Wednesday, March 11, 2026 Last Updated 4 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.35 PM

മത്സരം വേണ്ട, ഉത്സവം മതി

കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും കലാപാരമ്പര്യവും ഒത്തുചേരുന്ന, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയ്‌ക്ക്‌ തൃശൂരില്‍ തിരിതെളിയുകയാണ്‌. ഇന്നു മുതല്‍ അഞ്ചു രാപ്പകലുകള്‍ നീളുന്ന ഈ മഹാമേള മതനിരപേക്ഷ കേരളത്തിന്റെ സാംസ്‌കാരിക കരുത്ത്‌ വിളിച്ചോതുന്ന വേദികളായി മാറും.
1957-ല്‍ വെറും ഇരുനൂറോളം പേര്‍ പങ്കെടുത്ത ഒരു ചെറിയ കലാമത്സരത്തില്‍ നിന്ന്‌ പതിനയ്യായിരത്തിലേറെ പ്രതിഭകള്‍ മാറ്റുരയ്‌ക്കുന്ന മഹാസാഗരമായി നമ്മുടെ കലോത്സവം വളര്‍ന്നിരിക്കുന്നു. വൈവിധ്യങ്ങളെ തകര്‍ത്ത്‌ ഏകതാനത അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വര്‍ത്തമാനകാലത്ത്‌, വൈജാത്യങ്ങളെ സംരക്ഷിക്കാനും ആഘോഷിക്കാനുമുള്ള നമ്മുടെ പോരാട്ടം കൂടിയാണ്‌ ഈ കലോത്സവം. എല്ലാ സാംസ്‌കാരിക രൂപങ്ങളെയും ഉള്‍ച്ചേര്‍ക്കുന്നതിന്റെ ഭാഗമായി ഗോത്രകലകളെക്കൂടി കലോത്സവത്തിന്റെ ഭാഗമാക്കിയത്‌ ഇതിന്‌ ഉദാഹരണമാണ്‌. സാമ്പത്തികമായി നാടിനെ ഞെരുക്കുന്ന പ്രതികൂല സാഹചര്യങ്ങളിലും കുട്ടികളുടെ വളര്‍ച്ചയ്‌ക്ക്‌ തടസ്സം നില്‍ക്കില്ലെന്ന സര്‍ക്കാരിന്റെ ദൃഢനിശ്‌ചയത്തിന്റെ വിളംബരം കൂടിയാണിത്‌.
ഇത്തവണത്തെ കലോത്സവം ;ഉത്തരവാദിത്വ കലോത്സവം' എന്ന പുതിയ ആശയത്തിലാണ്‌ സംഘടിപ്പിക്കുന്നത്‌. പ്ലാസ്‌റ്റിക്‌ ഒഴിവാക്കി സ്വന്തം കുപ്പികള്‍ കരുതുക, പോഷകസമൃദ്ധമായ ഭക്ഷണം മാത്രം വിളമ്പുക എന്നിവയാണ്‌ പ്രധാന സവിശേഷതകള്‍. മത്സരത്തോടൊപ്പം തോല്‍വിയെ മാന്യമായി അംഗീകരിക്കാനും പ്രകൃതിയോട്‌ ഇണങ്ങിജീവിക്കാനും ഈ മേള കുട്ടികളെ പ്രാപ്‌തരാക്കുന്നു. സമൂഹത്തോടും പ്രകൃതിയോടും പ്രതിബദ്ധതയുള്ള ഒരു തലമുറയെ ഇതിലൂടെ നമുക്ക്‌ വാര്‍ത്തെടുക്കാം.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിലൂടെ ഗുണമേന്മാ വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്ന എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ പ്രഖ്യാപിത നയം 2016 മുതല്‍ നാം നടപ്പാക്കി വരികയാണ്‌. 9,000 കോടിയോളം രൂപ വിനിയോഗിച്ച്‌ പൊതുവിദ്യാലയങ്ങളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തി. എട്ടു മുതല്‍ 12 വരെക്ല ാസ്സ്‌മുറികള്‍ ഹൈടെക്‌ ആക്കിയും, ൈപ്രമറി തലത്തില്‍ കമ്പ്യൂട്ടര്‍ ലാബുകള്‍ ഒരുക്കിയും, റോബോട്ടിക്‌സും നിര്‍മിത ബുദ്ധിയും (എ.ഐ.) പാഠ്യപദ്ധതിയുടെ ഭാഗമാക്കിയും വലിയ മാറ്റങ്ങളാണ്‌ നാം കൊണ്ടുവന്നത്‌.
കാലാനുസൃതമായ മാറ്റങ്ങള്‍ പാഠ്യപദ്ധതിയിലും വരുത്തിയിട്ടുണ്ട്‌. 2023-ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്‌ഥാനത്തില്‍ ജനകീയ ചര്‍ച്ചകളിലൂടെ പാഠപുസ്‌തകങ്ങള്‍ പരിഷ്‌കരിച്ചു. ഒരുകാലത്ത്‌ പാഠപുസ്‌തകം കിട്ടാനില്ല എന്ന പരാതിയായിരുന്നുവെങ്കില്‍, ഇപ്പോള്‍ അധ്യയന വര്‍ഷം തുടങ്ങുന്നതിന്‌ മുന്‍പേ പുസ്‌തകങ്ങള്‍ കുട്ടികളുടെ കൈകളിലെത്തുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെക്കൂടി ഉള്‍പ്പെടുത്തി 'ഇന്‍ക്ലൂസീവ്‌ സ്‌പോര്‍ട്‌സ്‌' നടപ്പിലാക്കി. തൊഴില്‍ അധിഷ്‌ഠിത വിദ്യാഭ്യാസത്തിനായി സ്‌കില്‍ ഡെവലപ്‌മെന്റ്‌ സെന്ററുകള്‍ ആരംഭിക്കുകയും അധ്യാപക പരിശീലനവും മൂല്യനിര്‍ണയ രീതികളും ശാസ്‌ത്രീയമായി പരിഷ്‌കരിക്കുകയും ചെയ്‌തു.
ഭാവിയില്‍ കുട്ടികളുടെ പഠനഭാരവും സ്‌കൂള്‍ബാഗിന്റെ ഭാരവും കുറയ്‌ക്കാനുള്ള ഗൗരവമായ ആലോചനയിലാണ്‌ സര്‍ക്കാര്‍.ക്ല ാസ്സ്‌ മുറികളില്‍ മുന്‍-പിന്‍ ബെഞ്ച്‌ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുന്ന രൂപഘടന കൊണ്ടുവരും. ഒരുകുട്ടി പോലും പുറന്തള്ളപ്പെടാതെ എല്ലാവര്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതില്‍ യാതൊരു വിട്ടുവീഴ്‌ചയുമുണ്ടാകില്ല.
കലോത്സവങ്ങള്‍ കേവലം മത്സരവേദികളല്ല, മറിച്ച്‌ അതൊരു സാംസ്‌കാരിക വിനിമയ പാഠശാലയാണ്‌. നിര്‍ഭാഗ്യവശാല്‍ ചില രക്ഷിതാക്കളെങ്കിലും അമിതമായ മത്സരബുദ്ധിയോടെ ഇതിനെ സമീപിക്കുന്നത്‌ കുട്ടികളില്‍ സമ്മര്‍ദം സൃഷ്‌ടിക്കുന്നുണ്ട്‌. രക്ഷിതാക്കള്‍ ഇതില്‍ സ്വയം തിരുത്തല്‍ വരുത്തേണ്ടതുണ്ട്‌. കുട്ടികള്‍ നിര്‍ഭയമായി തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കട്ടെ. 'മത്സരം വേണ്ട, ഉത്സവം മതി' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌, തൃശ്ശൂരിന്റെ മണ്ണില്‍ വിരിയുന്ന ഈ കലാവസന്തത്തെ നമുക്ക്‌ നെഞ്ചിലേറ്റാം. എല്ലാ പ്രതിഭകള്‍ക്കും വിജയാശംസകള്‍.

വി. ശിവന്‍കുട്ടി
(പൊതുവിദ്യാഭ്യാസമന്ത്രി)

Ads by Google
Tuesday 13 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW