-->
ശിവകാര്‍ത്തികേയന്‍ നായകനായി തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് പരാശക്തി. സുധ കൊങ്കര ആണ് ചിത്രത്തിന്റെ സംവിധാനം. വിജയ് നായകനാകുന്ന ജനനായകനും പരാശക്തിയും ഒന്നിച്ചായിരുന്നു തിയേറ്ററില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ ജനനായകന്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നത് കാരണം സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ വിജയ് ആരാധകര്‍ മനപൂര്‍വം പരാശക്തിയ്ക്ക് നെഗറ്റീവ് റിവ്യൂ നല്‍കുന്നുവെന്ന് ആരോപിക്കുകയാണ് സംവിധായിക സുധ കൊങ്കര. സ്വന്തം സിനിമ റിലീസ് ചെയ്യാന്‍ സാധിക്കാത്ത നടന്റെ ഗുണ്ടകള്‍ ' പരാശക്തി'യെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണ് സംവിധായികയുടെ പ്രതികരണം.
'സിനിമ അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്താൻ ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. നിങ്ങളുടെ സിനിമ സ്വയം സംസാരിച്ചാൽ മാത്രം പോരാ എന്ന് തോന്നുന്നു. പൊങ്കൽ വാരാന്ത്യത്തിൽ കൂടുതൽ പേരിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പേരില്ലാത്ത ഐഡികൾക്ക് പിന്നിൽ ഒളിച്ച്, മോശം രീതിയിലുള്ള അപവാദ പ്രചാരണങ്ങളും മാനഹാനിയും നടക്കുന്നുണ്ട്. ഇതിനെ നമ്മൾ നേരിടേണ്ടതുണ്ട്. ഇത് എവിടെ നിന്ന് വരുന്നു എന്ന് നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. നിങ്ങൾക്ക് അത് എവിടെ നിന്ന് വരുന്നു എന്ന് അറിയാം. ഇത് അവരുടെ കഴിവുകേട് കാരണം റിലീസ് ചെയ്യാൻ കഴിയാതിരുന്ന ഒരു സിനിമയിലെ നടന്റെ ആരാധകരിൽ നിന്നാണ് വരുന്നത്. ഇതാണ് നമ്മൾ നേരിടുന്ന റൗഡീയിസവും ഗുണ്ടായിസവും." സുധ കൊങ്കര പറഞ്ഞു. റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്‌നാട്ടില്‍ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. രവി മോഹന്‍, അഥര്‍വ, ശ്രീലീല എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം.