Thursday, March 12, 2026 Last Updated 18 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.35 PM

ഐ.എസ്‌.ആര്‍.ഒ. നേരിടുന്ന വിശ്വാസ്യതാ പ്രതിസന്ധി

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും വിശ്വസ്‌തമായ വിക്ഷേപണ വാഹനമേതെന്ന്‌ ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ- പി.എസ്‌.എല്‍.വി. പതിറ്റാണ്ടുകളായി ഐ.എസ്‌.ആര്‍.ഒയുടെ വിജയഗാഥകളില്‍ സിംഹഭാഗവും രചിച്ച ഈ 'പടക്കുതിര' ഇന്ന്‌ അസാധാരണമായ ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ്‌ കടന്നുപോകുന്നത്‌. തിങ്കളാഴ്‌ച ശ്രീഹരിക്കോട്ടയില്‍ നിന്ന്‌ വിക്ഷേപിച്ച പി.എസ്‌.എല്‍.വി-സി 62 ദൗത്യത്തിന്റെ പരാജയം വെറുമൊരു സാങ്കേതിക തകരാര്‍ എന്നതിലുപരി, നമ്മുടെ ബഹിരാകാശ ഏജന്‍സിയുടെ സുതാര്യതയെയും ഗുണനിലവാര പരിശോധനയെയും കുറിച്ചുള്ള ഗൗരവകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
എട്ടുമാസത്തിനിടെ സംഭവിക്കുന്ന രണ്ടാമത്തെ വലിയ പരാജയമാണിത്‌. 2025 മേയ്‌ മാസത്തില്‍ ഇ.ഒ.എസ്‌-09 ഉപഗ്രഹവുമായി പോയ സി-61 ദൗത്യം പരാജയപ്പെട്ടതിന്റെ ആഘാതം മാറും മുന്‍പേയാണ്‌ സി-62 ദൗത്യവും പാതിവഴിയില്‍ വീണത്‌. തന്ത്രപ്രധാനമായ ഇ.ഒ.എസ്‌-എന്‍ 1 ഉപഗ്രഹമുള്‍പ്പെടെ 15 ഉപഗ്രഹങ്ങളാണ്‌ ഇതോടെ നഷ്‌ടമായത്‌. ദൗത്യം മൂന്നാം ഘട്ടം വരെ വിജയകരമായിരുന്നുവെന്നും എന്നാല്‍, അവസാന നിമിഷം റോക്കറ്റിന്റെ കറക്കത്തിലുണ്ടായ അസ്വാഭാവിക വ്യതിയാനം പാത തെറ്റാന്‍ കാരണമായെന്നുമാണ്‌ ഐ.എസ്‌.ആര്‍.ഒ ചെയര്‍മാന്‍ വി. നാരായണന്‍ അറിയിച്ചത്‌.
ഇവിടെ ശ്രദ്ധേയമായ കാര്യം, മുന്‍പ്‌ പരാജയപ്പെട്ട സി-61 ദൗത്യത്തിലും വില്ലനായത്‌ ഈ മൂന്നാം ഘട്ടം തന്നെയായിരുന്നു എന്നതാണ്‌. അന്ന്‌ എന്‍ജിനിലെ മര്‍ദം കുറഞ്ഞതായിരുന്നു പ്രശ്‌നമെങ്കില്‍, ഇത്തവണ അത്‌ റോക്കറ്റിന്റെ ദിശാനിര്‍ണ്ണയത്തെ ബാധിക്കുന്ന കറക്കമായി മാറി. ഒരേ ഘട്ടത്തില്‍ തന്നെ തുടര്‍ച്ചയായി പരാജയങ്ങള്‍ സംഭവിക്കുന്നത്‌ യാദൃശ്‌ചികമായി കാണാന്‍ കഴിയില്ല.
സി-61 ദൗത്യത്തിന്റെ പരാജയത്തെക്കുറിച്ച്‌ അന്വേഷിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ പൊതുസമൂഹത്തിന്‌ ലഭ്യമാക്കിയിരുന്നില്ല. തന്ത്രപ്രധാനമായ ഉപഗ്രഹങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി വയ്‌ക്കാമെങ്കിലും, റോക്കറ്റിന്റെ സാങ്കേതിക തകരാറുകള്‍ എന്തുകൊണ്ട്‌ മറച്ചുപിടിച്ചു എന്നത്‌ പ്രസക്‌തമാണ്‌. വാണിജ്യ വിപണിയില്‍ പി.എസ്‌.എല്‍.വിയുടെ സല്‍പേരിനെ ബാധിക്കുമെന്ന ഭയമായിരിക്കാം ഇതിനു പിന്നില്‍. എന്നാല്‍, ആ പരാജയത്തില്‍ നിന്ന്‌ നാം വേണ്ടത്ര പാഠങ്ങള്‍ പഠിച്ചോ എന്ന ചോദ്യത്തിന്‌ 'ഇല്ല' എന്നാണ്‌ പുതിയ പരാജയം നല്‍കുന്ന ഉത്തരം.
രൂപകല്‍പനയിലോ നിര്‍മാണത്തിലോ വന്ന പിഴവുകള്‍ സ്വതന്ത്രമായ ഒരു ഏജന്‍സിയെക്കൊണ്ട്‌ പരിശോധിപ്പിക്കുന്നതിനു പകരം, ആഭ്യന്തര അന്വേഷണങ്ങളില്‍ മാത്രം ഒതുങ്ങുന്നത്‌ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. വിദഗ്‌ധരുടെ തുറന്ന ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കും വഴിമാറിക്കൊടുത്തിരുന്നെങ്കില്‍ ഒരുപക്ഷേ എട്ടുമാസത്തിനിപ്പുറം മറ്റൊരു പരാജയം ഒഴിവാക്കാമായിരുന്നു.
ന്യൂ സ്‌പേസ്‌ ഇന്ത്യ ലിമിറ്റഡ്‌ എന്ന വാണിജ്യ വിഭാഗത്തിന്‌ കീഴിലായിരുന്നു ഈ വിക്ഷേപണം. സ്വകാര്യ സ്‌റ്റാര്‍ട്ടപ്പുകളുടെയും വിദേശ ഏജന്‍സികളുടെയും ഉപഗ്രഹങ്ങള്‍ ഇതിലുണ്ടായിരുന്നു. ഇന്‍ഷുറന്‍സ്‌ പരിരക്ഷയുള്ളതിനാല്‍ സ്വകാര്യ കമ്പനികള്‍ക്ക്‌ സാമ്പത്തിക നഷ്‌ടം നികത്താനായേക്കും. എന്നാല്‍ ഡി.ആര്‍.ഡി.ഒ നിര്‍മിച്ച തന്ത്രപ്രധാനമായ ഉപഗ്രഹം നഷ്‌ടപ്പെട്ടത്‌ രാജ്യത്തിന്‌ വലിയ തിരിച്ചടിയാണ്‌. ഇതിനുള്ള തുക സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‌ തന്നെ കണ്ടെത്തേണ്ടി വരും.
വാണിജ്യ വിക്ഷേപണ രംഗത്ത്‌ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ കെട്ടിപ്പടുത്ത വിശ്വാസത്തിന്‌ ഈ തുടര്‍ച്ചയായ വീഴ്‌ചകള്‍ മങ്ങലേല്‍പ്പിക്കും. ഇന്‍ഷുറന്‍സ്‌ പ്രീമിയം തുക വര്‍ദ്ധിക്കാനും ഉപഭോക്‌താക്കള്‍ മറ്റ്‌ ഏജന്‍സികളെ തേടിപ്പോകാനും ഇത്‌ കാരണമായേക്കാം.
പരാജയങ്ങള്‍ ബഹിരാകാശ പര്യവേഷണത്തിന്റെ ഭാഗമാണ്‌. എന്നാല്‍, പരാജയകാരണങ്ങള്‍ സുതാര്യമായി വിശകലനം ചെയ്യുകയും തിരുത്തലുകള്‍ വരുത്തുകയും ചെയ്യുമ്പോഴാണ്‌ ഒരു ശാസ്‌ത്ര സ്‌ഥാപനം കരുത്താര്‍ജ്‌ജിക്കുന്നത്‌. പി.എസ്‌.എല്‍.വിയുടെ മൂന്നാം ഘട്ടത്തിലെ ആവര്‍ത്തിക്കുന്ന തകരാറുകള്‍ സൂക്ഷ്‌മമായി പരിശോധിക്കേണ്ടതുണ്ട്‌. നിര്‍മാണ സാമഗ്രികളുടെ ഗുണനിലവാരത്തിലോ പരിശോധനാ രീതികളിലോ വന്ന വീഴ്‌ചയാണോ ഇതെന്ന്‌ വ്യക്‌തമാകണം.
ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക്‌ ചിറകുനല്‍കിയ പി.എസ്‌.എല്‍.വിയെ അതിന്റെ പഴയ പ്രതാപത്തിലേക്ക്‌ തിരികെ കൊണ്ടുവരേണ്ടത്‌ ഐ.എസ്‌.ആര്‍.ഒയുടെ അടിയന്തര കടമയാണ്‌. അതിനായി രഹസ്യാത്മകതയുടെ ആവരണം മാറ്റിനിര്‍ത്തിക്കൊണ്ടുള്ള സത്യസന്ധമായ ഒരു ആത്മപരിശോധനയ്‌ക്കാണ്‌ അധികൃതര്‍ തയാറാകേണ്ടത്‌.

ജോണ്‍ മാത്യു

Ads by Google
Tuesday 13 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW