Wednesday, March 11, 2026 Last Updated 5 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.35 PM

ചിതറുന്നത്‌, ജീവനാണ്‌

uploads/news/2026/01/820615/ed.jpg

നിരത്തുകള്‍ ചോരക്കളമായി മാറുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്‌ സംസ്‌ഥാനത്തുടനീളം ആവര്‍ത്തിക്കപ്പെടുന്നത്‌. വിലപ്പെട്ട ജീവനുകള്‍ ഇത്തരത്തില്‍ പൊലിയുന്നതിന്റെ വേദന ആര്‍ത്തനാദമായും അടക്കിപ്പിടിച്ച വിങ്ങലായും മാറവേ ഉയരുന്ന ഒരു ചോദ്യമുണ്ട്‌, ഇത്തരത്തിലുള്ള ദാരുണ സംഭവങ്ങള്‍ക്ക്‌ എന്ന്‌ അന്ത്യമുണ്ടാകും? നാടിന്റെ ഗതാഗത സംസ്‌കാരത്തിലും റോഡ്‌ സുരക്ഷയിലും അടിയന്തര 'ചികിത്സ' ആവശ്യമായി വന്നിരിക്കുന്നു. പോലീസും മോട്ടോര്‍ വാഹന വകുപ്പും കാര്യക്ഷമമായി ഇടപെടേണ്ട സാഹചര്യമാണ്‌ സ ംസ്‌ഥാനത്തേത്‌. റോഡുകള്‍ കുരുതിക്കളമാകാതിരിക്കാനുള്ള ജാഗ്രത ഗതാഗതം നിയന്ത്രിക്കുന്ന സംവിധാനങ്ങള്‍ക്കും റോഡിലേക്ക്‌ ഇറങ്ങുന്ന ഓരോ വ്യക്‌തികള്‍ക്കും ഉണ്ടാകണം.
കഴിഞ്ഞദിവസം അയല്‍വാസികളായ രണ്ടു കുടുംബങ്ങള്‍ സഞ്ചരി ച്ചിരുന്ന കാര്‍ കോട്ടയം മോനിപ്പള്ളിയില്‍ കെ.എസ്‌.ആര്‍.ടി.സി. ബസിലേക്ക്‌ ഇടിച്ചുകയറി ദമ്പതികളും അയല്‍ വീട്ടിലെ കുട്ടിയും മരിക്കുകയുണ്ടായി. ക്ഷേത്രദര്‍ശനം കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന സ ംഘമാണ്‌ അപകടത്തില്‍പെട്ടത്‌. കോഴിക്കോട്‌ കുന്നമംഗലത്ത്‌ ദേശീയപാതയില്‍ പിക്കപ്പ്‌ വാനും കാറും കൂട്ടിയിടിച്ച്‌ മൂന്നുപേരുടെ അന്ത്യം സംഭവിച്ചു. മോനിപ്പള്ളിയിലെ അപകടം രാവിലെ 11 മണിക്ക്‌ ആയിരുന്നെങ്കില്‍ കുന്നമംഗലത്തേത്‌ പുലര്‍ച്ചെ രണ്ടിന്‌. രണ്ട്‌ അപകടത്തിലും മൂന്നു മരണം വീതം. അതേ ദിവസം തന്നെയാണ്‌ തിരുവനന്തപുരത്ത്‌ വിവാഹത്തിന്‌ മണിക്കൂറുകള്‍ക്കു മുമ്പ്‌ പ്രതിശ്രുത വരന്‍ ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച വാര്‍ത്തയും കേള്‍ക്കേണ്ടിവന്നത്‌. തൊട്ടു പിന്നാലെ, മുണ്ടക്കയത്ത്‌ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ റോഡിലേക്ക്‌ വീണു പരിക്കേറ്റ വീട്ടമ്മ മരിച്ച വാര്‍ത്തയും നടുക്കത്തോടെ കേള്‍ക്കേണ്ടി വന്നു.
വാര്‍ത്താമാധ്യമങ്ങളില്‍ വന്നതും വരാത്തതുമായ പിന്നെയും എത്രയോ അപകടങ്ങള്‍ അന്നുതന്നെ നടന്നിട്ടുണ്ടാകും. ഒരു നിമിഷം കൊണ്ട്‌ തകര്‍ന്നു പോയ ജീവിതങ്ങള്‍ ജീവിച്ചിരിക്കുന്ന വരെ ഉള്‍ക്കിടിലത്തോടെ ഓര്‍മിപ്പിക്കുകയാണ്‌ റോഡിലേക്ക്‌ ഇറങ്ങുമ്പോള്‍ എത്രമാത്രം ശ്രദ്ധിക്കണമെന്ന്‌. വാഹന യാത്രക്കാര്‍ മാത്രമല്ല , കാല്‍നടക്കാര്‍ക്കും രക്ഷയില്ലാത്ത നാടായി കേരളം മാറിയിട്ട്‌ എത്രയോ നാളുകളായി. സംസ്‌ഥാനത്തെ അലക്ഷ്യമായ വാഹനഗതാഗതത്തെക്കുറിച്ച്‌ കോടതി ഉള്‍പ്പെടെ പരാമര്‍ശിക്കുകയും നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്‌തിട്ടും മനുഷ്യജീവനുകള്‍ സംരക്ഷിക്കുന്നതില്‍ മാത്രം ശുഷ്‌കാന്തി ഉണ്ടാകുന്നില്ല. സംസ്‌ഥാനത്തെ പൊതുഗതാഗതത്തില്‍ നിര്‍ണായകമായ കെ.എസ്‌.ആര്‍.ടിസിക്ക്‌ വരുമാനം വര്‍ധിപ്പിക്കുന്നതില്‍ ഇപ്പോഴത്തെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌ കുമാര്‍ പുലര്‍ത്തുന്ന ശ്രദ്ധ സ്വാഗതാര്‍ഹവും അഭിനന്ദനീയവുമാണ്‌. എന്നാല്‍, അതിനൊപ്പം, നിരത്തില്‍ ഇനിയൊരു ജീവന്‍ പൊലിയാതിരിക്കാനുള്ള നടപടികള്‍ ശക്‌തമാക്കാനും മന്ത്രിക്ക്‌ കഴിയണം. റോഡ്‌ ഗതാഗതത്തിലൂടെയുള്ള വരുമാനം വര്‍ധിക്കുന്നതിനൊപ്പം അപകട നിരക്ക്‌ കുറയ്‌ക്കുന്നതിലും അധികാരികള്‍ക്ക്‌ശ്രദ്ധ ഉണ്ടായാല്‍ മാത്രമേ റോഡിലേക്ക്‌ ഇറങ്ങാന്‍ ആളുകള്‍ക്ക്‌ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഭയപ്പാടിന്‌ മാറ്റം ഉണ്ടാക്കാനാകൂ.
സംസ്‌ഥാനത്ത്‌ വാഹനാപകടങ്ങളില്‍ ദിവസവും 11 ജീവനുകള്‍ വരെ നഷ്‌ടമാകുന്നതായാണ്‌ നിലവിലെ കണക്ക്‌. ശരാശരി റോഡ്‌ അപകടങ്ങളുടെ എണ്ണം നൂറ്റി മുപ്പത്തിയഞ്ചും. ൈഡ്രവര്‍ക്ക്‌ തെറ്റുപറ്റിയാലും അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്ന റോഡുകളും വാഹനങ്ങളുമാണ്‌ പുതിയ കാലത്തെ റോഡ്‌ സുരക്ഷാ പദ്ധതി മുന്നോട്ടുവയ്‌ക്കുന്നത്‌. സീറ്റ്‌ ബെല്‍റ്റിലും എയര്‍ബാഗിലും ഒതുങ്ങിയിരുന്ന സുരക്ഷാ സംവിധാനങ്ങള്‍ക്കപ്പുറം കൂട്ടിയിടി സ്വയം ഒഴിവാക്കുന്ന, ൈഡ്രവര്‍ ഉറങ്ങിയാല്‍ സ്വയം മുന്നറിയിപ്പ്‌ നല്‍കുന്ന, ലൈന്‍ മാറിയാല്‍ സൂചന നല്‍കുന്ന നിരവധി സുരക്ഷാമാര്‍ഗങ്ങള്‍ പുതിയ വാഹനങ്ങളിലുണ്ട്‌.
എന്നാല്‍, ഇതെല്ലാം എല്ലാവര്‍ക്കും ലഭ്യമാകുന്ന രീതിയില്‍ വ്യാപകമാകാന്‍ ഇനിയും സമയമെടുക്കും. അതുവരെ നിരത്തില്‍ ജീവനുകള്‍ക്ക്‌ വിലയില്ലാത്ത അവസ്‌ഥ തുടരാന്‍ അനുവദിക്കരുത്‌. വാഹന നിര്‍മിതിയില്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ കൂടുതല്‍ സാങ്കേതിക മികവുണ്ടാകുന്നുണ്ടെങ്കിലും റോഡുകളുടെ നിര്‍മാണത്തിലും പരിപാലനത്തിലും പോരായ്‌മകള്‍ അതേപടി നിലനില്‍ക്കുന്നു. സാങ്കേതിക മികവുള്ള വാഹനങ്ങളും ശാസ്‌ത്രീയമായി നിര്‍മിച്ച റോഡുകളും അപകട , മരണ നിരക്ക്‌ കുറയ്‌ക്കാന്‍ തീര്‍ച്ചയായും സഹായകരമാകും. സംസ്‌ഥാനത്തെ 60% അപകടങ്ങളും ദേശീയ, സംസ്‌ഥാന പാതകളിലാണ്‌ സംഭവിക്കുന്നത്‌. ഇവിടെ നിര്‍മാണത്തിലെ അപാകതയാണ്‌ മിക്ക അപകടങ്ങള്‍ക്കും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. ഓരോ അപകടത്തിന്‌ ശേഷവും അതെങ്ങനെ സംഭവിച്ചു എന്ന്‌ കൃത്യമായി കണ്ടെത്തി പരിഹാരത്തിനു ശ്രമിച്ചാല്‍ മാത്രമേ ഭാവിയില്‍ അത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കുന്നത്‌ തടയാനാകൂ.

Ads by Google
Tuesday 13 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW