-->
തിരുവനന്തപുരം: വന്‍ രാഷ്ട്രീയ വിവാദം ഉയര്‍ത്തിവിട്ട 'പോറ്റിയേ...കേറ്റിയേ' പാരഡിപ്പാട്ടില്‍ കേസെടുത്തേക്കില്ല.. കേസെടുത്ത നടപടി പിന്‍വലിക്കും. പാരഡി വലിയ വിമര്‍ശനമായി മാറിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പിന്നോക്കം പോയിരിക്കുന്നത്. കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിന് നിര്‍ദേശം നല്‍കി.
പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്തയയ്ക്കാനുള്ള നീക്കത്തില്‍ നിന്നും പിന്നോക്കം പോയി. കിട്ടിയ പരാതികളില്‍ തുടര്‍നടപടിക്കില്ല. അയ്യപ്പ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണസമിതി നല്‍കിയ പരാതിയിലായിരുന്നു കേസെടുത്തത്. പിന്നാലെ സംസ്ഥാനത്തുടനീളം പരാതികള്‍ ലഭിച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തിയത് അടക്കമുള്ള വകുപ്പാണ് ചുമത്തിയത്.
പോലീസ് കേസെടുത്തതിന് പിന്നാലെ വിഷയത്തെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു. ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട പ്രതിപക്ഷ എംപിമാരും പാര്‍ലമെന്റിന് മുന്നില്‍ ഗാനം ആലപിച്ചിരുന്നു. പാരഡിഗാനത്തിനെതിരേ തിരുവാഭരണ പാത സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുഴികാലയാണ് പരാതി നല്‍കിയത്.
കൃത്യമായ തെളിവുകള്‍ ഇല്ലാതെ തുടര്‍ നടപടിക്ക് മുതിര്‍ന്നാല്‍ കോടതിയില്‍ തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്. മുഖ്യമന്ത്രിയുടെ ഫോട്ടോ പാരഡിക്കൊപ്പം ചേര്‍ത്തതില്‍ ഗൂഢാലോചന സംശയിച്ചിരുന്നു. തുടര്‍ന്നാണ് വിവരങ്ങള്‍ തേടി പൊലീസ് മെറ്റയ്ക്ക് കത്തയച്ചത്. ഇപ്പോള്‍ കേസ് എങ്ങിനെയാണോ നില്‍ക്കുന്നത് അതുപോലെ തന്നെ നില്‍ക്കട്ടെ എന്നാണ് നല്‍കിയിട്ടുള്ള നിര്‍ദേശം.