ധിപ്പിക്കില്ലെന്നും സര്‍ക്കാരുകള്‍ തീര്‍ത്തുപറയുകയും അതിനെതിരേ സമൂഹവും പ്രതിപക്ഷ പാര്‍ട്ടികളും നിശബ്‌ദരാക്കപ്പെടുകയും ചെയ്യുന്ന സാമൂഹികഅന്തരീക്ഷം ശക്‌തമാക്കപ്പെടുന്ന കാലത്താണ്‌ തടവുകാരുടെ കാര്യത്തിലുള്ള സര്‍ക്കാരിന്റെ ഇപ്പോഴത്തെ ശുഷ്‌കാന്തി. ഇതില്‍ ആളുകള്‍ക്ക്‌ പന്തികേടു തോന്നാതിരിക്കുന്നതെങ്ങനെ.

Ads by Google
Thursday 15 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW