Wednesday, March 11, 2026 Last Updated 15 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.35 PM

യുവജനോല്‍സവം: ഓര്‍മകള്‍ ഉത്‌കണ്‌ഠകള്‍

മൂന്നു പതിറ്റാണ്ടിലേറെ സംസ്‌ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ സഹയാത്രികനെന്ന നിലയില്‍, വീണ്ടും തൃശൂരില്‍ അരങ്ങുണരുമ്പോള്‍ ഓര്‍മകളും ഉത്‌കണ്‌ഠകളും സജീവമാകുന്നു. പുറമേ വര്‍ണപ്പകിട്ടും അലഭാരങ്ങളും ഏറി വരുമ്പോഴും യുവജനോത്സവ നടത്തിപ്പിലും അകത്തളങ്ങളിലും രാഷ്‌ട്രീയവല്‍ക്കരണം ശക്‌തിപ്രാപിക്കുന്നതാണ്‌ ഉത്‌കണ്‌ഠയ്‌ക്ക്‌ നിദാനം. യുവജനോത്സവ സംഘാടനത്തില്‍ അധ്യാപകര്‍ വഹിക്കുന്ന പങ്കിനെ കുറച്ചു കാണേണ്ടതില്ല.പക്ഷേ, അധ്യാപക സംഘടനകളുടെ വീതംവയ്‌പുകളിലും കിടമല്‍സരങ്ങളിലും അതിന്റെ തിളക്കം മങ്ങാനിടെയാവാറുണ്ട്‌.
1993ല്‍ തൃശ്ശൂരില്‍ നടന്ന സംസ്‌ഥാന സ്‌കൂള്‍ യുവജനോത്സവത്തിലേക്ക്‌ ക്ഷണിച്ചത്‌, അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും സഹൃദയനുമായ ഇ.ടി. മുഹമ്മദ്‌ ബഷീറാണ്‌. അന്നു ഞാന്‍ സാഹിത്യ അക്കാദമി സെക്രട്ടറിയാണ്‌. യുവ ജനോത്സവ പ്രതിഭകള്‍ വിധികര്‍ത്താക്കളുമായി നടത്തുന്ന സാംസ്‌കാരിക സംവാദം ആരംഭിച്ചത്‌ ആ വര്‍ഷമാണ്‌. സുകുമാര്‍ അഴീക്കോട്‌, ചെമ്മനം ചാക്കോ, നെല്ലിയോട്‌ വാസുദേവന്‍ നമ്പൂതിരി, നെല്ലായി കൃഷ്‌ണമൂര്‍ത്തി, കാര്‍ട്ടൂണിസ്‌റ്റ്‌ സുകുമാര്‍, വി.എം.കുട്ടി തുടങ്ങി വിവിധ രംഗങ്ങളിലെ പ്രഗത്ഭമതികള്‍ അന്നത്തെ സംവാദത്തില്‍ പങ്കെടുത്തിരുന്നു. എനിക്കായിരുന്നു മോഡറേറ്ററുടെ ചുമതല. എല്ലാ വേദികളും നിര്‍ത്തിവച്ച്‌ ഒന്നാമത്തെ വേദിയില്‍ നടന്ന ആ സംവാദം വ്യത്യസ്‌തവും പുതുമയാര്‍ന്നതും ആയിരുന്നു. തുടര്‍ന്ന്‌ കണ്ണൂരും കോഴിക്കോടും എറണാകുളത്തും സാംസ്‌കാരിക സംവാദം ഗംഭീരമായി തുടര്‍ന്നു. എറണാകുളത്ത്‌ കലാപ്രതിഭകള്‍ക്ക്‌ പകരം ഉദ്‌ഘാടന വേദി രാഷ്‌ട്രീയക്കാര്‍ കൈയടക്കുന്നതിനെതിരേ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ ആളിപ്പടര്‍ന്നതോര്‍ക്കുന്നു. കാലക്രമത്തില്‍ അത്‌ നിലച്ചു പോയത്‌ എന്തുകൊണ്ടാണെന്ന്‌ അറിയില്ല.
പ്രഥമ യുവജനോത്സവ മാനുവല്‍ പരിഷ്‌കരണ സമിതിയില്‍ വിദഗ്‌ധ അംഗം, തൊടുപുഴ- എറണാകുളം- ആലപ്പുഴ യുവജനോത്സവങ്ങളില്‍ ചീഫ്‌ എഡിറ്റര്‍, മൂന്നു പതിറ്റാണ്ട്‌ മുടങ്ങാതെ വിധി കര്‍ത്താവ്‌,എന്നിങ്ങനെ പ്രവര്‍ത്തിക്കാനായത്‌ ഹൃദ്യമായ യുവജനോത്സവസ്‌മൃതിയത്രേ.
വിധി നിര്‍ണയത്തില്‍ നിലനില്‍ക്കുന്ന ഒരു പോരായ്‌മ പറയാതെ വയ്യ. മാര്‍ക്കിനു പകരം എല്ലാവരെയും വെട്ടി നിരത്തുന്ന ഗ്രേഡ്‌ ആക്കിയതില്‍ അപാകതയുണ്ട്‌. 14 പേര്‍ മത്സരിക്കുന്ന ഒരിനത്തില്‍ തന്റെ സ്‌ഥാനം എവിടെയെന്ന്‌ കൃത്യമായി അറിയാന്‍ മത്സരാര്‍ത്ഥിക്കും, അത്‌ വെളിപ്പെടുത്താന്‍ വിധികര്‍ത്താവിനും കഴിയണം. മത്സരിക്കുന്നവര്‍ക്കൊക്കെ എ ഗ്രേഡ്‌ കൊടുത്ത്‌ തടിതപ്പുന്ന രീതി സുതാര്യമല്ല. മത്സരിക്കുന്നവരുടെ നില കൃത്യമായി രേഖപ്പെടുത്താനും അത്‌ സുതാര്യമായി വെളിപ്പെടുത്താനും വിധി കര്‍ത്താവിന്‌ ബാധ്യതയുണ്ട്‌. മത്സരാര്‍ത്ഥികളുടെ സൂക്ഷ്‌മ വ്യത്യാസങ്ങളെ അടയാളപ്പെടുത്താന്‍ മാര്‍ക്കിനേ കഴിയൂ.
മത്സരത്തിലെ മികച്ച കഥയും കവിതയും എല്ലാവര്‍ക്കും ലഭ്യമായത്‌ ഏറെക്കാലത്തെ മുറവിളികള്‍ക്ക്‌ ശേഷമാണ്‌. ഇപ്പോഴും രചനാ മത്സരവേദികള്‍ താരതമ്യേന അവഗണിക്കപ്പെട്ട അവസ്‌ഥയിലാണ്‌. നിഷ്‌പക്ഷമായി വിധി നിര്‍ണയത്തെ തുരങ്കം വയ്‌ക്കുന്ന സന്ദര്‍ഭങ്ങള്‍ ചില ഇനങ്ങളിലെങ്കിലും ആവര്‍ത്തിക്കപ്പെടുന്നുണ്ട്‌. പാവപ്പെട്ട ഒരു കുട്ടിക്ക്‌ കഴിവുകൊണ്ട്‌ മാത്രം തിളങ്ങാനാവുന്ന അവസ്‌ഥയല്ല ഇന്നും നൃത്ത വേദിയില്‍ ഉള്ളത്‌.
സ്വര്‍ണക്കപ്പ്‌ നിര്‍ദേശിച്ച, യുവജനോത്സവങ്ങളില്‍ വിധികര്‍ത്താവായിരുന്ന, വൈലോപ്പിള്ളിയുടെ നഗരത്തിലേക്ക്‌ യുവജനോത്സവം വന്നിരിക്കുന്നു. സ്വര്‍ണം ചെമ്പായി മാറുന്ന ഇന്ദ്രജാലം മാധ്യമങ്ങളില്‍ ഇന്ന്‌ നിറഞ്ഞുനില്‍ക്കുന്നു. യഥാര്‍ഥ പ്രതിഭകള്‍ തനി തങ്കമായി തിളങ്ങുന്ന വേദികളായി യുവജനോത്സവം മാറേണ്ടതുണ്ട്‌.
പരിശീലനം കൊണ്ട്‌ രാകി, രാകി മിനുക്കി എടുക്കുന്ന, ആളും ആരവവും ഏറുന്ന ഗ്ലാമര്‍ ഇനങ്ങള്‍ ഒരുവശത്ത്‌, വ്യക്‌തിപ്രതിഭ കൊണ്ടും സ്വന്തം പരിശ്രമം കൊണ്ടും അരങ്ങില്‍ തിളങ്ങുന്ന ഇനങ്ങള്‍ മറുവശത്ത്‌. കഥ, കവിത, ചിത്രരചന തുടങ്ങിയ വേണ്ടത്ര പരിഗണന കിട്ടാത്തവര്‍ മറ്റൊരിടത്ത്‌.
അവസാനത്തെ ബസ്സും പോയിക്കഴിഞ്ഞ്‌, ഇരുട്ടിലേക്ക്‌ മായുന്ന യാത്രക്കാരന്റെ അവസ്‌ഥയാണ്‌ പലപ്പോഴും വിജയികളുടേത്‌.വളരെ അപൂര്‍വമായേ ഈ പ്രതിഭകളെ പിന്നീട്‌ കലാസാഹിത്യ രംഗങ്ങളില്‍ കണ്ടുമുട്ടാന്‍ ഇടവരാറുള്ളൂ.

പായിപ്ര രാധാകൃഷ്‌ണന്‍

Ads by Google
Thursday 15 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW