-->
ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍, ആഗോള സമ്പദ്‌വ്യവസ്‌ഥയിലെ തിളങ്ങുന്ന താരമായി ഇന്ത്യ ഉയര്‍ന്നുവരുമ്പോഴും, രാജ്യത്തിന്റെ ഹൃദയഭൂമിയില്‍ ഇരുണ്ട നിഴല്‍ വീഴ്‌ത്തിക്കൊണ്ട് അക്രമാസക്‌തമായ ഒരു മാവോയിസ്‌റ്റ് കലാപം വളരുന്നുണ്ടായിരുന്നു. ഒന്നര പതിറ്റാണ്ടോളം, 'ചുവപ്പ് ഇടനാഴി' എന്നറിയപ്പെട്ടിരുന്ന മേഖല ക്രമേണ വികസിച്ചു. ദാരിദ്ര്യം പിടിമുറുക്കിയ ഗ്രാമങ്ങളില്‍ വിപ്ലവകരമായ കമ്യൂണിസ്‌റ്റ് സിദ്ധാന്തങ്ങള്‍ക്ക് വേരോട്ടം ലഭിച്ചതായിരുന്നു ഇതിന് കാരണം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്ന് വിശേഷിപ്പിച്ചത് പോലെ, ഇന്ത്യ നേരിട്ടിട്ടുള്ളതില്‍ വെച്ച് 'ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളി'യായി അത് മാറി.
എന്നാല്‍, ഈ വെല്ലുവിളിയെ നേരിടാന്‍ തങ്ങള്‍ക്ക് കെല്‍പുണ്ടെന്ന് ഇന്ത്യ തെളിയിച്ചിരിക്കുന്നു. 2013-ല്‍ 126 ജില്ലകളിലായി വ്യാപിച്ചുകിടന്നിരുന്ന റെഡ് കോറിഡോര്‍ കഴിഞ്ഞ വര്‍ഷത്തോടെ വെറും 11 ജില്ലകളിലേക്ക് ചുരുങ്ങി. ഇത് ഇന്ത്യന്‍ ഭരണകൂടം നേടിയ നിര്‍ണായകമായ, എന്നാല്‍ അപൂര്‍ണമായ വിജയത്തെ സൂചിപ്പിക്കുന്നു. 1960-കളില്‍ പശ്‌ചിമ ബംഗാളിലെ നക്‌സല്‍ബാരി ഗ്രാമത്തില്‍ നിന്ന് ഉത്ഭവിച്ച 'നക്‌സലൈറ്റ്' കലാപം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും ഇല്ലാതാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുകയാണ്.
ശ്രീലങ്കയില്‍ തമിഴ് പുലികളെ പരാജയപ്പെടുത്താനും 40 വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനും 2009-ല്‍ അന്നത്തെ പ്രസിഡന്റ് മഹിന്ദ രാജപക്‌സെ അഴിച്ചുവിട്ട വിനാശകരമായ അക്രമത്തിന്റെ വഴിയല്ല ഇന്ത്യ സ്വീകരിച്ചത്. 1990-കളില്‍ പെറുവിലെ മാവോയിസ്‌റ്റ് ഒളിപ്പോരാളികളായ 'ഷൈനിങ് പാത്തി'നെ തകര്‍ക്കാന്‍ ആല്‍ബെര്‍ട്ടോ ഫുജിമോറി ഉപയോഗിച്ച ക്രൂരമായ തന്ത്രങ്ങളും ഇന്ത്യ പയറ്റിയില്ല. പകരം, കലാപത്തിന്റെ കാരണങ്ങളെയും പ്രത്യാഘാതങ്ങളെയും കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ടുള്ള വളരെ സൂക്ഷ്‌മവും സമഗ്രവുമായ ഒരു തന്ത്രമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്.
ഈ കഥയുടെ തുടക്കം ഭൂരഹിതരായ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, സര്‍ക്കാര്‍ സേവനങ്ങള്‍ എത്തിപ്പെടാത്ത പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നാണ്;പ്രത്യേകിച്ചും വിഭവസമൃദ്ധമായ വനമേഖലകളില്‍ താമസിക്കുന്ന ആദിവാസി വിഭാഗങ്ങളില്‍ നിന്ന്. ചൂഷകരായ ജന്മിമാര്‍ക്കെതിരായ കര്‍ഷക കലാപത്തിന് ഇത് തിരികൊളുത്തി. ഗ്രാമങ്ങളിലെ 'വിപ്ലവകാരികള്‍' തങ്ങളുടെ 'ശത്രുക്കളെ' ഗ്രാമപ്രദേശങ്ങളിലേക്ക് ആകര്‍ഷിച്ച് നേരിടുക എന്ന മാവോയിസ്‌റ്റ് സൈനിക തന്ത്രമായ 'ജനകീയ യുദ്ധം' വിമതര്‍ സ്വീകരിച്ചു.
2004-ല്‍, കലാപകാരികളുടെ വിവിധ വിഭാഗങ്ങള്‍ ലയിച്ച് കമ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്‌റ്റ്) രൂപീകരിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തെ അട്ടിമറിച്ച് മാര്‍ക്‌സിസ്‌റ്റ്-ലെനിനിസ്‌റ്റ്-മാവോയിസ്‌റ്റ് പ്രത്യയശാസ്‌ത്രത്തിലൂന്നിയ ഒരു 'നവ ജനാധിപത്യ രാഷ്‌ട്രം' സ്‌ഥാപിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ഭരണപരവും സുരക്ഷാപരവുമായ ശൂന്യത മുതലെടുത്ത്, ഈ ജില്ലകളില്‍ സമാന്തര ഭരണകൂടം എന്ന പ്രതീതി സൃഷ്‌ടിക്കാന്‍ ഈ പാര്‍ട്ടിക്ക് സാധിച്ചു. മുതലാളിത്ത ചൂഷണത്തിനെതിരേ അടിച്ചമര്‍ത്തപ്പെട്ടവരുടെ സംരക്ഷകരായി അവര്‍ സ്വയം അവരോധിച്ചു. നിരാശരായ യുവാക്കളെ വലിയ തോതില്‍ ആകര്‍ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
എന്നാല്‍ ഈ 'സംരക്ഷണം' പലപ്പോഴും അക്രമത്തിലൂടെയും, കവര്‍ച്ചയിലൂടെയും ഭീഷണിപ്പെടുത്തിയുള്ള പണപ്പിരിവിലൂടെയുമാണ് നടപ്പിലാക്കിയിരുന്നത്. 2009 ജൂണില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സി.പി.ഐ. (മാവോയിസ്‌റ്റ്)യെയും അതിന്റെ പോഷക സംഘടനകളെയും ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും യു.എ.പി.എ. പ്രകാരം നിരോധിക്കുകയും ചെയ്‌തു.
കൂടുതല്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടാണ് മാവോയിസ്‌റ്റുകള്‍ ഇതിനോട് പ്രതികരിച്ചത്. 2010-ല്‍ ഛത്തീസ്‌ഗഡില്‍ ഇന്ത്യന്‍ അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്ക് നേരേ അവര്‍ നടത്തിയ ഏറ്റവും വലിയ ആക്രമണത്തില്‍ സി.ആര്‍.പി.എഫിലെ 74 ജവാന്മാരും രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു. മൂന്നു വര്‍ഷത്തിന് ശേഷം, മാവോയിസ്‌റ്റ് സ്വാധീനം അതിന്റെ ഉച്ചസ്‌ഥായിയിലായിരുന്നപ്പോള്‍, അവര്‍ ഒരു വാഹനവ്യൂഹം ആക്രമിച്ച്. ഛത്തീസ്‌ഗഡിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തെ മുഴുവന്‍ ഉന്മൂലനം ചെയ്‌തു.
സുരക്ഷാ ഭീഷണിയെയും കലാപത്തിന് വളമായിത്തീര്‍ന്ന സാമ്പത്തിക പരാതികളെയും ഒരേസമയം അഭിസംബോധന ചെയ്യുന്ന ഒരു പുതിയ സമീപനം ആവശ്യമാണെന്ന് അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. സര്‍ക്കാരിന് ബോധ്യപ്പെട്ടു. യു.പി.എ. സര്‍ക്കാര്‍ തുടക്കമിട്ട ഈ നടപടികള്‍ക്ക് 2014-ലെ തെരഞ്ഞെടുപ്പിനു ശേഷം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ആക്കം കൂട്ടി. സുരക്ഷയും വികസനവും സമന്വയിപ്പിച്ചുകൊണ്ടുള്ള സമഗ്രവും ബഹുമുഖവുമായ ഒരു തന്ത്രം മോദി സര്‍ക്കാര്‍ നടപ്പിലാക്കി.
സുരക്ഷാ രംഗത്ത്, പോലീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ വലിയ നിക്ഷേപം നടത്തി. ആധുനിക ആയുധങ്ങള്‍, മികച്ച ആശയവിനിമയ ഉപാധികള്‍, വനയുദ്ധത്തിനും കലാപങ്ങളെ നേരിടുന്നതിനുമുള്ള പ്രത്യേക പരിശീലനം എന്നിവ നല്‍കി. കൂടാതെ, മുമ്പ് എത്തിപ്പെടാന്‍ കഴിയാതിരുന്ന പ്രദേശങ്ങളില്‍ നൂറുകണക്കിന് പുതിയ ഫോര്‍വേഡ് ഓപ്പറേറ്റിങ് ബേസുകള്‍ (മുന്നേറ്റ താവളങ്ങള്‍) സ്‌ഥാപിച്ചു. ഇത് മാവോയിസ്‌റ്റുകളുടെ 'സുരക്ഷിത മേഖലകള്‍' ചുരുക്കാനും അവരുടെ നീക്കങ്ങളെ തടസ്സപ്പെടുത്താനും സഹായിച്ചു. മാവോയിസ്‌റ്റുകളുടെ പണപ്പിരിവ് ശൃംഖലകളെയും മറ്റ് അനധികൃത വരുമാന മാര്‍ഗങ്ങളെയും സര്‍ക്കാര്‍ ലക്ഷ്യമിട്ടു. ഒപ്പം അവരുടെ കേന്ദ്ര-പ്രാദേശിക നേതൃത്വത്തെ പിടികൂടാനോ നിര്‍വീര്യമാക്കാനോ ഉള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി.
എന്നാല്‍ സര്‍ക്കാരിന്റെ ഈ 'ഇരുമ്പുമുഷ്‌ടി' പ്രയോഗം വിജയകരമായത് അതിനൊപ്പം 'വികസനത്തിന്റെ സാന്ത്വനസ്‌പര്‍ശം' കൂടി ഉണ്ടായിരുന്നതുകൊണ്ടാണ്. ദാരിദ്ര്യ നിര്‍മാര്‍ജനവും വികസന പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്ന 'ഹൃദയങ്ങളെയും മനസ്സിനെയും കീഴടക്കാനുള്ള' പ്രചാരണമായിരുന്നു അത്. ബാധിക്കപ്പെട്ട ജില്ലകളില്‍ നിര്‍ണായകമായ അടിസ്‌ഥാന സൗകര്യവികസനത്തില്‍ നിക്ഷേപം നടത്തി. റോഡുകളും പാലങ്ങളും മൊബൈല്‍ ടവറുകളും വന്നതോടെ വാണിജ്യവും വാര്‍ത്താവിനിമയവും മെച്ചപ്പെട്ടു. ഇത് ഗ്രാമങ്ങളെ ഒറ്റപ്പെടുത്തി നിര്‍ത്തുന്നതില്‍ നിന്ന് മാവോയിസ്‌റ്റുകളെ തടഞ്ഞു. മാവോയിസ്‌റ്റുകളുടെ സമാന്തര ഭരണകൂടത്തെ മറികടന്ന് സബ്‌സിഡി നിരക്കിലുള്ള ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം തുടങ്ങിയ ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ നേരിട്ട് ജനങ്ങളിലെത്തിച്ചു. തോക്കെടുക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലാതിരുന്ന ആദിവാസി യുവാക്കള്‍ക്കും നിരാശരായ സമൂഹങ്ങള്‍ക്കും ഈ പദ്ധതികള്‍ ജീവിതത്തില്‍ പുതിയൊരു വഴി തുറന്നുകൊടുത്തു. വലിയ തോതിലുണ്ടായിരുന്ന ഒരു കലാപം ഇന്ന്, ഒറ്റപ്പെട്ട ചില തീവ്രവാദ പ്രവര്‍ത്തനങ്ങളായി ചുരുങ്ങിയിരിക്കുന്നു. സി.പി.ഐ. (മാവോയിസ്‌റ്റ്) നേതൃത്വം നാമമാത്രമായി. സംഘടന അംഗങ്ങളെ റിക്രൂട്ട് ചെയ്യാനും ഫണ്ട് കണ്ടെത്താനും പാടുപെടുകയാണ്. 2025 ഒക്‌ടോബറില്‍ ഈ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗം മല്ലോജുല വേണുഗോപാല്‍ റാവുവും 60 അനുയായികളും പോലീസിനു കീഴടങ്ങിയപ്പോള്‍, ഭരണകൂടത്തിന്റെ ശക്‌തിയെ പ്രസ്‌ഥാനം കുറച്ചുകണ്ടുവെന്ന് അദ്ദേഹം സമ്മതിക്കുകയുണ്ടായി. സായുധ പോരാട്ടം പരാജയപ്പെട്ടുവെന്ന് തന്റെ രാജിക്കത്തില്‍ അദ്ദേഹം എഴുതി;മാവോയിസ്‌റ്റുകള്‍ അവരുടെ സായുധ വിഭാഗങ്ങള്‍ പിരിച്ചുവിട്ട്, ഔദ്യോഗിക രാഷ്‌ട്രീയ പാര്‍ട്ടിയായി മാറി ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പക്ഷേ, യുദ്ധം അവസാനിച്ചിട്ടില്ല. സുസ്‌ഥിര വികസനത്തില്‍ ഊന്നിയുള്ള തുടര്‍പുരോഗതിയും വിശ്വസനീയമായ സേവനങ്ങള്‍ നല്‍കുന്നതും മാവോയിസ്‌റ്റുകളെ അകറ്റിനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. മാത്രമല്ല, ഇപ്പോഴും സി.പി.ഐ. (മാവോയിസ്‌റ്റ്) സ്വാധീനത്തില്‍ തുടരുന്ന 11 ജില്ലകള്‍ അതീവ ദുര്‍ഘടമായ വനമേഖലകളിലാണ്. അവിടെ സേവനങ്ങളും അവസരങ്ങളും എത്തിക്കുക എന്നത് എളുപ്പമല്ല.
അന്തിമമായി, ശാശ്വതമായ പരിഹാരത്തിന് ഘടനാപരമായ മാറ്റങ്ങള്‍ ആവശ്യമാണ്. ജലം, വനം, ഭൂമി എന്നിവയിന്മേലുള്ള തദ്ദേശീയരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കണം. പരമ്പരാഗത അവകാശങ്ങളെ മാനിച്ചുകൊണ്ട് സാമ്പത്തിക വികസനത്തെ പുനര്‍നിര്‍വചിക്കണം. പുതിയ അസ്വസ്‌ഥതകള്‍ ഉണ്ടാകാതിരിക്കാന്‍, പൊതുമേഖലയിലായാലും സ്വകാര്യമേഖലയിലായാലും, ചൂഷണാധിഷ്‌ഠിതമായ സംരംഭങ്ങള്‍ ഗോത്രമേഖലയിലെ ജീവിതത്തെ 'വിദൂര നിയന്ത്രണം' വഴി നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ഒഴിവാക്കണം. നക്‌സലൈറ്റ് കലാപത്തെ അടിച്ചമര്‍ത്തുന്നതില്‍ ഇന്ത്യ കൈവരിച്ച വിജയം, സങ്കീര്‍ണമായ ആഭ്യന്തര സുരക്ഷാ വെല്ലുവിളികളെ നേരിടാന്‍ വികസനത്തിലൂന്നിയ സമഗ്രമായ സമീപനത്തിന് കഴിയുമെന്നതിന്റെ തെളിവാണ്. സര്‍ക്കാരിന്റെ അന്തിമ വിജയം കുറിക്കുന്നത് ഉതിര്‍ക്കപ്പെടുന്ന അവസാനത്തെ വെടിയുണ്ടയിലല്ല;മറിച്ച്, സ്‌കൂളുകള്‍, ആശുപത്രികള്‍, തൊഴില്‍, നീതി എന്നിവയുടെ രൂപത്തില്‍ ഭരണകൂടത്തിന്റെ സാന്നിധ്യം, മാവോയിസ്‌റ്റുകള്‍ നല്‍കുന്ന ഏത് വാഗ്‌ദാനത്തേക്കാളും വിശ്വസനീയവും ആകര്‍ഷകവുമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന ദിവസമായിരിക്കും.
ശശി തരൂര്‍
(മുന്‍ യു.എന്‍. അണ്ടര്‍ സെക്രട്ടറി ജനറലും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ തിരുവനന്തപുരത്ത് നിന്നുള്ള ലോക്‌സഭാംഗമാണ്.)