Friday, March 13, 2026 Last Updated 13 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 12 Jan 2026 12.15 PM

‘അതുല്യ കലാകാരൻ കലാഭവൻ മണി വിടപറഞ്ഞിട്ട് 10 വർഷം;സർക്കാർ അധികാരത്തിലേറിയിട്ടും 10 വര്‍ഷം; തറക്കല്ലില്‍ നിന്നുയരാതെ മണിക്കുള്ള സ്മാരകം...’ കുറിപ്പുമായി സംവിധായകന്‍ വിനയന്‍

മികച്ച കഥാപാത്രങ്ങളിലൂടെയും നാടന്‍ പാട്ടുകളിലൂടെയും കലാഭവന്‍ മണിയെന്ന കലാകാരന്‍ പ്രേക്ഷകരുടെ മനസ്സിലിന്നും നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ മണി വിടപറഞ്ഞിട്ട് 10 വര്‍ഷം കഴിഞ്ഞിട്ടും താരത്തിനായി നിര്‍മ്മിക്കാനൊരുങ്ങുന്ന സ്മാരകം തറക്കല്ലില്‍ തന്നെ തുടരുകയാണെന്ന് കുറിക്കുകയാണ് സംവിധായകന്‍ വിനയന്‍.
 Kalabhavan Mani, Director Vinayan
Director Vinayan about Kalabhavan Mani (Image Source: Facebook)

മലയാളി ഒരിക്കലും മറക്കാത്ത പേരുകളിലൊന്നാണ് കലാഭവന്‍ മണിയുടേത്. ഇന്നും മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ് കലാഭവന്‍ മണി. പാട്ടുകൡലൂടേയും സിനിമകളിലൂടേയുമൊക്കെയായി മണി ഇന്നും നമുക്കൊപ്പമുണ്ട്. കലാഭവന്‍ മണി വിട പറഞ്ഞിട്ട് പത്ത് വര്‍ഷം പിന്നിടുകയാണ്. മണിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന് സ്മാരകം പണിയുമെന്ന് ഇടതുപക്ഷം പറഞ്ഞിരുന്നു. പത്ത് വര്‍ഷത്തിനിപ്പുറവും ആ സ്മാരകം പൂര്‍ത്തിയായിട്ടില്ലെന്നാണ് സംവിധായകന്‍ വിനയന്‍ പറയുന്നത്. പരാതി വന്നപ്പോള്‍ ആറ് മാസം മുമ്പ് തറക്കല്ലിട്ടു. പിന്നീട് ഒരു അനക്കവുമുണ്ടായില്ലെന്നും വിനയന്‍ ആരോപിക്കുന്നു.
ഇപ്പോഴിതാ കലാഭന്‍ മണി വിടവാങ്ങി പത്ത് വര്‍ഷമായിട്ടും ‌ജന്മനാട്ടിലൊരു സ്‌മാരകം എന്ന വാ‌ഗ്‌ദാനം നടപ്പിലായില്ലെന്ന് പറയുകയാണ് സംവിധായകന്‍ വിനയന്‍. പത്ത് വർഷത്തിന് മുന്നേ ഇടത് പക്ഷമായിരുന്നു സ്മാരകം പണിയുമെന്ന് പറഞ്ഞിരുന്നത് എന്നാൽ ഇത് നടപ്പായിലെന്ന് ചൂണ്ടിക്കാണിക്കുകയാണ് സംവിധായകൻ വിനയൻ. ഇതൊരു തികഞ്ഞ അവജ്ഞയാണെന്നും വിനയൻ പറയുന്നു.
‘‘കലാഭവൻ മണി എന്ന അതുല്യ കലാകാരൻ വിടപറഞ്ഞിട്ട് പത്തു വർഷം ആകുന്നു...മണിക്കൊരു സ്മാരകം ഉടനെ നിർമ്മിക്കുമെന്നു പറഞ്ഞ ഇടതുപക്ഷ സർക്കാർ അധികാരത്തിലേറിയിട്ടും അതേ കാലയളവാകുന്നു പത്തു വർഷം...വിളംബരം മാത്രമേ ഉള്ളു ഒന്നും നടന്നില്ല എന്ന വലിയ പരാതി വന്നപ്പോൾ ആറുമാസം മുൻപ് സർക്കാർ ചാലക്കുടിയിൽ ഒരു തറക്കല്ലിട്ടു...പക്ഷേ പിന്നീടൊരു അനക്കവുമില്ല...
എന്തു ന്യായം പറഞ്ഞാലും ഇതൊരു തികഞ്ഞ അവജ്ഞയാണ്...കലാഭവൻ മണിയെ പോലുള്ള കലാകാരന്മാരുടെ ജന്മങ്ങൾ അപൂർവ്വമാണ്... സിനിമയിൽ മണി അവതരിപ്പിച്ച വ്യത്യസ്ത കഥാപാത്രങ്ങളേയും...നാടൻ പാട്ടിലും മിമിക്രിയിലും മറ്റും മണിക്കുള്ള അതുല്യമായ കഴിവിനെയും അപഗ്രഥിക്കുന്ന ആർക്കും അങ്ങനെ മാത്രമേ മണിയെ വിലയിരുത്താനാകൂ...
അതിലൊക്കെ ഉപരിയായി സാമൂഹ്യ പരമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന അവസ്ഥയിൽ ജനിക്കുകയും ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും നടുവിൽ വളരുകയും ചെയ്ത മണി...താനെന്തെങ്കിലും ആയിക്കഴിഞ്ഞപ്പോൾ ആ വന്ന വഴികളൊന്നും മറക്കാതെ പാവപ്പെട്ടവനെ ഉള്ളഴിഞ്ഞു സഹായിക്കാൻ മനസ്സു കാണിച്ചു എന്നതാണ് ആ ജന്മത്തിന്റെ മറ്റൊരപൂർവത...
മരിക്കുന്നതിനു മുൻപ് തിരഞ്ഞെടുപ്പുകളിൽ പോലും ഇടതു പക്ഷം പ്രചാരണത്തിനായി മണിയുടെ സഹായം തേടിയിട്ടുണ്ട്...കാലാവധി തീരുന്നതിനു മുൻപ് എത്രയും വേഗം സർക്കാർ ആ സ്മാരകം പൂർത്തിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു...’’ എന്നാണ് വിനയന്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്. കലാഭവന്‍ മണിക്കൊപ്പമുള്ള ചിത്രം പങ്കിട്ടാണ് വിനയന്റെ കുറിപ്പ്. നിരവധി പേര്‍ വിനയന്റെ കുറിപ്പിനെ പിന്തുണച്ച് കമന്റുകള്‍ കുറിക്കുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW