Friday, March 13, 2026 Last Updated 15 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.37 PM

റുപ്പി കോസ്‌റ്റ്‌ ആവറേജിംഗ്‌

നിക്ഷേപം തുടങ്ങാനുള്ള ആവേശം പലരും അത്‌ തുടര്‍ന്ന്‌ കൊണ്ടുപോകാന്‍ കാണിക്കാറില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം.
പ്രത്യേകിച്ച്‌ ഓഹരി അധിഷ്‌ഠിത നിക്ഷേപങ്ങള്‍. ഒരു ആവേശത്തിന്റെ പുറത്ത്‌ ചെയ്യേണ്ട നിക്ഷേപമല്ല അത്‌, മറിച്ച്‌ ചിന്തിച്ച്‌ അവശ്യസമയത്ത്‌ വേണ്ട മാറ്റങ്ങള്‍ വരുത്തി നിക്ഷേപം തുടര്‍ന്ന്‌ കൊണ്ടുപോകേണ്ടത്‌ അത്യാവശ്യമാണ്‌. ഓഹരി വിപണി ചാഞ്ചാട്ടങ്ങള്‍ക്ക്‌ വിധേയമാണ്‌ എന്നത്‌ അറിവുള്ള കാര്യമാണ്‌. ഇത്‌ എങ്ങനെ നേട്ടമായി എടുക്കാം എന്നാണ്‌ പരിശോധിക്കേണ്ടത്‌.
ഓഹരിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങള്‍ ഒന്ന്‌ നേരിട്ട്‌ ഓഹരികള്‍ വാങ്ങുന്നതും രണ്ടാമത്തേത്‌ മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപം നടത്തുന്നതുമാണ്‌. നിക്ഷേപം രണ്ടു രീതിയിലാണ്‌ നടക്കുന്നത്‌ എങ്കിലും അടിസ്‌ഥാനപരമായ നിക്ഷേപം ഓഹരി ആയതുകൊണ്ട്‌ വിപണിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ രണ്ടുതരം നിക്ഷേപത്തെയും ബാധിക്കും എന്നത്തില്‍ തര്‍ക്കമില്ല. ആഘാതം എത്രമാത്രം ഉണ്ടാകും എന്നതിലാണ്‌ വ്യത്യാസം. നേരിട്ടുള്ള ഓഹരി നിക്ഷേപം എന്ന്‌ പറയുമ്പോള്‍ ഇതിലുള്ള ഓഹരികളിലെ എണ്ണത്തില്‍ പരിമിതികള്‍ ഉണ്ട്‌ എന്നത്‌ യാഥാര്‍ത്ഥ്യമാണ്‌. എന്നാല്‍ മ്യൂച്ചല്‍ ഫണ്ടില്‍ ഒരു സ്‌കീം തിരഞ്ഞെടുക്കുമ്പോള്‍ തന്നെ 30 സ്‌റ്റോക്കുകള്‍ക്ക്‌ മുകളില്‍ ഉണ്ടാകും എന്നത്‌ ഉറപ്പാണ്‌. അതായത്‌ നിക്ഷേപ തുക എത്ര ചെറുതാണെങ്കിലും അത്‌ ആ സ്‌കീമിലെ മുഴുവന്‍ ഓഹരികളിലും ഇടുന്നതിന്‌ തുല്യമാണ്‌.
ഓഹരികളില്‍ നേരിട്ട്‌ നിക്ഷേപിക്കുമ്പോള്‍ നിക്ഷേപിച്ച ഓഹരികള്‍ നേട്ടം തരുക മാത്രമല്ല നഷ്‌ടം നല്‍കാനും സാധ്യതയുണ്ട്‌. എന്നാല്‍ ആ ഓഹരി വില്‍ക്കുമ്പോള്‍ മാത്രമാണ്‌ യഥാര്‍ത്ഥത്തില്‍ നഷ്‌ടമായി കണക്കാക്കാന്‍ പാടുള്ളു.
നഷ്‌ടം നേരിട്ട ഓഹരി വാങ്ങിയ വിലയേക്കാള്‍ കുറഞ്ഞ തുകയില്‍ നില്‍ക്കുന്ന ഓഹരി വില്‍ക്കുന്നില്ല എങ്കില്‍ പിന്നീട്‌ ഓഹരി വിപണി മെച്ചപ്പെടുന്ന സമയത്ത്‌ ഈ ഓഹരികളുടെ വിലയും ഉയര്‍ന്നു വരുന്ന സാഹചര്യമുണ്ടാവുകയും, ലാഭത്തിലേക്ക്‌ എത്താനുള്ള സാഹചര്യം ഉണ്ടാകാന്‍ ഇടയാവുകയും ചെയ്യും.
എന്നാല്‍ ഒരു മികച്ച നിക്ഷേപകന്‍ എന്ന നിലയില്‍ വിലയിടിവ്‌ നേരിട്ട ഓഹരി നിക്ഷേപത്തെ നോക്കി നെടുവീര്‍പ്പിടുകയല്ല വേണ്ടത്‌. അതൊരു നിക്ഷേപാനുയോജ്യ സമയമായി കണക്കാക്കി കൂടുതല്‍ തുക ഈ ഓഹരിയില്‍ നിക്ഷേപിക്കുകയാണ്‌ വേണ്ടത്‌. ഇത്തരത്തില്‍ വില കുറയുന്നതിനനുസരിച്ച്‌ ഓഹരികള്‍ വാങ്ങുമ്പോള്‍ ശരാശരി വില കുറയുകയും പിന്നീട്‌ ഓഹരികള്‍ പഴയ വിലയിലേക്ക്‌ തിരിച്ചു വരുമ്പോള്‍ മികച്ച നേട്ടം ഉണ്ടാക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
ഒരു ഉദാഹരണത്തിലൂടെ കാര്യം വ്യക്‌തമാക്കാം. ഓഹരി വിപണിയില്‍ 100 രൂപ വിലയുള്ള ഒരു കമ്പനിയുടെ ഓഹരി ഒരെണ്ണം വാങ്ങി എന്നു കരുതുക. ഈ ഓഹരിയുടെ മൂല്യം പിന്നീട്‌ കുറഞ്ഞ 50 രൂപയായി എന്ന്‌ കരുതുക. ആ സമയത്ത്‌ ഉണ്ടായ 50 രൂപയുടെ നഷ്‌ടം കാര്യമായി എടുക്കാതെ ഒരു ഓഹരി കൂടി വാങ്ങുകയാണെങ്കില്‍ ആകെയുള്ള രണ്ട്‌ ഓഹരിക്കും കൂടിയുള്ള ശരാശരി വില എന്നത്‌ 75 രൂപ ആയിരിക്കും. പിന്നീട്‌ ഈ ഓഹരി അതിന്റെ പഴയ വില എത്തുമ്പോള്‍ 25 രൂപ ലാഭം ഉണ്ടാകും.ഇത്തരത്തിലാണ്‌ റുപ്പി കോസ്‌റ്റ്‌ ആവറേജിംഗ്‌ നടക്കുന്നത്‌.
അതേസമയം ഒരു കാര്യവും ചെയ്യാതെ നിക്ഷേപിച്ചിരുന്നെങ്കില്‍ 100 രൂപ എത്തുമ്പോള്‍ നഷ്‌ടം മാറുക മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. എല്ലാ ഓഹരികളിലും ഇക്കാര്യം നടന്നു എന്ന്‌ വരില്ല. അതുകൊണ്ട്‌ ഇത്തരത്തില്‍ ഓഹരികള്‍ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. ആദ്യം തന്നെ ഒരു ഓഹരി എന്തുകൊണ്ടാണ്‌ വില കുറഞ്ഞുപോയത്‌ എന്ന്‌ മനസ്സിലാക്കുക. അടിസ്‌ഥാനപരമായി ഈ കമ്പനി മികച്ചതാണ്‌ എന്ന്‌ ഉറപ്പുവരുത്തിയിട്ട്‌ വേണം കൂടുതല്‍ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍.
ഏതെങ്കിലും നിലവാരമില്ലാത്ത കമ്പനികളുടെ ഓഹരികള്‍ വില കുറയുന്നതിനനുസരിച്ച്‌ വാങ്ങിയാല്‍ വന്‍ സാമ്പത്തിക നഷ്‌ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്‌.
അതുകൊണ്ട്‌ നിക്ഷേപം തിരഞ്ഞെടുക്കുമ്പോള്‍ തന്നെ മികച്ച കമ്പനികളുടെ ഓഹരികള്‍ തന്നെ വാങ്ങാന്‍ ശ്രമിക്കുക. ഒരിക്കല്‍ ആവറേജിങ്‌ ചെയ്‌ത ഓഹരികള്‍ തിരിച്ചു വരവ്‌ തുടങ്ങുകയാണ്‌ എങ്കില്‍ ആവശ്യമെങ്കില്‍ വീണ്ടും പലഘട്ടങ്ങളില്‍ ആയി വാങ്ങുന്നതും നല്ലതാണ്‌. എന്നാല്‍ മുഴുവന്‍ നിക്ഷേപവും ഒരു ഓഹരിയില്‍ മാത്രം ഒതുങ്ങി പോകാതിരിക്കാന്‍ ഉള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ ഈ റുപീകോസ്‌റ്റ്‌ ആവറേജിങ്‌ പ്രധാനമാണ്‌. അതിനു സഹായിക്കുന്ന നിക്ഷേപരീതിയാണ്‌ എസ്‌ഐപി. ഈ രീതിയില്‍ നിക്ഷേപിക്കുമ്പോള്‍ ഓഹരി വിപണിയിലെ ഉയര്‍ച്ച താഴ്‌ചകളെ പരിഗണിക്കാതെ നിശ്‌ചിത ഇടവേളകളില്‍ തുടര്‍ച്ചയായി നിക്ഷേപം നടത്തുന്നു. ഇതിന്‍റെ ഫലം ഒരു ശരാശരി വില നിക്ഷേപത്തിന്‌ ലഭിക്കുന്നു. വിപണിയില്‍ ഉയര്‍ച്ച മാത്രമല്ല താഴ്‌ചയും ഉണ്ടാകുന്നത്‌ കൊണ്ട്‌ തന്നെ ശരാശരി വില കുറഞ്ഞു നില്‍ക്കുകയും നിക്ഷേപത്തിന്‌ കൂടുതല്‍ മെച്ചം കിട്ടാന്‍ സഹായിക്കുക ചെയ്യും. ഇത്‌ വിപണിയിലെ ചാഞ്ചാട്ടം കൊണ്ട്‌ നിക്ഷേപത്തില്‍ ഉണ്ടാകാന്‍ ഇടയുള്ള ആഘാതം കുറയ്‌ക്കാന്‍ സഹായിക്കും. ദീര്‍ഘകാല ജീവിത ലക്ഷ്യങ്ങള്‍ക്ക്‌ വേണ്ടി നിക്ഷേപിക്കുമ്പോള്‍ എസ്‌ഐപി പോലുള്ള നിക്ഷേപങ്ങള്‍ മികച്ച നേട്ടം നല്‍കാന്‍ സാധ്യതയുണ്ട്‌ എന്ന്‌ പറയുന്നത്‌ ഈ റുപ്പി കോസ്‌റ്റ്‌ ആവറേജിങ്‌ എന്ന കാര്യത്തിന്റെ പിന്‍ബലത്തിലാണ്‌.
വിപണിയെ കുറിച്ച്‌ അറിവുള്ളവര്‍ക്കും തുടക്കക്കാര്‍ക്കും ഈ രീതി ഉപയോഗിക്കുക വഴി അച്ചടക്കത്തോടെയുള്ള നിക്ഷേപം നടത്തുന്നതോടൊപ്പം വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും സാമ്പത്തിക സമാഹരണം നടത്താന്‍ സഹായിക്കും.

ജിബിന്‍ ജോണ്‍

Ads by Google
Sunday 11 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW