-->
കേന്ദ്ര സര്‍ക്കാരിനെതിരേ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി കേരള സര്‍ക്കാരിന്റെ 'കുറ്റപത്രം'. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ തലസ്‌ഥാനത്ത് നടന്ന സത്യഗ്രഹ സമരം കേന്ദ്ര അവഗണനയ്‌ക്കെതിരായി എല്‍.ഡി.എഫ്. നടത്തുന്ന പോരാട്ടങ്ങളുടെ ഭാഗമായാണ് അവതരിപ്പിക്കപ്പെട്ടത്.
കേരളത്തിന്റെ വികസനക്കുതിപ്പിനെ കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വം തടയുകയാണെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ പോലും തട്ടിപ്പറിക്കുന്ന അസാധാരണ സാഹചര്യമാണ് സംസ്‌ഥാനത്തേതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുകയുണ്ടായി. എന്നാല്‍ , സമരത്തെ നാടകമെന്നു പറഞ്ഞ് തള്ളുന്ന സമീപനമാണ് ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടായത്. എല്‍.ഡി.എഫ്. സത്യഗ്രഹം തമാശമാത്രമെന്ന് കോണ്‍ഗ്രസും പ്രതികരിക്കുകയുണ്ടായി.
കേന്ദ്രം നടത്തുന്നതു പകപോക്കല്‍ രാഷ്‌ട്രീയമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. അര്‍ഹതപ്പെട്ടതുപോലും കേരളത്തിനു നല്‍കുന്നില്ല. സംസ്‌ഥാനത്തിന്റെ വികസനത്തിനു തടയിടാനുള്ള ഹീനമായ നീക്കങ്ങള്‍ക്കെതിരേ ബി.ജെ.പിയും കോണ്‍ഗ്രസും മുന്നോട്ടുവരാന്‍ മടിക്കുന്നു. നാട് മുന്നോട്ട് പോകരുതെന്ന ഹീനബുദ്ധിയാണ് കോണ്‍ഗ്രസിന്റേത്. തൊഴിലുറപ്പ് പദ്ധതിയുടെ മുഴുവന്‍ ഭാരവും സംസ്‌ഥാനത്തിന്റെ തലയില്‍ കെട്ടിവയ്‌ക്കുകയും നാടിന്റെ മുഖച്‌ഛായതന്നെ മാറ്റാന്‍ കഴിയുന്ന പല പദ്ധതികള്‍ ഇഴയുന്നതും കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം മൂലമാണെന്നും കേരള ജനതയോട് ഒരിക്കല്‍ക്കൂടി പറഞ്ഞിരിക്കുകയാണ് എല്‍.ഡി.എഫ്.
അതേസമയം , സംസ്‌ഥാനത്തിന്റെ സാമ്പത്തിക സ്‌ഥിതിയില്‍ മുഖ്യമന്ത്രിയുമായി സംവാദത്തിനു തയാറാണെന്ന് ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. യു.പി.എ. സര്‍ക്കാര്‍ കേരളത്തിനു 72,000 കോടിയാണ് നല്‍കിയതെങ്കില്‍ മോദി സര്‍ക്കാര്‍ 3.2 ലക്ഷം കോടി നല്‍കിയതായും രാജീവ് അവകാശപ്പെട്ടു. 'പിണറായി സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന്റെ കടം മൂന്ന് മടങ്ങായി വര്‍ധിച്ചു. തൊഴിലില്ലായ്‌മ 30 ശതമാനമായി ഉയര്‍ന്നു. വിലക്കയറ്റം 8.27 ശതമാനമായി ' എന്നിങ്ങനെ പോകുന്നു ബി.ജെ.പിയുടെ വിമര്‍ശനങ്ങള്‍. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവന്ന സാഹചര്യത്തില്‍ ജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ സത്യഗ്രഹ സമരമെന്ന കോമഡിയുമായി എല്‍.ഡി.എഫ്. ഇറങ്ങിയിരിക്കുകയാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
നികുതി വിഹിതവും ഗ്രാന്റും പദ്ധതി വിഹിതവും വെട്ടിക്കുറച്ച് കേന്ദ്രം കേരളത്തെ സാമ്പത്തികമായി തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് എല്‍.ഡി.എഫ് 'കുറ്റപത്രം'. കേന്ദ്രത്തിനെതിരേ സുപ്രധാനമായൊരു സമരമുഖം തുറക്കുകയാണ് ലക്ഷ്യമെന്ന് സത്യഗ്രഹത്തിനു മുന്നോടിയായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പ്രചാരണ മുഖത്ത് കേന്ദ്ര വിമര്‍ശനം കത്തിച്ചുനിര്‍ത്താനാകും എല്‍.ഡി.എഫ്. ശ്രമിക്കുകയെന്ന് ഇതോടെ ഉറപ്പിക്കപ്പെടുകയാണ് യഥാര്‍ത്ഥത്തിലുണ്ടായത്.
കേന്ദ്രത്തില്‍ ബി.ജെ.പി. അധികാരത്തില്‍ വന്നതിനുശേഷം സംസ്‌ഥാനത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും മോദി സര്‍ക്കാരിനെതിരായ വിമര്‍ശനം ഒരു നിര്‍ണായക ഘടകമാണ്. മോദിയെ ചെറുക്കുന്നതിലും വിമര്‍ശിക്കുന്നതിലും ഞങ്ങളാണ് മുന്നിലെന്നു വരുത്തിതീര്‍ക്കാന്‍ എല്‍.ഡി.എഫും യു.ഡി.എഫും ആഞ്ഞുശ്രമിക്കുന്ന കാഴ്‌ച്ച ഇത്തവണയുമുണ്ടാകും.
കേന്ദ്ര സര്‍ക്കാര്‍ കുനിയാന്‍ പറയുമ്പോള്‍ ഇഴയുന്ന സര്‍ക്കാരാണ് പിണറായിയുടേതെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞെന്നു കോണ്‍ഗ്രസ് പറയുന്നു. അതിനുള്ള തിരിച്ചടിയാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായതെന്ന് യു.ഡി.എഫും വിശ്വസിക്കുന്നു. കോണ്‍ഗ്രസ് കരുതുന്നതുപോലെ പിണറായിയും മോദിയും തമ്മിലുള്ള അന്തര്‍ധാര ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ ഇളിഭ്യതയാണ് ഈ കേന്ദ്ര വിരുദ്ധ സമരത്തിനു പിന്നിലെന്ന് സംസ്‌ഥാനത്തെ ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നുണ്ടോയെന്ന് വ്യക്‌തമാക്കപ്പെടുക ജനവിധിയിലൂടെ മാത്രമാകും.
കേന്ദ്രത്തെ വിമര്‍ശിച്ചാല്‍ മാത്രമേ കേരളത്തില്‍ വോട്ടു കിട്ടൂ എന്നുള്ള പാര്‍ട്ടികളുടെ ധാരണ സംസ്‌ഥാനത്തിനു എത്രമാത്രം ഗുണം ചെയ്യുമെന്നതാണ് ജനങ്ങളെ സംബന്ധിച്ച് പ്രധാനം. സംസ്‌ഥാനത്തിന്റെ ധനകമ്മി, അഥവാ വരവും ചെലവും തമ്മിലുള്ള അന്തരം അതിഗുരുതരമായ നിലയിലാണെന്ന അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞമാസം പുറത്തുവരുകയുണ്ടായി. വരവിനേക്കാള്‍ 39,023 കോടി രൂപയുടെ അധികച്ചെലവാണ് കണക്കാക്കപ്പെട്ടത്.
2024 നെ അപേക്ഷിച്ച് പതിനായിരം കോടിയിലേറെ രൂപയുടെ വര്‍ധന. റിസര്‍വ് ബാങ്ക് വഴി കടമെടുത്ത് അധികച്ചെലവ് നടത്തിയ സര്‍ക്കാര്‍ തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പായി ക്ഷേമപെന്‍ഷന്‍ അടക്കം വര്‍ധിപ്പിച്ചതിലൂടെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിട്ടുണ്ട്.
കേന്ദ്രവുമായുള്ള തര്‍ക്കങ്ങളും കേന്ദ്ര നിലപാടും വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള കേരളത്തിന്റെ കഴിവുകേടുമെല്ലാം ഈയൊരു പ്രതിസന്ധിക്ക് കാരണമാണ്. സമരവും സത്യഗ്രഹവുമെല്ലാം രാഷ്‌ട്രീയ നാടകം മാത്രം ആകാതിരിക്കണമെങ്കില്‍ പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായ ശ്രമം ഉണ്ടാകണം.