Thursday, March 12, 2026 Last Updated 13 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.35 PM

ജാതിവിവേചനത്തിനെതിരേ നിയമത്തിന്റെ പ്രതിരോധം

ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതില്‍ നിര്‍ണായകമായേക്കാവുന്ന ഒരു ചുവടുവയ്‌പുമായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമ്മീഷന്‍ (യു.ജി.സി.) രംഗത്തെത്തിയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന ജാതിവിവേചനം തുടച്ചുനീക്കുന്നതിനായി പുതുതായി വിജ്‌ഞാപനം ചെയ്‌ത 'യു.ജി.സി. (പ്രമോഷന്‍ ഓഫ്‌ ഇക്വിറ്റി ഇന്‍ ഹയര്‍ എജൂക്കേഷന്‍ ഇന്‍സ്‌റ്റിട്യൂഷന്‍സ്‌) റഗുലേഷന്‍സ്‌ 2026' കേവലം ഒരു നിയമപരിഷ്‌കാരം എന്നതിലുപരി, ഇന്ത്യന്‍ ക്യാമ്പസുകളുടെ സാമൂഹിക ഘടനയില്‍ വരുത്തേണ്ട അനിവാര്യമായ തിരുത്തലുകളെയാണ്‌ അടയാളപ്പെടുത്തുന്നത്‌. 2012-ലെ ചട്ടങ്ങളെ കാലോചിതമായി പരിഷ്‌കരിച്ചുകൊണ്ട്‌ പുറത്തിറക്കിയ പുതിയ നിര്‍ദേശങ്ങള്‍, വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ വിവേചനരഹിതമായ അന്തരീക്ഷം ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നു.
അംഗീകാരം ലഭിച്ച ആശങ്കകള്‍

പുതിയ ചട്ടങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ വശം, വിവേചനത്തിന്റെ പരിധിയില്‍ ഇതര പിന്നാക്ക വിഭാഗങ്ങളെ (ഒ.ബി.സി.) കൂടി ഉള്‍പ്പെടുത്തി എന്നതാണ്‌. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ നിയമത്തിന്റെ കരട്‌ രൂപത്തില്‍ നിന്ന്‌ ഒ.ബി.സി. വിഭാഗങ്ങളെ ഒഴിവാക്കിയത്‌ വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക്‌ കാരണമായിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍, പ്രത്യേകിച്ച്‌ ഗവേഷണ തലങ്ങളിലും ഫാക്കല്‍റ്റി നിയമനങ്ങളിലും ഒ.ബി.സി. വിഭാഗങ്ങള്‍ നേരിടുന്ന പരോക്ഷമായ അവഗണനകളെ കണ്ടില്ലെന്ന്‌ നടിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം യു.ജി.സി. ഒടുവില്‍ അംഗീകരിച്ചിരിക്കുന്നു.
കൂടാതെ, 'വ്യാജ പരാതികള്‍ നല്‍കുന്നവരെ ശിക്ഷിക്കണം' എന്ന കരട്‌ നിര്‍ദേശം ഒഴിവാക്കിയതും വലിയൊരു ആശ്വാസമാണ്‌. അധികാരശ്രേണിയുടെ മുകളിലുള്ളവര്‍ക്കെതിരേ പരാതി നല്‍കാന്‍ മടിക്കുന്ന വിദ്യാര്‍ത്ഥികളെ കൂടുതല്‍ ഭയപ്പെടുത്താനും പരാതികളില്‍ നിന്ന്‌ പിന്തിരിപ്പിക്കാനും മാത്രമേ അത്തരം വകുപ്പുകള്‍ സഹായിക്കുമായിരുന്നുള്ളൂ. പരാതിക്കാരനെ സംരക്ഷിക്കുക എന്ന ജനാധിപത്യപരമായ മൂല്യത്തിനാണ്‌ ഇവിടെ മുന്‍ഗണന ലഭിച്ചിരിക്കുന്നത്‌.
ഇക്വിറ്റി കമ്മിറ്റികള്‍:
പ്രതീക്ഷയും വെല്ലുവിളിയും

ഓരോ ക്യാമ്പസിലും 'ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റി സെന്ററുകളും' അതിന്‌ കീഴില്‍ 'ഇക്വിറ്റി കമ്മിറ്റികളും' രൂപീകരിക്കണമെന്ന നിര്‍ദേശം വിപ്ലവകരമാണ്‌. സ്‌ഥാപന മേധാവി അധ്യക്ഷനാകുന്ന ഈ സമിതിയില്‍ എസ്‌.സി, എസ്‌.ടി, ഒ.ബി.സി., സ്‌ത്രീകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക്‌ നിര്‍ബന്ധമായും പ്രാതിനിധ്യം ഉണ്ടായിരിക്കണം. വിവേചനം എന്നാല്‍ കേവലം നേരിട്ടുള്ള അധിക്ഷേപങ്ങള്‍ മാത്രമല്ലെന്നും, ഒരാളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന എല്ലാത്തരം മാറ്റിനിര്‍ത്തലുകളും, മുന്‍ഗണന നല്‍കലുകളും അതില്‍ ഉള്‍പ്പെടുമെന്നും പുതിയ നിയമം വ്യക്‌തമാക്കുന്നു.
എന്നാല്‍, ഈ കമ്മിറ്റികളുടെ അധ്യക്ഷസ്‌ഥാനം സ്‌ഥാപന മേധാവികള്‍ തന്നെ വഹിക്കുമ്പോള്‍ എത്രത്തോളം നിഷ്‌പക്ഷത പുലര്‍ത്തും എന്നത്‌ ഗൗരവകരമായ ചോദ്യമാണ്‌. പലപ്പോഴും ക്യാമ്പസിനുള്ളിലെ വിവേചനങ്ങള്‍ സ്‌ഥാപനത്തിന്റെ സല്‍പ്പേരിനെ ബാധിക്കുമെന്ന്‌ ഭയന്ന്‌ ഒതുക്കിത്തീര്‍ക്കാനാണ്‌ അധികൃതര്‍ ശ്രമിക്കാറുള്ളത്‌. ഹൈദരാബാദ്‌ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ രോഹിത്‌ വെമുല മുതല്‍ മുംബൈ നായര്‍ മെഡിക്കല്‍ കോളജിലെ പായല്‍ തദ്വി വരെയുള്ളവരുടെ ആത്മഹത്യകള്‍ നമുക്ക്‌ മുന്നിലുണ്ട്‌. സ്‌ഥാപന മേധാവികള്‍ തന്നെ കുറ്റാരോപിതരാകുന്ന സാഹചര്യത്തില്‍ ഇത്തരം കമ്മിറ്റികള്‍ എത്രത്തോളം ഫലപ്രദമാകുമെന്നത്‌ കണ്ടറിയണം. ഇതിനാല്‍ തന്നെ, ദേശീയതലത്തിലുള്ള മോണിറ്ററിങ്‌ കമ്മിറ്റിയുടെ മേല്‍നോട്ടം കൃത്യമായിരിക്കണം.
ശിക്ഷാനടപടികളുടെ പ്രായോഗികത

നിയമം ലംഘിക്കുന്ന സ്‌ഥാപനങ്ങള്‍ക്ക്‌ ബിരുദം നല്‍കാനുള്ള അധികാരം തടയുന്നത്‌ ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകളാണ്‌ വ്യവസ്‌ഥ ചെയ്‌തിരിക്കുന്നത്‌. നിയമങ്ങള്‍ കടലാസില്‍ മാത്രം ഒതുങ്ങാതിരിക്കാന്‍ ഇത്തരം കര്‍ശനമായ നടപടികള്‍ അനിവാര്യമാണ്‌. എങ്കിലും, ഒരു സ്‌ഥാപനത്തെ ശിക്ഷിക്കുമ്പോള്‍ അവിടെ പഠിക്കുന്ന നിരപരാധികളായ വിദ്യാര്‍ഥികളുടെ ഭാവി കൂടി കണക്കിലെടുക്കേണ്ടതുണ്ട്‌. ഗ്രാന്‍ഡുകള്‍ വെട്ടിക്കുറയ്‌ക്കുന്നതും ഡിഗ്രി തടയുന്നതും സ്‌ഥാപനങ്ങളെ സമ്മര്‍ദത്തിലാക്കുമെങ്കിലും, അത്‌ വിദ്യാര്‍ത്ഥികളുടെ അക്കാദമിക്‌ വര്‍ഷങ്ങളെ ബാധിക്കാത്ത രീതിയില്‍ നടപ്പിലാക്കണം.
വിദ്യാഭ്യാസം എന്നത്‌ സാമൂഹിക വിമോചനത്തിനുള്ള മാര്‍ഗമാണ്‌. ആ വഴിയില്‍ ജാതിയും വംശവും തടസ്സമാകുന്നത്‌ ഒരു പരിഷ്‌കൃത സമൂഹത്തിന്‌ ചേര്‍ന്നതല്ല. ക്യാമ്പസുകളിലെ 'അദൃശ്യമായ' വിവേചനങ്ങള്‍ തടയാന്‍ നിയമപരമായ ഈ ചട്ടക്കൂട്‌ അനിവാര്യമാണ്‌. എന്നാല്‍, നിയമം നിര്‍മിക്കുന്നത്‌ കൊണ്ടുമാത്രം മാറ്റമുണ്ടാകില്ല;അത്‌ നടപ്പിലാക്കാനുള്ള ഇച്‌ഛാശക്‌തി സര്‍വകലാശാലകളും സര്‍ക്കാരുകളും കാണിക്കണം. ഒപ്പം അധ്യാപകരിലും ഉദ്യോഗസ്‌ഥരിലും കൃത്യമായ ബോധവല്‍ക്കരണം നടത്താന്‍ യു.ജി.സി. പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണം. അറിവ്‌ നേടാനുള്ള ഇടങ്ങള്‍ എല്ലാവര്‍ക്കും തുല്യമായും അന്തസ്സോടെയും പ്രാപ്യമാകുമ്പോള്‍ മാത്രമേ ജനാധിപത്യം അര്‍ത്ഥപൂര്‍ണമാകൂ.

അരവിന്ദ്‌ അലോഷ്യസ്‌

Ads by Google
Thursday 15 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW