-->
തിരുവല്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വീട്ടിലും പരിശോധന നടത്തി എസ്‌ഐടി. ലാപ്‌ടോപ്പ് അടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ നടത്തിയ വ്യാപക പരിശോധനയുടെ ഭാഗമായാണ് പ്രത്യേക അന്വേഷണ സംഘം വീട്ടിലെത്തിയത്. രാഹുലിന്റെ ലാപ്‌ടോപ്പില്‍ നിര്‍ണായ വിവരങ്ങള്‍ ഉണ്ടാകുമെന്നാണ് എസ്‌ഐടിയുടെ നിഗമനം. രാഹുലിന്റെ അടൂര്‍ നെല്ലിമുകളിലെ വീട്ടിലാണ് എസ്‌ഐടി പരിശോധന നടത്തിയത്. പത്ത് മിനിറ്റോളം നേരമാണ് സംഘം വീട്ടില്‍ തുടര്‍ന്നത്. പരിശോധനാ സമയത്ത് രാഹുലിനെ കൊണ്ടുപോയിരുന്നില്ല. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇലക്ട്രോണിക് അക്യുമെന്റുകള്‍ കണ്ടെത്താനായില്ല എന്നാണ് വിവരം.
രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ്ബ് സെവന്‍ ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് പ്രത്യേക അന്വേഷണ സംഘം ക്ലബ്ബ് സെവനില്‍ എത്തിയത്. രാഹുല്‍ തങ്ങിയ 408ാം നമ്പര്‍ മുറിയില്‍ അടക്കം പരിശോധന നടന്നു. ഇവിടെ തെളിവെടുപ്പ് മണിക്കൂറുകള്‍ നീണ്ടു. ആദ്യം അന്വേഷണത്തോട് നിസഹകരണം കാട്ടിയ രാഹുല്‍ പിന്നീട് ഹോട്ടലില്‍ എത്തിയ കാര്യം സമ്മതിച്ചു. യുവതിയുമായി സംസാരിക്കാനാണ് ഹോട്ടലില്‍ എത്തിയതെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. എന്നാല്‍ പീഡിപ്പിച്ചുവെന്ന അതിജീവിതയുടെ പരാതിയില്‍ രാഹുല്‍ മറുപടി പറഞ്ഞില്ല.
അതേസമയം രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴി എടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. കോടതിയില്‍ ഉള്‍പ്പെടെ അതിജീവിതയിടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. നിലവില്‍ വിദേശത്തുള്ള അതിജീവിതയുടെ മൊഴി ഇന്ത്യന്‍ എംബസി വഴിയോ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയോ രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി തിങ്കളാഴ്ച ഹൈക്കോടതിയുടെ അനുമതി തേടും. ഇന്നലെ എസ്പി പൂങ്കുഴലി അതിജീവിതയുമായി ഫോണില്‍ സംസാരിച്ചിരുന്നു.