-->
യഷ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ' ടോക്‌സിക്' . ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാകുന്നു. ഈ സിനിമയിലെ ഉളളടക്കം അങ്ങേയറ്റം അശ്ലീലമാണ് എന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി ( AAP) വനിതാ വിഭാഗം രംഗത്തെത്തി. പാര്‍ട്ടി പ്രതിനിധികള്‍ കര്‍ണാടക വനിതാ കമ്മീഷന് ഔദ്യോഗികമായി പരാതി നല്‍കിയതായാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ആം ആദ്മി പാര്‍ട്ടിയിലെ കര്‍ണാടക ഘടകത്തിലെ വനിതാ വിഭാഗം നേതാക്കളാണ് ഈ പരാതിക്ക് പിന്നില്‍. അവര്‍ കര്‍ണാടക സംസ്ഥാന വനിതാ കമ്മീഷന്‍ ഉദ്യോഗസ്ഥരെ നേരില്‍ കാണുകയും ഈ വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി സമര്‍പ്പിക്കുകയും ചെയ്തു. ചിത്രത്തിലെ ചില രംഗങ്ങള്‍ അമിതമായ അശ്ലീലത നിറഞ്ഞതാണെന്നാണ് എഎപി ഉന്നയിക്കുന്ന പ്രധാന ആരോപണം. ഈ സിനിമയിലെ ഉളളടക്കം പൊതുസമൂഹത്തിന് അനുയോജ്യമാണോ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് വനിതാ കമ്മീഷന്റെ ഇടപെടല്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.
' ടോക്‌സിക്കി' ന്റെ ടീസറിലെ ബോള്‍ഡ് രംഗങ്ങള്‍ ചൂണ്ടിക്കാട്ടി സംവിധായിക ഗീതു മോഹന്‍ദാസിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ടീസറിലെ നായകനെ അവതരിപ്പിക്കുന്ന ഭാഗം സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുന്നതാണെന്നായിരുന്നു പ്രധാനവിമര്‍ശനം.