-->
കൊച്ചി: കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തുകയോ പിടിച്ചുകൊണ്ടുവരികയോ ചെയ്യുന്ന വ്യക്‌തികളെ കൊണ്ടുവരും മുമ്പും വിട്ടയയ്‌ക്കും മുമ്പും മെഡിക്കല്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് കൈമാറണമെന്ന വിഷയത്തില്‍ കേരളമുള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളുടെ പ്രതികരണം തേടി സുപ്രീം കോടതി.
മെഡിക്കല്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നു കാട്ടി എല്ലാ സ്‌റ്റേഷന്‍ ഹൗസ് ഇന്‍സ്‌പെക്‌ടര്‍മാര്‍ക്കും സര്‍ക്കുലര്‍ നല്‍കണമെന്നു അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരേ യു.പി. സര്‍ക്കാര്‍ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജിയിലാണു സുപ്രീം കോടതി മറ്റും സംസ്‌ഥാനങ്ങളുടെ അഭിപ്രായം തേടിയത്.
അലഹബാദ് ഹൈക്കോടതി വിധി പ്രായോഗികമല്ലെന്നും നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്നും സംസ്‌ഥാന സര്‍ക്കാരിന്റെയും പോലീസിന്റെയും അധികാരത്തിന്മേലുള്ള കടന്നു കയറ്റമാണെന്നുമാണു യു.പി. സര്‍ക്കാരിന്റെ വാദം. നിലവില്‍ അറസ്‌റ്റിലായാല്‍ മാത്രമാണു മെഡിക്കല്‍ പരിശോധനയുള്ളത്. എന്നാല്‍ ചോദ്യംചെയ്ലിനുശേഷം അറസ്‌റ്റ് നടത്താതെ തിരിച്ചുവിടുമ്പോള്‍, മെഡിക്കല്‍ പരിശോധന വേണമെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി.
ചോദ്യംചെയ്ലിനിടെ കുറ്റം സമ്മതിപ്പിക്കാന്‍ ദേഹോപദ്രവമുള്‍പ്പെടെയുള്ള അക്രമങ്ങള്‍ പോലീസ് ചെയ്യാറുണ്ടെന്നും കസ്‌റ്റഡി മരണമുള്‍പ്പെടെ ഉണ്ടാകാറുണ്ടെന്നും ചൂണ്ടിക്കാട്ടിയാണിത്. ക്രിമിനല്‍ നടപടിച്ചട്ടം സെക്ഷന്‍ 54 പ്രകാരമാണു അറസ്‌റ്റിലായവര്‍ക്കു വൈദ്യപരിശോധന നടത്തുന്നത്.
ഇതിന് കേരളത്തില്‍ പ്രോട്ടോകോള്‍ നിലവിലുണ്ട്. നെടുങ്കണ്ടം കസ്‌റ്റഡി മരണവുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട ജസ്‌റ്റിസ് നാരായണക്കുറുപ്പ് കമ്മിഷനാണ് കസ്‌റ്റഡിയിലിരിക്കെ വ്യക്‌തി പോലീസ് മര്‍ദനത്തിന് ഇരയായിട്ടില്ലെന്നു തെളിയിക്കുന്ന പരിശോധനകള്‍ മെഡിക്കല്‍ ഓഫീസര്‍ നടത്തണമെന്നു നിര്‍ദേശിച്ചത്. അറസ്‌റ്റിലായി മെഡിക്കല്‍ പരിശോധനയ്‌ക്കു ഹാജരാകുന്ന വ്യക്‌തിയുടെ വൃക്ക, കരള്‍ തുടങ്ങി ആന്തരാവയങ്ങള്‍ക്കു ക്ഷതമേറ്റിട്ടില്ലെന്നു കണ്ടെത്താനുള്ള വിശദമായ ദേഹപരിശോധന നടത്തണമെന്ന സര്‍ക്കുലര്‍ 2021 ജൂണ്‍ നാലിനു സംസ്‌ഥാന ഡയറക്‌ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ഇറക്കിയിരുന്നു.
ജെബി പോള്‍