-->
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും വിശ്വസ്‌തമായ വിക്ഷേപണ വാഹനമെന്ന് ഖ്യാതിയുള്ള പി.എസ്.എല്‍.വി. (പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) തുടര്‍ച്ചയായ രണ്ടാം തവണയും പരാജയപ്പെട്ടത് കേവലം സാങ്കേതികമായ ഒരു തകര്‍ച്ചയല്ല, മറിച്ച് ഐ.എസ്.ആര്‍.ഒ. എന്ന മഹത്തായ സ്‌ഥാപനം പുലര്‍ത്തിപ്പോന്ന സുതാര്യതയ്‌ക്കും ഗുണനിലവാരത്തിനുമേറ്റ കനത്ത പ്രഹരം കൂടിയാണ്. തിങ്കളാഴ്‌ച ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്ന പി.എസ്.എല്‍.വി.-സി 62 ദൗത്യം മൂന്നാം ഘട്ടത്തില്‍ നിയന്ത്രണം നഷ്‌ടമായി പരാജയപ്പെട്ടത് രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയൊരു ആശങ്കയ്‌ക്ക് വഴിമരുന്നിട്ടിരിക്കുന്നു. തന്ത്രപ്രധാനമായ ഇ.ഒ.എസ്.-എന്‍ 1 ഉപഗ്രഹവും മറ്റ് 15 ചെറു ഉപഗ്രഹങ്ങളും ഇതോടെ നഷ്‌ടമായി. കഴിഞ്ഞ എട്ടു മാസത്തിനിടെ സംഭവിക്കുന്ന രണ്ടാമത്തെ പരാജയമാണിതെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ശാസ്‌ത്രലോകത്ത് പരീക്ഷണങ്ങളും പരാജയങ്ങളും സ്വാഭാവികമാണെങ്കിലും, പി.എസ്.എല്‍.വി.യെപ്പോലെ ദശകങ്ങളോളം കരുത്തുതെളിയിച്ച ഒരു വാഹനം വീണ്ടും തകരുന്നത് ഗൗരവതരമായ അന്വേഷണം അര്‍ഹിക്കുന്നുണ്ട്.
2025 മേയില്‍ നടന്ന പി.എസ്.എല്‍.വി.-സി 61 ദൗത്യത്തിന്റെ തകര്‍ച്ചയ്‌ക്ക് സമാനമായ സാഹചര്യമാണ് ഇത്തവണയും ദൃശ്യമായത്. കഴിഞ്ഞ തവണ മൂന്നാം ഘട്ടത്തിലെ മോട്ടോറിലുണ്ടായ മര്‍ദവ്യത്യാസമായിരുന്നു വില്ലനെങ്കില്‍, ഇത്തവണ റോക്കറ്റിന്റെ കറക്കത്തിലുണ്ടായ അസ്വാഭാവികമായ മാറ്റമാണ് വിനയായത്. ഈ രണ്ട് പരാജയങ്ങളും റോക്കറ്റിന്റെ മൂന്നാം ഘട്ടവുമായി ബന്ധപ്പെട്ടതാണെന്നത് ശുഭസൂചനയല്ല. ഇന്ത്യയുടെ അഭിമാനമായ എല്‍.വി.എം.-3 പോലുള്ള വലിയ റോക്കറ്റുകള്‍ വിജയകരമായി കുതിക്കുമ്പോഴും, നമ്മുടെ കഠിനാധ്വാനി എന്ന് വിളിക്കപ്പെടുന്ന പി.എസ്.എല്‍.വി.ക്ക് എവിടെയാണ് പിഴയ്‌ക്കുന്നത് എന്നത് ഐ.എസ്.ആര്‍.ഒ. സ്വയം ചോദിക്കേണ്ട ചോദ്യമാണ്. ഗുണനിലവാര പരിശോധനയില്‍ വന്ന പോരായ്‌മകളാണോ അതോ തിരക്കിട്ടുള്ള വിക്ഷേപണങ്ങളാണോ പരാജയകാരണമെന്ന് പരിശോധിക്കപ്പെടണം.
സി 61 ദൗത്യത്തിന്റെ പരാജയകാരണങ്ങള്‍ അന്വേഷിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താതെ രഹസ്യമാക്കി വച്ച നടപടി ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. വിക്ഷേപണ വാഹനത്തിന്റെ സാങ്കേതിക തകരാറുകള്‍ ശാസ്‌ത്രസമൂഹത്തിനും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുന്നത് സ്‌ഥാപനത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. എന്നാല്‍ വിവരങ്ങള്‍ മറച്ചുവയ്‌ക്കുന്ന ബ്യൂറോക്രാറ്റിക് ശൈലി ഐ.എസ്.ആര്‍.ഒ.യുടെ പാരമ്പര്യത്തിന് ചേര്‍ന്നതല്ല. മുന്‍ പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാതെയും സുതാര്യമായ തിരുത്തലുകള്‍ വരുത്താതെയും അടുത്ത വിക്ഷേപണത്തിന് തയ്യാറെടുത്തതാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമെന്ന് കരുതേണ്ടിയിരിക്കുന്നു. തന്ത്രപ്രധാനമായ ഉപഗ്രഹങ്ങള്‍ വഹിക്കുന്ന ദൗത്യങ്ങളില്‍ പുലര്‍ത്തേണ്ട അതീവ ജാഗ്രത ഇവിടെ ലംഘിക്കപ്പെട്ടോ എന്ന് സംശയിക്കേണ്ടതുണ്ട്.
ആഗോള ബഹിരാകാശ വിപണിയില്‍ വാണിജ്യപരമായ വലിയ ലക്ഷ്യങ്ങളാണ് ഇന്ത്യക്കുള്ളത്. ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് വഴി വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു ലാഭമുണ്ടാക്കുന്ന ഇന്ത്യയ്‌ക്ക് ഈ പരാജയം സാമ്പത്തികമായും തിരിച്ചടിയാണ്. ഇന്‍ഷുറന്‍സ് തുകകള്‍ കുതിച്ചുയരാനും വിദേശ ഉപഭോക്‌താക്കള്‍ ഇന്ത്യന്‍ വിക്ഷേപണ വാഹനങ്ങളെ സംശയത്തോടെ നോക്കാനും ഈ സാഹചര്യം ഇടയാക്കും. നഷ്‌ടപ്പെട്ട സാമ്പത്തിക ലാഭത്തേക്കാള്‍ പ്രധാനമാണ് വര്‍ഷങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്ത വിശ്വാസ്യത. അതുകൊണ്ടുതന്നെ, ഇനിയെങ്കിലും പി.എസ്.എല്‍.വി.-സി 61, സി 62 ദൗത്യങ്ങളുടെ പരാജയ റിപ്പോര്‍ട്ടുകള്‍ ശാസ്‌ത്രീയമായി വിശകലനം ചെയ്യാനും പോരായ്‌മകള്‍ പരസ്യമായി സമ്മതിച്ച് തിരുത്താനും ഐ.എസ്.ആര്‍.ഒ. നേതൃത്വം തയ്യാറാകണം. സുതാര്യതയും കര്‍ശനമായ ഗുണനിലവാര പരിശോധനയും മാത്രമാണ് ഇന്ത്യന്‍ ബഹിരാകാശ സ്വപ്‌നങ്ങളെ വീണ്ടും ഭ്രമണപഥത്തിലെത്തിക്കാനുള്ള ഏക വഴി.